മലപ്പുറം: താനൂര്‍ ബോട്ടു അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറുടെ പരിധിയിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം.
പൊന്നാനി, ബേപ്പൂര്‍ തുറമുഖങ്ങളുടെ പരിധിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ടൂറിസ്റ്റ് ബോട്ടുകളുടെ സര്‍വീസും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതായി ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ സിജോ ഗോര്‍ഡിയസ് വ്യക്തമാക്കി.
രണ്ടുതരത്തിലാണ് ബോട്ട് സര്‍വീസിന് അനുമതി നല്‍കുന്നത്. തുറമുഖവകുപ്പ് പരിധിയിലെ മേഖലകളില്‍ പോര്‍ട്ട് ഓഫീസറും ഉള്‍നാടന്‍ ജലഗതാഗതമേഖലയില്‍ ഇന്‍ലാന്‍ഡ് ആന്‍ഡ് നാവിഗേഷന്റെ രജിസ്ട്രേഷനുവേണ്ടി പ്രത്യേക സര്‍വേ വിഭാഗവുമാണ് അനുമതി നല്‍കിവരുന്നത്.
താനൂരിലേത് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വിഭാഗത്തിന് കീഴിലാണ്. ഇത്തരം ബോട്ടുകള്‍ക്ക് ഫിറ്റ്നസ് നല്‍കുന്നത് ആലപ്പുഴയിലെ ഐഎന്‍വി സര്‍വേ വിഭാഗമാണ്. താനൂരിലെ ബോട്ട് സര്‍വീസിന് തുറമുഖവകുപ്പിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അനുമതി കൊടുത്തിരുന്നില്ല.