എളേറ്റിൽ:നിരോധിത പ്ലാസ്റ്റിക്കിന്റെ പേരിൽ കോഴിക്കോട് ജില്ലാ വേസ്റ്റ് മാനേജ്മെന്റ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാർഡിന്റെയും,കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടറുടെയും നേതൃത്വത്തിൽ എളേറ്റിൽ വട്ടോളി അങ്ങാടിയിലെ കടകളിൽ പരിശോധന നടത്തി.
പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ലെന്ന് മന്ത്രി എം. ബി. രാജേഷ് നൽകിയ ഉറപ്പ് നിലനിൽക്കെ ഉദ്യോഗസ്ഥരുടെ ഈ പരിശോധന വ്യാപാരികളുടെയും, നാട്ടുകാരുടെയും പ്രതിഷേധതിനിടയാക്കി.
ജില്ലാ വേസ്റ്റ് മാനേജ്മെന്റ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാർഡ് ലീഡർ അനിൽ, ഡെസ്‌നി, പത്മകുമാർ,കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ഷിജില എൻ. കെ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടത്തിയത്. വിവിധ കടകളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, തെർമോക്കോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് അടങ്ങിയ ജ്യൂസ് ഗ്ലാസ്സുകൾ എന്നിവ പിടിച്ചെടുത്ത് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.ഇതേത്തുടർന്ന് മീൻ കടകളിൽ നിന്ന്പോലും കച്ചവടക്കാർ മീൻ പേപ്പറിൽ പൊതിഞ്ഞാണ് കൊടുക്കുന്നത്.
അതേ സമയം ഇത്തരം പ്ലാസ്റ്റിക് ഉത്പാദന ഉറവിടം കണ്ടെത്തി നടപടിയെടുക്കാതെയും, ലൈസ് പോലെയുള്ള പ്ലാസ്റ്റിക് പാക്കുകളിൽ ഉത്പന്നങ്ങൾ എത്തിക്കുന്ന കുത്തക കമ്പനികൾക്കെതിരെ യാതൊരുവിധ നടപടിയുമില്ലാതെയും ചെറുകിട കച്ചവടക്കാർക്ക് ഭീമമായ പിഴ ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ആശാസ്ത്രീയമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് എളേറ്റിൽ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.