Trending

ഇന്റർ സ്കൂൾ പെയിന്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി എസ്. തീർത്ഥ.

താമരശ്ശേരി: കേന്ദ്ര പ്രകൃതി, ചരിത്രം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്നിവ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ പെയിന്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി എസ്. തീർത്ഥ.

പ്ലാസ്റ്റിക് കുഴപ്പത്തിൽ നിന്ന് നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുക , ഫ്രെജൈൽ മറൈൻ ബയോഡൈവർസിറ്റി, ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയ്ക്കുള്ള ആരോഗ്യകരമായ സമുദ്രം എന്നീ വിഷയത്തിൽ 8 മുതൽ 12 വരെ ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടന്ന ചിത്രരചനാ മത്സരത്തിലാണ് തീർത്ഥ ഒന്നാം സ്ഥാനം നേടിയത്.

സമുദ്രദിനമായ ജൂൺ 4 ന്  ന്യൂഡൽഹിയിൽ  കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവും കേന്ദ്രസഹമന്ത്രി അശ്വിനി കുമാർ ചൗബെയും പങ്കെടുക്കുന്ന ചടങ്ങിൽ തീർത്ഥയ്ക്കുള്ള  സമ്മാനദാനം നടക്കും.
ജൂൺ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന ലോക പരിസ്ഥിതി ദിനാ ഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാനും തീർത്ഥയ്ക്ക് അവസരം ലഭിക്കും. ഉജ്ജ്വല ബാല്യം പുരസ്ക്കാര ജേതാവായ എസ്. തീർത്ഥ സംസ്ഥാന കലോത്സവത്തിലെ ഭരതനാട്യത്തിലും ഏ ഗ്രേഡ് നേടിയിരുന്നു. 

താമരശ്ശേരി ജി.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് തീർത്ഥ. ചെറുപ്പം മുതൽ ചിത്രരചനയും നൃത്തവും അഭ്യസിച്ചു വരുന്ന തീർത്ഥയെ തേടി അർഹതക്കുള്ള അംഗീകാരമായി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജില്ലാ ,സംസ്ഥാന തല ചിത്രരചനാ മത്സരങ്ങളിലും നൃത്തമത്സരങ്ങളിലും കയ്യകഴുത്ത് മത്സരങ്ങളിലും ഈ കലാകാരി വിജയം സ്വന്തമാക്കിയിട്ടുണ്ട്.

താമരശ്ശേരി വെഴുപ്പൂർ ശങ്കരമ്പാത്ത് സായിലക്ഷ്മിയിൽ പി.എസ്.സി. ട്രെയിനർ പി. വിജേഷിൻ്റെയും താമരശ്ശേരി ചാവറ ഇ.എം. സ്കൂളിലെ അദ്ധ്യാപിക എം. ഷബ്നയുടെയുടെയും മകളാണ് തീർത്ഥ. എസ്. പുണ്യ സഹോദരിയാണ്.
Previous Post Next Post
3/TECH/col-right