Trending

കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് അപകടം; പതിനൊന്ന് പേർക്ക് പരിക്ക്.

കോഴിക്കോട്: നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് പതിനൊന്ന് പേർക്ക് പരിക്ക്. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സിൻഡിക്കേറ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് കോട്ടൂളിയിൽ വെച്ച് ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്.

എതിർദിശയിലേക്ക് കയറിക്കൊണ്ടാണ് ബസ് മരത്തിലിടിക്കുന്നത്. ബസ് വരുന്നത് കണ്ട് സ്‌കൂൾ ബസിനായി കാത്തുനിന്ന കുട്ടികളുൾപ്പടെയുള്ളവരുമായി രക്ഷിതാക്കൾ ഓടിമാറുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു ഓട്ടോ പട്ടേരിയിൽ വെച്ച് യൂടേൺ എടുക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. ഇതേത്തുടർന്ന് പെട്ടന്ന് ബ്രേക്കിട്ടതാകാം അപകടകാരണമെന്നാണ് വിവരം.

ബ്രേക്ക് കിട്ടാതെ വന്നതോടെ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
സ്‌കൂളിലേക്കും ഓഫീസിലേക്കും പോകാനിറങ്ങിയവരായിരുന്നു ബസിൽ അധികവും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ ബസുകളിലെ ടയറുകളുടെയും മറ്റും പ്രശ്‌നങ്ങളെക്കുറിച്ച് വ്യാപക പരാതികളുയർന്നിരുന്നു. ഈ റൂട്ടിലോടുന്ന ബസുകളെല്ലാം അമിതവേഗത്തിലാണെന്നും നിരവധി പരാതികളുണ്ട്.
Previous Post Next Post
3/TECH/col-right