തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമായിരിക്കും.ഇന്ന് പുലർച്ചെ 4.25 ഓടെ ബംഗളൂരുവിലെ ഹെൽത്ത് കെയർ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടിയുടെ മരണം.
മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. കോൺഗ്രസ് നേതാക്കൾ ബെംഗളുരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജനസമ്പർക്ക പരിപാടിയടക്കമുള്ള പരിപാടികളിലൂടെയും ജനങ്ങൾക്കിടയിലുള്ള വിശ്രമമറിയാത്ത പ്രവർത്തനങ്ങളിലൂടെയും കേരളം കണ്ട ഏറ്റവും ജനകീയരായ ഭരണാധികാരികളില്‍ മുന്‍നിരയിലുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതല്‍ ദിവസം നിയമസഭാ സാമാജികനായിരുന്നു. 2004-2006, 2006-2011 വര്‍ഷങ്ങളില്‍ രണ്ട് തവണകളിലായി ഏഴു വര്‍ഷം കേരള മുഖ്യമന്ത്രിയായി.
നിലവിൽ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധിയായ അദ്ദേഹം ഈയിടെയാണ് സഭയിൽ അൻപത് വർഷം പിന്നിട്ടത്.തൊഴില്‍വകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
Tags:
KERALA