പൂനൂർ : ഉണ്ണികുളം പഞ്ചായത്തിലെ പുതിയേടത്ത് മുക്ക് ഭാഗത്ത് വീടിന് പുറത്തേക്കിറങ്ങിയ യുവാവിന് തെരുവു നായയുടെ കടിയേറ്റു. പുതിയേടത്ത് മുക്ക് അലിയൻ കണ്ടി ജിതേഷ് കുമാറിന് (37) ആണ് തെരുവുനായയുടെ കടിയേറ്റത്.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. മുറ്റത്തേക്ക് ഇറങ്ങിയ ഉടനെ ഇരുട്ടിൽ മറഞ്ഞിരുന്ന നായ ചാടി കടിക്കുകയായിരുന്നു. ഏറെനേരം കൈയിൽ കടിച്ചുപിടിച്ച നായയെ ജിതേഷ് ഇടിച്ചു മാറ്റുകയായിരുന്നു. കൈയിലും കാൽമുട്ടിലും കടിയേറ്റതിനെ തുടർന്ന് ജിതേഷിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവസമയം ജിതേഷും പ്രായമായ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉണ്ണികുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
Tags:
POONOOR