താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഉല്ലാസ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കും. ജില്ലാ കലക്ടര്‍ എ ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജില്ലയിൽ ഉല്ലാസ ബോട്ടുകൾ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളുടെയും ഒപ്പറേറ്റർമാരുടെയും ലിസ്റ്റ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജില്ലാ കലക്ടർക്ക് സമർപ്പിക്കും. കൂടാതെ ജലസേചനം, വനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന ബോട്ട് സവാരികളുടെ വിശദാംശങ്ങളും സമർപ്പിക്കേണ്ടതാണ്.
കെ.ഐ.വി ലൈസന്‍സുകള്‍ ഇല്ലാത്ത ബോട്ടുകളുടെ പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ജീവന്‍രക്ഷാ സാമഗ്രികളായ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ് എന്നിവ ആവശ്യത്തിന് ഇല്ലാത്ത ബോട്ടിന്റെ പ്രവര്‍ത്തനം നിരോധിക്കുകയും ചെയ്യും.
ബോട്ടിന്റെ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍,പാസഞ്ചര്‍ കപ്പാസിറ്റി, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് കാലാവധി എന്നിവ ബോട്ടിലും ജെട്ടിയിലും പ്രദര്‍ശിപ്പിക്കണം. പരിശോധനയില്‍ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിനും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ബോട്ടുകളുടെ ലൈസൻസ് പുതുക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സംവിധാനമൊരുക്കാന്‍ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.