താമരശ്ശേരി: കോളേജ് വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താമരശ്ശേരി പുതുപ്പാടിയിലെ സ്വകാര്യ കോളേലെ ബിരുദ വിദ്യാർത്ഥിനി ആണ് പീഡനത്തിന് ഇരയായത്. ലഹരിമരുന്ന് നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി നൽകിയ മൊഴി.
പെൺകുട്ടിയെ എറണാകുളത്ത് എത്തിച്ചാണ് യുവാവ് ലെെംഗികപീഡനത്തിന് ഇരയാക്കിയതെന്നും തുടർന്ന് തിരിച്ച് താമരശ്ശേരിയിൽ എത്തി പെൺകുട്ടിയെ ചുരത്തിൽ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. പ്രതിയെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. പ്രതിയുടെ മൊബെെൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി വയനാട്ടിലുണ്ടെന്നാണ് സൂചനകൾ ലഭിച്ചത്. തുടർന്ന് ഡിവെെഎസ്︋പി ഇൻചാർജ് അബ്ദുൾ മുനീറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
മെയ് 30നാണ് പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പൊലീസിൽ ലഭിക്കുന്നത്. പരാതി ലഭിച്ചതിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.തുടർന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ പെണ്‍കുട്ടി ലെെംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. തുടർന്ന് പൊലീസ് പെൺകുട്ടിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യ മൊഴി നൽകുകയും ചെയ്തു.
എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.പ്രതിയുടെ ഫോട്ടോ കാണിച്ചപ്പോൾ വിദ്യാർത്ഥിനി തിരിച്ചറിഞ്ഞ തായും, ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. കോളേജിനു സമീപത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു പെൺകുട്ടി. ചൊവ്വാഴ്ച വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഇവിടെ നിന്ന് ഇറങ്ങിയതെന്നാണ് വിവരം.
എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്തിയില്ല. തിരിച്ച് താമസിക്കുന്ന വീട്ടിലും പെൺകുട്ടി എത്താതായതോടെ വീട്ടുടമസ്ഥർ പെൺകുട്ടിയുടെ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരുമായി കോളേജ് അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് പെൺകുട്ടി വീട്ടിലും എത്തിയിട്ടില്ലെന്നു മനസ്സിലാക്കിയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയും യുവാവും മുൻപരിചയമുണ്ടായിരുന്നു. തൻ്റെ സുഹൃത്ത് വിദേശത്തേക്ക് പോകുകയാണെന്നും അയാളെ യാത്രയാക്കാൻ പോയിട്ടുവരാമെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ എറണാകുളത്തേക്ക് കൊണ്ടു പോയത്. പിറ്റേന്ന് തിരിച്ചെത്തുമെന്നായിരുന്നു പെൺകുട്ടി താമസിക്കുന്ന സ്ഥലത്ത് പറഞ്ഞിരുന്നത്. യുവാവിൻ്റെ കാറിലായിരുന്നു യാത്ര. തുടർന്ന് ലഹരി നൽകി ലെെംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു എന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിൽ തന്നെ ഇറക്കി വിട്ടുവെന്നും പെൺകുട്ടി പറയുന്നു.തുടർന്ന് വീട്ടുകാരെ ബന്ധപ്പെട്ട പെൺകുട്ടി തനിക്കു സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. വീട്ടുകാരാണ് പെൺകുട്ടി ചുരത്തിലുണ്ടെന്ന് പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ കണ്ടെത്തുകയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നും ഉടൻതന്നെ പ്രതി പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
Tags:
THAMARASSERY