കോഴിക്കോട്:അറ്റകുറ്റപ്പണികൾക്കായി സിഎച്ച് മേൽപാലം ജൂൺ 13 മുതൽ താൽക്കാലികമായി 60 ദിവസത്തേക്ക് അടച്ചിടും. ഇതു വഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. മേൽപാലം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയിൽ പൊലീസ്, അഗ്നിരക്ഷാ സേന, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെന്ന് പൊലീസ് ഡപ്യൂട്ടി കമ്മിഷണർ കെ.ഇ.ബൈജു അറിയിച്ചു.
ഗതാഗത നിയന്ത്രണത്തിൽ
വ്യാപാരികൾക്ക് പ്രശ്നങ്ങൾ ഉണ്ടെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതു പരിഹരിക്കാൻ ശ്രമിക്കും. 13 മുതൽ 60 ദിവസം നഗരത്തിൽ നിന്നു പടിഞ്ഞാറു ഭാഗത്തേക്കു ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇതിനായി 60 സേനാ അംഗങ്ങളെയും 60 സിവിൽ ഡിഫൻസ് സേനയെയും നിയമിക്കുമെന്ന് ഡപ്യൂട്ടി കമ്മിഷണർ അറിയിച്ചു.
കല്ലായി ഭാഗത്തു നിന്നു റെയിൽവേ സ്റ്റേഷൻ റോഡു വഴി ഗാന്ധി റോഡ് ഭാഗത്തേക്കു പോകുന്ന സിറ്റി ബസുകൾ ഒയിറ്റി റോഡ്, മോഡൽ സ്കൂൾ ജംഗ്‌ഷൻ, ക്രിസ്ത്യൻ കോളജ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് മേൽപാലം കയറി പോകണം.
ഗാന്ധി റോഡ് വഴി നഗരത്തിലേക്കുള്ള സിറ്റി ബസുകൾ ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി മലബാർ ക്രിസ്ത്യൻ കോളജ് കിഴക്കു വശം റോഡു വഴി വയനാട് റോഡിൽ കയറി നഗരത്തിൽ എത്തണം. പന്നിയങ്കര മാങ്കാവ് ഭാഗത്തു നിന്നു ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനം ഫ്രാൻസിസ് റോഡ് ഫ്ലൈ ഓവർ കയറി ബീച്ച് ഭാഗത്തേക്ക് പോകണം.
നഗരത്തിൽ നിന്നു കോടതി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പാളയം ജംഗ്‌ഷൻ കല്ലായി റോഡ്, ലിങ്ക് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് റെയിൽവേ മേൽപാലം വഴി വലിയങ്ങാടി എത്തിയോ, എൽഐസി ജംഗ്‌ഷൻ, വൈക്കം മുഹമ്മദ് ബഷീർ റോഡ് വഴി ഇടത്തോട്ട് തിരിഞ്ഞു രണ്ടാം ഗേറ്റ് വഴിയോ പോകണം.
നടക്കാവ് ഭാഗത്തു നിന്നു കോടതി, ബീച്ച് എന്നിവിടങ്ങളിലേക്കു പോകേണ്ടവർ ക്രിസ്ത്യൻ കോളജ് ജംഗ്‌ഷനിൽ നിന്നു ഗാന്ധി റോഡ് മേൽപാലം കയറി പോകണം. വയനാട് ഭാഗത്തു നിന്നും ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിറ്റിയിൽ പ്രവേശിക്കാതെ എരഞ്ഞിപാലം വഴി സരോവരം ജംഗ്‌ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞു ഗാന്ധി റോഡ് ഫ്ലൈ ഓവർ കയറി ബീച്ച് ഭാഗത്തേക്ക് പോകണം.
മലപ്പുറം, പാലക്കാട്, മെഡിക്കൽ കോളജ് ഭാഗത്തു നിന്നു ബീച്ച് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ സിറ്റിയിൽ പ്രവേശിക്കാതെ അരയിടത്തുപാലം വഴി സരോവരം ജംഗ്‌ഷനിൽ എത്തി ഇടത്തോട്ടു തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഓവർ കയറി ബീച്ച് ഭാഗത്തേക്കു പോകണം. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ റോഡ് വഴി കോർട്ട് റോഡിലേക്ക് വാഹനം തിരിച്ചു വിടുന്നതിനാൽ കിഡ്സൺ കോർണറിലെ ഓട്ടോ സ്റ്റാൻഡ് തൽക്കാലം മാറ്റും.
Tags:
KOZHIKODE