Trending

പരപ്പൻ പൊയിൽ - പുന്നശ്ശേരി - കാരക്കുന്നത്ത് റോഡ് നവീകരണം:സാങ്കേതിക അനുമതിക്കുള്ള അംഗീകാരം ലഭിച്ചു:ഡോ.എം.കെ.മുനീർ എം.എൽ.എ

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ സുപ്രധാന റോഡുകളിൽ ഒന്നായ പരപ്പൻ പൊയിൽ- പുന്നശ്ശേരി - കാരക്കുന്നത്ത് റോഡ്  നവീകരണ പ്രവൃത്തിക്ക് ഇന്നലെ (08.06.2023) തിരുവനന്തപുരത്ത് ചേർന്ന കേരള റോഡ് ഫണ്ട് ബോർഡ്  ടെക്നിക്കൽ സാങ്ഷൻ കമ്മിറ്റി യോഗത്തിൽ സാങ്കേതിക അനുമതി നൽകുന്നതിന് തീരുമാനമായതായി ഡോ.എം.കെ.മുനീർ എം.എൽ.എ അറിയിച്ചു. 

പരപ്പൻ പൊയിൽ മുതൽ കാരക്കുന്നത്ത് വരെയുള്ള 10 കി.മീ. റോഡ് നവീകരിക്കുന്നതിന് 2017, ജൂലായ് മാസത്തിൽ കിഫ്ബിയിൽ നിന്നും തത്വത്തിൽ ഭരണാനുമതി ലഭ്യമായിരുന്നെങ്കിലും, വിശദമായ പ്രൊജക്ട് റിപ്പോർട്ട് പ്രകാരം 45.27 കോടി രൂപയുടെ പ്രവൃത്തിക്ക് 15.12.2020 തിയതിയാണ് കിഫ്ബിയിൽ നിന്നും ധനകാര്യ അനുമതി ലഭിക്കുന്നത്. 

പിന്നീട്, സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടപടികൾ പുരോഗമിക്കാത്തതിനാൽ തുടർ നടപടികൾക്ക് കാലതാമസം നേരിടുകയുണ്ടായി.
10 മീറ്റർ വീതിയിൽ വിഭാവനം ചെയ്ത പ്രസ്തുത റോഡ് വീതി കൂട്ടൽ ആവശ്യമായ ഇടങ്ങളിൽ ഭൂവുടമകൾ സൗജന്യമായി സ്ഥലം വിട്ടു നൽകണമെന്നതായിരുന്നു (ഫ്രീ സറണ്ടർ) പദ്ധതിയുടെ വ്യവസ്ഥ. 

 പദ്ധതിക്കാവശ്യമായ സ്ഥലം സൗജന്യമായി ലഭ്യമാക്കുന്നതിന് സപ്പോർടിംഗ് കമ്മിറ്റികളും 5 ക്ലസ്റ്ററുകളും രൂപീകരിച്ച് പ്രവർത്തനം ത്വരിതപ്പെടുത്തുകയും പ്രദേശവാസികളുടേയും സന്നദ്ധ സംഘടനകളുടേയും നിർലോപമായ സഹകരണം കൊണ്ടും ഭൂമി ആവശ്യമായ ഇടങ്ങളിലുള്ള 513 സ്ഥലമുടമകളിൽ 87% ആളുകളും   ഭൂമി വിട്ടു നൽകുകയുണ്ടായി..

സാങ്കതിക അനുമതിക്ക് മാനദണ്ഡപ്രകാരം ലഭിക്കേണ്ടിയിരുന്ന ഭൂമി വിട്ടു നൽകി കൊണ്ടുള്ള റീലിഗ്വിഷ്മെൻ്റ് ഫോറം ലഭിച്ചതിനെ തുടർന്ന്, കെ.എസ്.ഇ.ബി, കേരള വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ യൂട്ടിലിറ്റി ഷിഫ്റ്റിoഗ് എസ്റ്റിമേറ്റ് കൂടി ഉൾപ്പെടുത്തി, ഫുൾ ഡപ്ത് റക്ലമേഷൻ (എഫ്.ഡി.ആർ) രീതിയിൽ റോഡ് നവീകരണത്തിന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി, 09.05.2023 തിയതി പദ്ധതിയുടെ സാങ്കേതിക അനുമതിക്കായി കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടർക്ക് സമർപ്പിച്ചു.

എസ്റ്റിമേറ്റുകളുടെ വിശദമായ പരിശോധനകൾക്ക് ശേഷം ചേർന്ന ടെക്നിക്കൽ സാങ്ഷൻ കമ്മിറ്റി യോഗം പദ്ധതിയുടെ സാങ്കേതിക അനുമതി നൽകുന്നതിന് തീരുമാനിച്ചു. 
ഉടൻ തന്നെ പ്രവൃത്തി ടെൻഡർ ചെയത് കരാറുകാരനെ തെരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകുമെന്നും എം.എൽ.എ അറിയിച്ചു.
പദ്ധതിക്ക് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകുന്നതിന് സന്നദ്ധരായ ഭൂവുടമകളെ പ്രത്യേകം അഭിനന്ദിക്കുന്നതായും, സ്ഥലമേറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച പ്രദേശത്തെ ജനപ്രതിനിധികൾ, സപ്പോർട്ടിംഗ് കമ്മിറ്റി, ക്ലസ്റ്റർ കമ്മിറ്റികൾ, സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ, സംഘടനാ പ്രവർത്തകർ, സുമനസ്സുകളായ പ്രദേശവാസികൾ തുടങ്ങിയവരുടെ സഹകരണത്തേയും പ്രവർത്തനങ്ങളെയും പ്രശംസിക്കുന്നതായും എം.എൽ.എ, ഡോ.എം.കെ.മുനീർ അറിയിച്ചു. പദ്ധതി പൂർത്തീകരണത്തിന് ആവശ്യമായ ബാക്കി ഭൂമി കുടി ലഭ്യമാക്കുന്നതിന് ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്നും അദ്ധേഹം അഭ്യർത്ഥിച്ചു.
Previous Post Next Post
3/TECH/col-right