Trending

താമരശ്ശേരി-കാരാടി- വരട്ട്യാക്കല്‍ റോഡിലെ പുറമ്പോക്ക് നിര്‍ണയം:ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

താമരശ്ശേരി : താമരശ്ശേരി-കാരാടി- വരട്ട്യാക്കല്‍ റോഡിലെ പുറമ്പോക്ക് നിര്‍ണയം,ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.ക്രമക്കേടിന് ഉത്തരവാദികളായ സര്‍വേയും ഭൂരേഖയും വകുപ്പിലെ വിരമിച്ച സര്‍വേയര്‍ ടി.കെ ബാബുരാജുവിൻെറ പ്രതിമാസ പെൻഷനില്‍നിന്ന് 500 രൂപ വീതം തുല്യഗഡുക്കളായി അഞ്ച് വര്‍ഷത്തേക്ക് കുറവ് ചെയ്യാനും സര്‍വേയര്‍ കെ. റിജിലേഷിൻെറ രണ്ട് വാര്‍ഷിക ഇൻക്രിമെ ന്റ് തടയാനുമാണ് ഉത്തരവ്.

ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് 2019ല്‍ താമരശ്ശേരി താലൂക്ക് ഓഫീസ്, കൊടുവള്ളി വില്ലേജ് ഓഫീസ്, കരുവാംപോയില്‍ പി.ഡബ്ല്യു.ഡി റോഡ് എന്നീ സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്. 

ഈ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി വില്ലേജില്‍ കരുവാംപോയില്‍ ദേശത്തിന്റെ 11ാം ഫീല്‍ഡ് നമ്പര്‍ ഉള്‍പ്പെടെ താമരശ്ശേരി-കാരാടി- വരട്ട്യാക്കല്‍ പി.ഡബ്ല്യു.ഡി റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിവാക്കിയതായി കണ്ടെത്തി. ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍, നഷ്ടപ്പെട്ട അതിര്‍ത്തിക്കല്ലുകള്‍ യഥാസ്ഥാനത്ത് സ്ഥാപിക്കുവാനും അങ്ങനെ സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കാനും നിര്‍ദേശിച്ചു. 

ഈ റോഡിന്റെ സര്‍വേ വിശദമായി പരിശോധിച്ച്‌ അത് കൃത്യമായി നടത്താതിരുന്ന താമരശ്ശേരി താലൂക്ക് ഓഫീസിലെ സര്‍വേയര്‍മാരായ കെ. റിജിലേഷ് ടി.കെ ബാബുരാജ് എന്നിവര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാൻ 2019 ല്‍ വിജിലൻസ് ഡയറക്ടര്‍ ശിപാര്‍ശ ചെയ്തിരുന്നു. അച്ചടക്ക നടപടിയെ തുടര്‍ന്ന് കുറ്റാരോപിതരായയ ഉദ്യോഗസ്ഥര്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചതിനാല്‍ ഔപചാരിക അന്വേഷണത്തിന് കോഴിക്കോട് അസി. ഡയറക്ടറെ ചുമതലപ്പെടുത്തി.

സര്‍വേയര്‍മാരായ റിജിലേഷ്, ബാബുരാജ് എന്നിവരെ നേരില്‍ കേട്ടു. അന്വേഷണത്തില്‍ സര്‍വേ അതിരടയാള ചട്ടം പാലിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് കണ്ടെത്തി. പബ്ലിക് സര്‍വീസ് കമീഷനും സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിച്ചു. താമരശ്ശേരി -കാരാടി -വരട്ട്യാല്‍ പി.ഡബ്ല്യു.ഡി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് റോഡ് പുറമ്പോക്ക് നിര്‍ണയത്തിലെ ക്രമക്കേടിന് ഉത്തരവാദികളായ വിരമിച്ച സര്‍വേയര്‍ ടി.കെ ബാബുരാജുവിനും സര്‍വേയര്‍ കെ. റിജിലേഷിനും എതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കിയാണ് ഉത്തരവ്.
Previous Post Next Post
3/TECH/col-right