Trending

ഹജ് ക്യാംപിന് ഇന്ന് കരിപ്പൂരിൽ തുടക്കം; നാളെ പുലർച്ചെ 4.25ന് ആദ്യ വിമാനം.

കരിപ്പൂർ :മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം ഹജ് തീർഥാടകരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കരിപ്പൂർ ഹജ് ഹൗസ് സജ്ജം.ഇന്ന് രാവിലെ 10 മുതൽ ഹജ് ക്യാംപ് ഉണരും.നാളെ പുലർച്ചെ 4.25നാണു കരിപ്പൂരിൽനിന്നുള്ള ആദ്യ വിമാനം.

ഇത്തവണ വനിതാ തീർഥാടകർക്കായി പ്രത്യേക കെട്ടിടം സഹിതം കൂടുതൽ സൗകര്യങ്ങളോടെയാണു ഹജ് ക്യാംപ്. കേരളത്തിൽനിന്ന് 11,121 തീർഥാടകർക്കാണ് ഇത്തവണ അവസരം ലഭിച്ചിട്ടുള്ളത്. ആറായിരത്തിലേറെപ്പേർ കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര.

ഇന്ന് വൈകിട്ട് മൂന്നിനു വനിതാ ബ്ലോക്ക് ഉദ്ഘാടനവും നാലിനു ഹജ് യാത്രാ ഫ്ലാഗ് ഓഫും മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. വനിതാ ബ്ലോക്ക് തുറക്കുന്നതോടെ കൂടുതൽ സൗകര്യമാകും.

നിലവിലുള്ള ഹജ് ഹൗസിലായിരുന്നു നേരത്തേ സ്ത്രീകൾക്കും പുരുഷന്മാർക്കും താമസം, പ്രാർഥന, ഭക്ഷണം എന്നിവയ്ക്കു സൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ വനിതകൾക്കു മാത്രമായി പ്രത്യേക കെട്ടിടമായതിനാൽ എല്ലാവർക്കും കൂടുതൽ സൗകര്യമാകും. ഭക്ഷണശാല പ്രവർത്തനം തുടങ്ങി.

ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി കരിപ്പൂർ ഹജ് ഹൗസിലെത്തി കാര്യങ്ങൾ വിലയിരുത്തി. ആരോഗ്യം, പൊലീസ്, ഫയർ ഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളുടെ സേവനവും 24 മണിക്കൂറും ഹജ് ക്യാംപിലുണ്ടാകും.

150 വൊളന്റിയർമാർ

യാത്രയ്ക്ക് 24 മണിക്കൂർ മുൻപു ഹജ് ക്യാംപിൽ റിപ്പോർട്ട് ചെയ്യണം. തീർഥാടകർ ആദ്യം എത്തേണ്ടതു വിമാനത്താവളത്തിലാണ്. അവിടെ റിപ്പോർട്ട് ചെയ്തു ലഗേജ് കൈമാറണം. തുടർന്നു ഹജ് കമ്മിറ്റി ഏർപ്പെടുത്തിയ വാഹനത്തിൽ ഹജ് ക്യാംപിലേക്കും പിന്നീട് വിമാനത്താവളത്തിലേക്കും എത്തിക്കും. തീർഥാടകർക്കു സേവനം ചെയ്യാനായി വിമാനത്താവളത്തിലും ഹജ് ക്യാംപിലെ വിവിധ വിഭാഗങ്ങളിലുമായി 150 വൊളന്റിയർമാർ ഉണ്ടാകും. വനിതാ വൊളന്റിയർമാരുമുണ്ട്.
Previous Post Next Post
3/TECH/col-right