സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ പണിമുടക്കിലേക്ക് തള്ളിവിടാതെ ഉടൻ ശമ്പളം വർദ്ധിപ്പിക്കണമെന്ന് യു എൻ എ ദേശീയ പ്രസിഡൻ്റ് ജാസ്മിൻ ഷാ ആവശ്യപ്പെട്ടു. ദിവസ വേതനം 1500 രൂപയാക്കുക, കരാർ തൊഴിൽ അവസാനിപ്പിക്കുക, രോഗി- നഴ്സ് അനുപാതം നിയമാനുസൃതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നടത്തിയ കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വർഷമായി നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിച്ചിട്ടില്ല. എന്നാൽ എല്ലാത്തരം നിത്യോപയോഗ സാധനങ്ങളുടെയും ഗ്യാസിൻ്റെയും പെട്രോളിൻ്റെയും വില അഞ്ച് വർഷം കൊണ്ട് ഭീമമായിട്ടാണ് വർദ്ധിച്ചിട്ടുള്ളത്. ശമ്പള പരിഷ്കരണം നടപ്പിലാക്കാതെ നഴ്സിംഗ് സമൂഹത്തിനും മറ്റ് ആരോഗ്യ പ്രവർത്തകർക്കും മുന്നോട്ട് പോകാനാവില്ല. ഡിമാൻ്റുകൾ അംഗീകരിക്കുന്നില്ലെങ്കിൽ ജൂൺ 12, 13, 14 തീയ്യതികളിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ നഴ്സുമാരും 72 മണിക്കൂർ പണിമുടക്കും എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
യു എൻ എ ജില്ലാ പ്രസിഡൻ്റ് ജിഷ്ണു അശോക് അധ്യക്ഷത വഹിച്ചു. യു.എൻ.എ ദേശീയ സെക്രട്ടറി സുധീപ് എം.വി മുഖ്യ പ്രസംഗം നടത്തി. എ. ഐ.ഡി. വൈ. ഒ സംസ്ഥാന പ്രസിഡൻ്റ് ഇ.വി.പ്രകാശ്, യു എൻ എ സംസ്ഥാന ട്രഷറർ ബിബിൻ എൻ.പോൾ, കെ.ജി.എൻ.യു ജില്ലാ പ്രസിഡൻ്റ് സജിത്, ജില്ലാ ജോയിൻ്റ് സെക്രട്ടറി ജോഷി പി. ജോയ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി മിനി ബോബി സ്വാഗതവും ജില്ലാ ട്രഷറർ സുധ മധുസുദനൻ നന്ദിയും പറഞ്ഞു.
മാർച്ചിന്,ജിഷ്ണുഅശോക്
ജോഷി പി ജോയ്, ശ്രുതി,അശ്വതി ഇ.പി,അഞ്ജുഷ എലിസബത്ത്,റ്റിൻസി മാത്യു,ഷബീർ ,പ്രവീൺ,ജിബിൻ,അഞ്ജു കൃഷ്ണ ,റെജിൽ ലാൽ എന്നിവർ നേതൃത്വം നൽകി.ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നായി ആയിരക്കണക്കിന് നഴ്സുമാർ മാർച്ചിൽ പങ്കെടുത്തു.
Tags:
KOZHIKODE