ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക്. നിലവിലുള്ള നോട്ടുകൾ സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം. നോട്ടുകളുടെ വിതരണം നിർത്താൻ ബാങ്കുകൾക്ക് നിർദേശം നൽകി.
2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് 32,910 ലക്ഷമായി. 2020 ൽ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് 2,000 രൂപാ നോട്ടുകൾ പിൻവലിച്ച വാർത്ത പുറത്ത് വന്നതോടെ ഇവ എങ്ങനെ ഇനി കൈകാര്യം ചെയ്യുമെന്ന സംശയത്തിലാണ് പലരും. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 30 വരെ ഇവ മാറിയെടുക്കാനുള്ള സമയം നൽകുന്നത് കൊണ്ട് ഇത് ആളുകളെ ബാധിക്കില്ല എന്നാണ് അധികൃതർ പറയുന്നത്.
2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 കറൻസിയുടെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ വിശദീകരണം.
2000 രൂപാ നോട്ട് പിൻവലിച്ചതുമായി ബന്ധപ്പെട്ട് അറിയേണ്ട അഞ്ചു കാര്യങ്ങൾ
നിലവിൽ ഇടപാടുകൾക്ക് ഉപയോഗിക്കുന്നതിനു വിലക്കില്ല.
2023 സെപ്റ്റംബർ 30നകം ബാങ്കിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യണം.
മേയ് 23 മുതൽ ഏതു ബാങ്കിൽനിന്നും 2000 രൂപ മാറ്റിയെടുക്കാം.
ഒറ്റത്തവണ മാറ്റിയെടുക്കാവുന്ന പരമാവധി തുക 20,000 രൂപ.
ബാങ്കിൽ നിക്ഷേപിക്കാൻ പരിധിയില്ല.
2016 നവംബര്‍ എട്ടാം തീയതി രാത്രി 8.15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധന പ്രഖ്യാപനത്തിന് പിന്നാലെയാണ് രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. അന്ന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് ഡിമോണിറ്റൈസേഷന്റെ ഭാഗമായി നിരോധിച്ചത്. അന്നുവരെ ആയിരം രൂപ നോട്ടിനായിരുന്നു ഏറ്റവും ഉയര്‍ന്ന മൂല്യമുണ്ടായിരുന്നത്. എന്നാല്‍ ആയിരം രൂപാ നോട്ട് നിരോധിക്കപ്പെട്ടതിന് പിന്നാലെ വന്ന 2000 രൂപാ നോട്ട് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നോട്ട് ആയി മാറി
കള്ളപ്പണ നിരോധനം എന്ന ലക്ഷ്യമായിരുന്നു നോട്ട് നിരോധനത്തിലൂടെ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യംവെച്ചത്. രായ്ക്കു രാമാനം നടത്തിയ നോട്ട് നിരോധന പ്രഖ്യാപനവും അതേത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു. നോട്ടുകള്‍ മാറാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കുന്ന സാധാരണക്കാരന്റെ ചിത്രങ്ങള്‍ അക്കാലത്ത് മാധ്യമങ്ങളില്‍ സര്‍വസാധാരണമായിരുന്നു. നോട്ട് മാറാനുള്ള തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായും വാര്‍ത്തകളെത്തി.
എന്നാല്‍ ഏഴുവര്‍ഷത്തിനിപ്പുറം രണ്ടായിരം നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിക്കാന്‍ ആര്‍.ബി.ഐ. ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. എന്തിനുവേണ്ടി അവതരിപ്പിക്കപ്പെട്ടോ ആ ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കിയാണ് ആര്‍.ബി.ഐ. രണ്ടായിരം നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുന്നത്. അവതരിപ്പിക്കപ്പെട്ട സമയത്ത്, ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട് എന്നത് അടക്കമുള്ള അബദ്ധ അവകാശവാദങ്ങളും രണ്ടായിരം നോട്ടിന് അകമ്പടിയായി എത്തിയിരുന്നു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയുണ്ടായ നോട്ട് ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് രണ്ടായിരം രൂപയുടെ നോട്ടുകള്‍ അവതരിപ്പിക്കപ്പെട്ടത്. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ മതിയായ അളവില്‍ ലഭ്യമായ പശ്ചാത്തലത്തില്‍, രണ്ടായിരം രൂപാ നോട്ടുകള്‍ അച്ചടിച്ച ലക്ഷ്യം പൂര്‍ത്തീകരിച്ചെന്ന് ഇവ പിന്‍വലിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവകാശപ്പെടുന്നു. ഇതേത്തുടര്‍ന്ന് 2018-19-ഓടെ രണ്ടായിരം രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിവെച്ചിരുന്നെന്നും ആര്‍.ബി.ഐ. പറയുന്നു.
വിനിമയത്തിലുണ്ടായിരുന്ന 89 ശതമാനം രണ്ടായിരം രൂപാ നോട്ടുകളും 2017 മാര്‍ച്ചിന് മുന്‍പ് വിപണിയില്‍ എത്തിയവ ആയിരുന്നു. 2018 മാര്‍ച്ച് 31-ന് വിനിമയത്തിലുണ്ടായിരുന്ന രണ്ടായിരം രൂപാ നോട്ടുകളുടെ ആകെ മൂല്യം 6.73 ലക്ഷം കോടിയായിരുന്നു. എന്നാല്‍ 2023 മാര്‍ച്ച് 31-ന് വിനിമയത്തിലുണ്ടായിരുന്ന രണ്ടായിരം രൂപാ നോട്ടുകളുടെ ആകെ മൂല്യം 3.62 ലക്ഷം കോടിയായി ചുരുങ്ങിയിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് കൂട്ടിച്ചേര്‍ക്കുന്നു.
രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഇടപാടുകള്‍ക്ക് സാധാരണഗതിയില്‍ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആര്‍.ബി.ഐ. പറയുന്നു. മാത്രമല്ല, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ നിലവില്‍ ജനങ്ങള്‍ക്ക് ആവശ്യമായ അളവില്‍ ലഭ്യമാണെന്നും രണ്ടായിരം രൂപാ നോട്ടുകളുടെ പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ ആര്‍.ബി.ഐ. വ്യക്തമാക്കുന്നുണ്ട്. രണ്ടായിരം രൂപാ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിക്കാനുള്ള പ്രഖ്യാപനം ഇന്നലെ (വെള്ളിയാഴ്ച) പുറത്തെത്തിയെങ്കിലും സെപ്റ്റംബര്‍ മുപ്പതുവരെ ഇവ മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ട്. മാത്രമല്ല നിലവില്‍ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
0 Comments