Trending

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; വിഐപി ഡ്യൂട്ടി ചെയ്യില്ല.

തിരുവനന്തപുരം:ഒ പി ബഹിഷ്‌കരിച്ചുള്ള സമരം  പിന്‍വലിച്ചതായി കെജിഎംഒഎ. 
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാനനുള്ള തീരുമാനമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. തീരുമാനങ്ങള്‍ നടപ്പാകും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്നും കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു. 

അതേസമയം, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കും. കൊട്ടാരക്കരയില്‍ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.

2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കുന്നതു മുന്‍നിര്‍ത്തിയാണ് ഇതില്‍ ആവശ്യമായ ഭേദഗതി വരുത്തുക. നിലവിലുള്ള നിയമത്തില്‍ ആരോഗ്യ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നീ നിര്‍വചനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ശിക്ഷകള്‍ തുടങ്ങിയവയില്‍ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും. ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവര്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി ഭേദഗതി നിര്‍ദേശങ്ങള്‍ മന്ത്രിസഭാ യോഗത്തിനു മുന്‍പാകെ സമര്‍പ്പിക്കണം. കേരള ആരോഗ്യ സര്‍വകലാശാല, ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനകള്‍ തുടങ്ങിയവരുമായും ചര്‍ച്ചകള്‍ നടത്തും. ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനകള്‍ സര്‍ക്കാരിനു നല്‍കിയിട്ടുള്ള നിവേദനങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കും.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആശുപത്രികളെ മൂന്നു വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. ആദ്യ വിഭാഗത്തില്‍ വരുന്ന മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കണം. എസ്.ഐ, എ.എസ്.ഐ, സി.പി.ഒ എന്നിങ്ങനെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ ഇവിടെ വിന്യസിക്കണം. മറ്റ് ആശുപത്രികളിലും പൊലീസിന്റെ പൂര്‍ണ നിരീക്ഷണം ഉറപ്പാക്കണം. എല്ലാ ആശുപത്രികളിലും ആവശ്യമായ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കണം. സിസിടിവിയുടെ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണം. ആശുപത്രികളില്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം. ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷിതമായി ജോലി നിര്‍വഹിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം. എല്ലാ ആശുപത്രകളിലും ഓരോ ആറു മാസത്തിലും സെക്യൂരിറ്റി ഓഡിറ്റ് നടത്തണം. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ, പൊലീസ് വകുപ്പുകള്‍ ഇതു നിര്‍വഹിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ രാത്രി അത്യാഹിത വിഭാഗങ്ങളില്‍ രണ്ടു ഡോക്ടര്‍മാരെ നിയമിക്കാന്‍ കഴിയുമോയെന്നു പരിശോധിക്കണം.

പ്രതികളേയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണം. ആശുപത്രികളിലും പരിസരത്തും തിരക്ക് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Previous Post Next Post
3/TECH/col-right