Trending

കെയർ എഫ് എം കമ്മ്യൂണിറ്റി റേഡിയോ ലോഗോ പ്രകാശനം ചെയ്തു.

പൂനൂർ:കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴില്‍ കമ്യൂണിറ്റി റേഡിയോ സ്‌കീം പ്രകാരം കോഴിക്കോട് ജില്ലയിൽ ആദ്യമായി  അനുവദിക്കപ്പെട്ട കമ്മ്യൂണിറ്റി റേഡിയോ കെയർ എഫ് എം 89.6 ഈ വർഷാവസാനത്തോടെ പ്രവർത്തനമാരംഭിക്കും.

ഭിന്നശേഷിമേഖലയെ മുഖ്യലക്ഷ്യമാക്കി  കഴിഞ്ഞ 13 വർഷമായി  പൂനൂർ കേന്ദ്രമായി  ജീവകാരുണ്യരംഗത്ത് പ്രവർത്തിച്ചു വരുന്ന ഹെൽത്ത് കെയർ  ഫൗണ്ടേഷനാണ് കമ്മ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചത്. ഭിന്നശേഷി മേഖലയിലെ പരിപാടികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യ റേഡിയോ സ്റ്റേഷന്‍ കൂടിയായിരിക്കും ഇത്. വാല്യു വേവ്‌സ് എന്ന പേരില്‍ ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട പരിപാടികളും ആര്‍ട് വേവ്‌സ് എന്ന പേരില്‍ വിനോദ പരിപാടികളും ഇന്‍ഫോ വേവ്‌സ് എന്ന പേരില്‍ വിജ്ഞാന പരിപാടികളും കെയര്‍ എഫ് എം അവതരിപ്പിക്കും. 

റേഡിയോ നിലയത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ കൊച്ചിയിൽ വെച്ച്  നിര്‍വഹിച്ചു. കെയര്‍ എഫ് എം ഡയരക്ടര്‍മാരായ സി കെ എ ഷമീര്‍ ബാവ, ടി എം താലിസ്, ടി എം ഹക്കീം മാസ്റ്റര്‍, സമദ് പാണ്ടിക്കല്‍, ഹക്കീം പുവ്വക്കോത്ത്, സൈതലവി, പ്രോഗ്രാം ഹെഡ് ആര്‍ ജെ നന്ദ, മാര്‍ക്കറ്റിംഗ് ഹെഡ് സൈഫുദ്ദീന്‍ വെങ്ങളത്ത്, കൊച്ചിൻ റേഡിയോ സ്റ്റേഷൻ ഡയരക്ടർ കൃഷ്ണകുമാർ  തുടങ്ങിയവർ  സംബന്ധിച്ചു. 

റേഡിയോ സ്റ്റേഷന്‍ ട്രയല്‍ സംപ്രേഷണം 2023 സെപ്തംബറില്‍ ആരംഭിക്കും. പുതുവല്‍സര രാവില്‍ കെയര്‍ എഫ്.എം 89.6 നാടിന് സമര്‍പ്പിക്കും. എഫ്. എം റസീവര്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയും റേഡിയോ പരിപാടികള്‍ ശ്രോതാക്കള്‍ക്ക് ലഭിക്കും.200ലധികം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും മാനസിക വെല്ലുവിളി നേരിടുന്ന 50ല്‍ പരം സഹോദരങ്ങള്‍ക്കും സ്‌പെഷ്യല്‍ സ്‌കൂള്‍, കമ്യൂണിറ്റി സെന്റര്‍ എന്നിവ വഴി 13 വര്‍ഷമായി കാരുണ്യതീരം കാമ്പസ് തണലൊരുക്കി വരുന്നു. കേരളത്തിലൂടനീളം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സജ്ജരായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമും കാരുണ്യതീരം കാമ്പസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. 

ഭിന്നശേഷി വിഭാഗത്തില്‍ പെടുന്നവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് അഞ്ച് ഏക്കറില്‍ ഒരുങ്ങുന്ന കെയര്‍ വില്ലേജ്, കേരള സര്‍ക്കാറിന്റെ സഹകരണത്തോടെ തെരുവില്‍ അനാഥരായ 50 ഭിന്നശേഷി സഹോദരങ്ങള്‍ക്ക് താമസവും പരിശീലനവും നല്‍കുന്ന പ്രതീക്ഷാഭവന്‍ എന്നിവ ഫൗണ്ടേഷന്റെ പുതിയ കാല്‍വെപ്പുകളാണ്.
Previous Post Next Post
3/TECH/col-right