ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വനിത ഹജ്ജ് വിമാന സര്‍വീസ് നടത്തി സുപ്രധാന നാഴികക്കല്ല് കൈവരിച്ചു.145 സ്ത്രീ തീര്‍ഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിര്‍ണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളിലും പൂര്‍ണ്ണമായും വനിതാ ജീവനക്കാരാണ്.
ഹജ്ജ് കമ്മിറ്റിയുടെ സ്ത്രീ ശാക്തീകരണ ആശയം എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ സമത്വത്തിന്‍റെയും വൈവിധ്യത്തിന്‍റെയും അടിസ്ഥാന മൂല്യങ്ങളുമായി തികച്ചും യോജിക്കുന്നതാണ്. കാരണം എയര്‍ലൈനിന്‍റെ തൊഴില്‍ ശക്തിയില്‍ 50 ശതമാനവും സ്ത്രീകളാണ് എന്നതാണ് മറ്റൊരു വസ്തുത.
വനിതകള്‍ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം, ഐഎക്സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 18:45 ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം 22:45 ന് ജിദ്ദയില്‍ എത്തി. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസര്‍ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാര്‍. ബിജിത എം.ബി, ശ്രീലക്ഷ്മി, സുഷമ ശര്‍മ, ശുഭാംഗി ബിശ്വാസ് എന്നിവര്‍ ക്യാബിൻ ക്രൂ അംഗങ്ങളും.എയര്‍ ഇന്ത്യ എക്സ്പ്രസിലെ വനിതാ പ്രൊഫഷണലുകളാണ് നിര്‍ണായക ഗ്രൗണ്ട് ടാസ്‌ക്കുകള്‍ നിര്‍വഹിച്ചത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഓപ്പറേഷൻ കണ്‍ട്രോള്‍ സെന്‍ററില്‍ സരിതാ സലുങ്കെ വിമാനം മോണിറ്റര്‍ ചെയ്തു, അതേസമയം മൃദുല കപാഡിയ വിമാനത്തിന്‍റെ പുരോഗതി നിരീക്ഷിച്ചു. ലീന ശര്‍മ്മയും,നികിത ജവാൻജലും ഫ്ലൈറ്റ് ഡിസ്പാച്ച് കൈകാര്യം ചെയ്തു. നിഷ രാമചന്ദ്രൻ എയര്‍ക്രാഫ്റ്റ് മെയിന്‍റനൻസ് ചുമതലയുള്ള ഓണ്‍-ഡ്യൂട്ടി സര്‍വീസ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. രഞ്ജു ആര്‍ ലോഡ് ഷീറ്റ് പരിശോധിച്ച് ഒപ്പിട്ടു.
Tags:
KOZHIKODE