Trending

പന്നിക്കോട്ടൂർ ഗവ: ആയുർവ്വേദ ആശുപത്രിയിൽ പുതിയ മെഡിക്കൽ ഓഫീസർ തസ്തിക അനുവദിച്ചു: ഡോ.എം.കെ.മുനീർ എം.എൽ.എ

കൊടുവള്ളി: നരിക്കുനി ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ ഗവ: ആയുർവ്വേദ ആശുപത്രിയിൽ പുതിയതായി ഒരു മെഡിക്കൽ ഓഫീസർ തസ്തിക  കൂടി സർക്കാർ അനുവദിച്ചതായി ഡോ.എം.കെ.മുനീർ എം.എൽ.എ അറിയിച്ചു. ജില്ലയിലെ തന്നെ തിരക്ക് കൂടിയ സർക്കാർ ആയുർവ്വേദ ആശുപത്രിയായ പ്രസ്തുത ആശുപത്രിയിൽ ഒരു മെഡിക്കൽ ഓഫീസറും നാഷണൽ ആയുഷ് മിഷൻ പദ്ധതിയുടെ ഭാഗമായി താൽക്കാലികമായി അനുവദിച്ചിരുന്ന ഒരു ആയുർവേദ ഡോക്ടറുമായിരുന്നു നിലവിലുണ്ടായിരുന്നത്.മേൽ രണ്ട് ഡോക്ടർമാരെ കൂടാതെയാണ് ഒരു സ്ഥിരം തസ്തിക കൂടി ഇപ്പോൾ ലഭിച്ചിട്ടുള്ളത്.

പന്നിക്കോട്ടൂർ ആശുപത്രിയിൽ ഒ.പി. യിൽ നിരവധി രോഗികളാണ് ദിവസേന ചികിത്സ തേടിയെത്തുന്നത്. 10 കിടക്കകളുള്ള ഐ.പി.സൗകരുമാണ് ആശുപത്രിയിലുള്ളത്. ഡോക്ടർമാരുടേയും  മെയിൽ തെറാപ്പിസ്റ്റ് അടക്കമുള്ള അനുബന്ധ ജീവനക്കാരുടെയും അപര്യാപ്തത രോഗികൾക്ക് പ്രയാസം നേരിടുന്നത് നിരവധി തവണ ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

സ്ഥാനക്കയറ്റം മൂലം ഒഴിവ് വന്ന സീനിയർ മെഡിക്കൽ ഓഫീസർ തസ്തികയിലും പുതിയതായി അനുവദിച്ച മെഡിക്കൽ ഓഫീസർ തസ്തികയിലും ഉടൻ നിയമനം നടത്തുന്നതിനും എൻ.എ.എം പദ്ധതിയുടെ ഭാഗമായി അനുവദിച്ചിരുന്ന ഡോക്ടറുടെ ഒഴിവ് നികത്തുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതായും ഡോ.എം.കെ.മുനീർ എം.എൽ.എ അറിയിച്ചു.

ആശുപത്രിയുടെ ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതിനുള്ള പുതിയ കെട്ടിട നിർമ്മാണത്തിൻ്റെ മാസ്റ്റർ പ്ലാൻ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം തയ്യാറാക്കി സമർപ്പിച്ചതായും ബഡ്ജറ്റിൽ തുക വകയിരുത്തിയ പ്രസ്തുത കെട്ടിട നിർമ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നതായും എം.എൽ.എ.അറിയിച്ചു.
Previous Post Next Post
3/TECH/col-right