Trending

ഈ മരണം കേരളം ചര്‍ച്ച ചെയ്യേണ്ടതായിരുന്നില്ലേ??

കോഴിക്കോട് ജില്ലയിലെ നരിക്കുനി - ബാലുശ്ശേരി റൂട്ടില്‍ ബൈക്കില്‍ യാത്ര ചെയ്യവേ റോഡരികിലെ മരം മുറിഞ്ഞ് വീണ് മരിച്ച ഉള്ളിയേരി എയുപി സ്കൂള്‍ അധ്യാപകന്‍ ശരീഫ് മാസ്റ്ററുടെ ദാരുണമായ വിട വാങ്ങല്‍ കേരളം ചര്‍ച്ച ചെയ്യേണ്ടതായിരുന്നില്ലേ??

തലേന്ന് ഉറക്കമിളച്ചിരുന്ന് സ്കൂളിലേക്കുള്ള ടൈംടേബിളും തയ്യാറാക്കി മടവൂരില്‍ നിന്നും ഉള്ളിയേരിയിലേക്ക് അതിരാവിലെ പോകവേയാണ് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകന്റെ ദാരുണാന്ത്യം. റോഡരികിലെ ഓടയില്‍ വീണ്  മരിച്ചതും സ്ലാബ് വീണ് മരിച്ചതുമെല്ലാം മുമ്പ് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെട്ടിട്ടുമുണ്ട്. വ്യക്തിയുടെ കുറ്റം കൊണ്ടല്ലാതെ പൊതു സ്ഥലത്തെ തകരാറുകള്‍ കൊണ്ടുള്ള ദുരന്തമായത് കൊണ്ടാണ് അവയെല്ലാം പൊതു മധ്യത്തില്‍ ചര്‍ച്ചയായി വന്നത്.

സര്‍ക്കാര്‍ ഭൂമിയില്‍ അപകടാവസ്ഥയില്‍ കിടന്ന മരം മുറിഞ്ഞുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദി ആരാണ്? ഈ മരം മുറിച്ച് മാറ്റുന്നതിനായി പ്രദേശവാസി പല തവണ പരാതിയുമായി പോയിട്ടുണ്ടെന്നാണ് അറിഞ്ഞത്. പരിസ്ഥിതി വാദികളുടെ സമ്മര്‍ദ്ധം കാരണമാണത്രേ മരം മുറിച്ച് മാറ്റാതിരുന്നത്. പരിസ്ഥിതി വാദമൊക്കെ നല്ലത്,ആവശ്യവുമാണ്. എന്നാല്‍ മനുഷ്യന്റെ ജീവന്‍ നശിപ്പിക്കുന്ന പരിസ്ഥിതി വാദത്തെ എന്ത് പറഞ്ഞാണ് ന്യായീകരിക്കാന്‍ കഴിയുക ?

മൂന്ന് പിഞ്ചു കുട്ടികളടങ്ങുന്ന ഷരീഫ് മാസ്റ്ററുടെ കുടുംബത്തെ ഇനി ആര് സംരക്ഷിക്കും? ജോലിയില്‍ പ്രവേശിച്ച് ആറ് വര്‍ഷം മാത്രം സര്‍വ്വീസുള്ള ഇദ്ദേഹത്തിന് ആനുകൂല്യമായി പോലും കാര്യമായൊന്നും ലഭിക്കില്ല. തന്റെ ജോലി നിര്‍വ്വഹിക്കാനുള്ള യാത്രയായതിനാല്‍ ശരീഫ് മാഷ് മരണപ്പെടുന്നത് ഔദ്യേഗിക കൃത്യ നിര്‍വ്വഹണത്തിനിടയിലാണ്. അത് കൊണ്ട് തന്നെ പൊതു സംവിധാനത്തില്‍ നിന്ന്  വലിയൊരു നഷ്ട പരിഹാരം  അനാഥമായ ഈ കുടുംബം അര്‍ഹിക്കുന്നു.

ദുരന്ത ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്  കിണറിലിറങ്ങി ശുചീകരണം നടത്തിയ അധ്യപികമാരെ കുറിച്ചുള്ള വാര്‍ത്തയാണ്. തിരുവനന്തപുരത്ത് നിന്ന് വരേ അവരെ വിളിച്ച് അനുമോദിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഓടി നടന്നു. മാധ്യമങ്ങള്‍ ശരിക്കും ആഘോഷിച്ചു. തീര്‍ച്ചയായും അത് അഭിനന്ദനീയവും ആഘോഷിക്കേണ്ടതും തന്നെ.വ്യവസ്ഥാപിത സംഘടനകളുടെ അടുക്കള കാര്യങ്ങള്‍ വരേ പാതിര ചര്‍ച്ചക്ക് വെക്കുന്ന മാധ്യമങ്ങള്‍ക്ക് റോഡരികില്‍ പതിയിരിക്കുന്ന മരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിമിത്തമാകേണ്ടതായിരുന്നു മിടുക്കനായ ഈ അധ്യാപകന്റെ  ദുരന്തം.

ചിലര്‍ മാത്രം ഒരു ഫ്ലാഷ് ന്യൂസായി മിന്നിച്ച് പോയതൊഴിച്ചാല്‍ ശരീഫ് മാഷുടെത്  ഒരു സാധാരണ മരണമായാണ് മാധ്യമങ്ങളില്‍ കടന്ന് പോയത്. അധ്യാപികമാരെ അനുമോദിച്ച് തിരുവനന്തപുരത്ത് നിന്ന് വന്ന പോലെ ഒരു വിളിയെങ്കിലും ദുഖത്തില്‍ പങ്ക് ചേര്‍ന്ന് കൊണ്ട് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുള്ള ആ കുടുംബത്തിലേക്കും പോകാമായിരുന്നു. പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമൊക്കെ മാഷുടെ അകാല വേര്‍പാടില്‍ കരളുരുകി വേദനിക്കുകയാണ്. അതെല്ലാം മറക്കും. ശാശ്വതമായ ദുഖം ആ കുടുംബത്തിന് മാത്രമാണ്. ജോലിയുണ്ടായിട്ടും സാമ്പത്തിക ബാധ്യതകളുള്ള ആ കുടുംബത്തിന് ഉചിതമായ നഷ്ട പരിഹാരമെങ്കിലും ലഭിക്കണം. എങ്കിലേ നമ്മള്‍ സാമൂഹ്യ നീതിയൊക്കെ പറയുന്നതില്‍ കാര്യമുള്ളൂ. മാഷിനായി ഒഴുക്കിയ കണ്ണീരിനും പറഞ്ഞ വാക്കുകളിലും കാര്യമുണ്ടാകണമെങ്കില്‍ അദ്ദേഹത്തെ സ്നേഹിക്കുന്നവരെങ്കിലും അതിനായി ഇറങ്ങണം.
Previous Post Next Post
3/TECH/col-right