കരിപ്പൂര്‍:കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിലെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങള്‍ വഴിയുളള വിമാന സര്‍വിസിന്റെ അന്തിമ ഷെഡ്യൂളായി.കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 63 സര്‍വിസുകളാണ് ഇക്കുറിയുളളത്. കരിപ്പൂര്‍ - 44, കണ്ണൂര്‍ - 13, കൊച്ചി - 7 സര്‍വിസുകള്‍. കരിപ്പൂരിലും കണ്ണൂരിലും എയര്‍ഇന്ത്യ എക്സ്പ്രസും കൊച്ചിയില്‍ സൗദി എയര്‍ലൈൻസിനുമാണ് ഹജ്ജ് സര്‍വിസ് ചുമതല.
ഈ വര്‍ഷത്തെ ആദ്യ വിമാനം ജൂണ്‍ നാലിന് പുലര്‍ച്ചെ 1.45ന് കണ്ണൂരില്‍ നിന്നും പുറപ്പെടും. അതേ ദിവസം പുലര്‍ച്ചെ 4.25ന് കരിപ്പൂരില്‍ നിന്നുളള ആദ്യവിമാനവും പുറപ്പെടും. ഇവിടെ നിന്നും ആദ്യദിനം രണ്ട് സര്‍വിസുകളുണ്ട്. കരിപ്പൂരിലും കണ്ണൂരിലും 145 പേര്‍ വീതമാണ് ഓരോ വിമാനത്തിലുണ്ടാകുക. ഇവിടെ എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ചെറിയ വിമാനങ്ങളാണ് ഉപയോഗിക്കുക. കൊച്ചിയില്‍ നിന്നും ജൂണ്‍ ഏഴിന് രാവിലെ 11.30നാണ് ആദ്യവിമാനം. ആദ്യ വിമാനത്തില്‍ 405 തീര്‍ത്ഥാടകരാണ് പുറപ്പെടുക. ഇവിടെ നിന്നും ജൂണ്‍ 9,10, 12, 14, 21, 25 തിയതികളിലാണ് മറ്റ് വിമാനങ്ങള്‍.
കണ്ണൂരില്‍ നിന്നും ജൂണ്‍ 6, 7, 8, 11, 12, 13, 14,15, 18, 20, 21, 22 തിയതികളിലാണ് സര്‍വിസ്. കരിപ്പൂരില്‍ നിന്നും ജൂണ്‍ 22 വരെ ദിവസവും രണ്ട് വിമാനങ്ങളുണ്ട്. ജൂണ്‍ 5, 9, 10, 16, 17, 19 തിയതികളില്‍ മൂന്നെണ്ണവും. കേരളത്തിലെ തീര്‍ത്ഥാടകര്‍ ജിദ്ദയിലേക്കാണ് പുറപ്പെടുക. മടക്കയാത്ര മദീനയില്‍ നിന്നും. ജൂലൈ 13 മുതല്‍ ആഗസ്റ്റ് 2 വരെയാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്രയില്‍ 64 സര്‍വിസുകളാണുളളത്.
ആദ്യവിമാനം 13 ന് വൈകിട്ട് 6.15ന് കരിപ്പൂരിലെത്തും. അന്ന് രാത്രി 10.45ന് രണ്ടാം വിമാനവും മടങ്ങിയെത്തും. കണ്ണൂരില്‍ ജൂലൈ 14ന് പുലര്‍ച്ചെ 4.30നാണ് ആദ്യവിമാനം എത്തുക. ആഗസ്റ്റ് 2 വരെ രണ്ടിടത്തും വിമാനങ്ങള്‍ മടങ്ങിയെത്തും. കൊച്ചി വഴി പോയവരുടെ ആദ്യസംഘം ജൂലൈ 18ന് രാവിലെ 10നാണ് മടക്കം. 26 വരെ ഏഴ് സര്‍വിസുകളാണ് ഇവിടെയുളളത്.
ആദ്യം വിമാനത്താവളത്തിലെത്തി രജിസ്റ്റര്‍ ചെയ്യണം
ഇക്കുറി തീര്‍ത്ഥാടകര്‍ ആദ്യം വിമാനത്താവളത്തിലെത്തി രജിസ്റ്റര്‍ ചെയ്ത് ബാഗേജ് വിമാനകമ്പനികള്‍ക്ക് നല്‍കണം. ഇതിന് ശേഷമാണ് ഹജ്ജ് ക്യാമ്പില്‍ എത്തേണ്ടത്. ബാഗേജുകള്‍ സ്വീകരിക്കുന്നതിനും വിമാനകമ്പനി ഇവിടെ സൗകര്യം ഒരുക്കും.
ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിന് കരിപ്പൂരില്‍ പ്രത്യേകക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് എമിഗ്രേഷൻ കൗണ്ടറുകള്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കും. സമാനമായി മറ്റ് വിമാനത്താവളങ്ങളിലും സൗകര്യം ഒരുക്കും. യാത്ര പുറപ്പെടുന്നതിന് നിശ്ചിത മണിക്കൂറുകള്‍ക്ക് മുൻപ് തീര്‍ത്ഥാടകര്‍ ക്യാമ്പിലെത്തണം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയിനര്‍മാരുമായും വളണ്ടിയര്‍മാരുമായും ബന്ധപ്പെടാം.
Tags:
KERALA