Trending

വില്യാപള്ളി ഇബ്റാഹിം മുസ്ലിയാരെ നമുക്ക് നഷ്ടമാകുമ്പോൾ:ഡോ. ഇസ്മാഈൽ മുജദ്ദിദി

'ഞാൻ കിതാബാണ് വായിക്കുന്നത്, നല്ലോണം കേട്ടോണേ'... എന്ന് പറഞ്ഞ് കൊണ്ട് ഫിഖ്ഹ് ഗ്രന്ധങ്ങൾ വയള് സദസുകളിൽ ഓതിക്കൊടുത്തിരുന്ന വില്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാരുടെ പ്രസംഗങ്ങൾ കൗമാരകാലത്ത് തന്നെ വലിയ കൗതുകം പകർന്നിരുന്നു. പ്രാദേശിക ശൈലിയിലുള്ള അവതരണവും മസ്അലകൾ ഖണ്ഡിതമായി പറയാനുള്ള വൈദഗ്ദ്ധ്യവും ഉസ്താദിനുണ്ടായിരുന്നു. ശബ്ദഗാംഭീര്യവും സൂക്ഷ്മമായ അവതരണവും ഹഠാതാകർഷിച്ചു. 
മയ്യിത്ത് പരിപാലനം ഒരു മികച്ച പരിശീലകൻ്റെ ഭാവത്തിലും ശൈലിയിലും അവതരിപ്പിക്കുന്നത് കാരണം സദസിൽ മിനിമം ബോധമുള്ളവർക്കെല്ലാം കാര്യങ്ങൾ നന്നായി ബോധിച്ചു.

ഹജ്ജ്, സക്കാത്ത്, നിസ്കാരം, തുടങ്ങിയ വിഷയങ്ങൾ സദസിൽ പറയുമ്പോൾ സൂക്ഷ്മവും കൃത്യവുമായ അവതരണ ചാരുതയുണ്ടായിരുന്നു. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളികളിലെത്താൻ മനസ് എപ്പോഴും കൊതിച്ചു. നാടൻ പ്രയോഗങ്ങളും നാട്ടുഭാഷയും കടന്നു വരുന്ന പ്രസംഗങ്ങൾ രസകരമായ ദർസാക്കി വയള് വേദികളെ മാറ്റി. ലാളിത്യത്തിൻ്റെ പ്രതീകമായിരുന്ന ഉസ്താദിന് ആളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ സംസാരിക്കാൻ സാധിച്ചു. സ്ഥാനങ്ങളോ പദവികളോ അലങ്കാരമായി കരുതാതെ സമൂഹത്തിലെ അനാവശ്യ വാദ വിദണ്ഡങ്ങളിൽ നിന്നകന്നാണ് എന്നും കഴിഞ്ഞു പോന്നത്.

സ്ഥിരമായി ഉസ്താദ് സംബന്ധിച്ചിരുന്ന കൊയിലാണ്ടി ബദരിയ കോളേജിലെ വാരാന്ത്യ ക്ലാസുകളിൽ വലിയ ജനപങ്കാളിത്തമായിരുന്നു. അങ്ങനെ നിരവധി ക്ലാസുകൾ...മത പ്രഭാഷണ സദസുകൾ...തിരക്കൊഴിയാത്ത പണ്ഡിത കേസരി...സമസ്ത മുശാവറ അംഗമായി 40 വർഷത്തോളം നിരവധി പണ്ഡിത പ്രതിഭകൾക്കൊപ്പം വേദി പങ്കിട്ട അപൂർവം പണ്ഡിതരിലൊരാളായ ഉസ്താദ് മലാറക്കൽ പള്ളിയുടെ ജുമുഅ പ്രാരംഭകാലം തൊട്ട് (ഏകദേശം 45 വർഷം) അവിടത്തെ ഖാസിയായി തുടർന്ന് വരികയായിരുന്നു.

പട്ടിക്കാട് ജാമിഅയിലെ പ്രഥമ ബാച്ചിലെ സന്തതിയായിരുന്ന അവർ കണ്ണിയത്തും, ശംസുൽ ഉലമയും,കാളമ്പാടി ഉസ്താദും, ചെറുശേരി ഉസ്താദും വഴി നയിച്ച സരണിയിൽ ചാഞ്ചല്യമില്ലാതെ തുടർന്നു. നാഥൻ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
Previous Post Next Post
3/TECH/col-right