താനൂര്‍: ഓട്ടുമ്പ്രം ദുരന്തത്തില്‍ എത്രപേര്‍ അകപ്പെട്ടുവെന്ന് ആര്‍ക്കും പറയുക അസാധ്യം. ആഴം കൂടിയ അഴിമുഖമാണ് ഇത്. കടലിലേക്ക് പുഴയില്‍ നിന്ന് നല്ല ഒഴുക്ക്. ഇതിനൊപ്പം ചെളിയും. രക്ഷാപ്രവര്‍ത്തകര്‍ക്ക് തൂവല്‍ തീരം അക്ഷരാര്‍ത്ഥത്തില്‍ വെല്ലുവിളിയായി. ഈ മേഖലയിലെ മത്സ്യ തൊഴിലാളികള്‍ക്ക് മാത്രമേ ഈ തീരത്തെ അറിയുക പോലുമുള്ളൂ.
രാത്രി ഏഴരയോടെയാണ് ആ ബോട്ട് തലകീഴായി മറിഞ്ഞത്. ഈ സമയം അതുവഴി കടന്നു പോയ ചെറിയ ബോട്ട് ഇതു കണ്ടു. അവര്‍ അപകടം തിരിച്ചറിഞ്ഞ് നടത്തിയ ഇടപെടലാണ് ദുരന്തത്തെ പുറംലോകത്ത് അറിയിച്ചത്. പിന്നീട് ഫയര്‍ ഫോഴ്‌സും ദുരന്ത നിവാരണ സേനയുമെല്ലാം അങ്ങോട്ടു പാഞ്ഞു. പക്ഷേ വെളിച്ചക്കുറവില്‍ ആര്‍ക്കും ഒന്നും കണാനായില്ല. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.
ഏതാണ്ട് രണ്ട് മണിക്കൂറോളം ബോട്ട് പുഴയില്‍ മുങ്ങി കിടന്നു. തുടക്കത്തില്‍ രക്ഷപ്പെടാന്‍ കഴിയാത്തവരെല്ലാം ദുരന്തത്തില്‍ ഇരകളായി. ആശുപത്രിയിലേക്ക് കൊണ്ടു വന്ന ബഹുഭൂരിഭാഗവും മരിച്ച അവസ്ഥയിലായിരുന്നു. സമീപ പ്രദേശത്തെ ഡോക്ടര്‍മാരെല്ലാം ചികില്‍സയ്ക്ക് സജ്ജമായി കാത്തു നിന്നു. എന്നാല്‍ തിരൂരങ്ങാടിയില്‍ അടക്കം എത്തിയതെല്ലാം മൃതദേഹങ്ങളായിരുന്നു. അതായത് മലപ്പുറം കണ്ട ഏറ്റവും വലിയ ദുരന്തമായി താനൂരിലേത് മാറുകയാണ്. ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത മനുഷ്യ ദുരന്തമായി മാറും. കടലിലേക്കും മറ്റും ആളുകള്‍ ഒഴുകി പോകാനും സാധ്യതയുണ്ട. ബോട്ടില്‍ എത്രപേരുണ്ടായിരുന്നുവെന്ന് ആര്‍ക്കും അറിയാത്തതും രക്ഷാപ്രവര്‍ത്തനം എങ്ങനെ അവസാനിപ്പിക്കുമെന്നതില്‍ ചോദ്യമായി മാറും.
ബോട്ടില്‍ അനുവദനീയമായതിലും അധികം ആളുകളുണ്ടായിരുന്നു. സുരക്ഷാ ജാക്കറ്റ് പോലും ഉണ്ടായിരുന്നില്ല. ഇതിനൊപ്പമാണ് രാത്രിയിലെ യാത്ര. വന്നവരെ എല്ലാം അവസാന ട്രിപ്പായതു കൊണ്ട് ബോട്ടില്‍ കയറി. പലരും ഓടി ചാടി പോലും കയറി. ഇതെല്ലാം ബോട്ടിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഇതാണ് ദുരന്തമായി മാറിയത്. ഇരുനില ബോട്ടാണ് അപകടത്തില്‍ പെട്ടത്. അതായത് ഹൗസ് ബോട്ട് മാതൃകയിലെ ബോട്ട്. അമ്ബതോളം പേര്‍ ഈ ബോട്ടിലുണ്ടായിരുന്നുവെന്നാണ് സൂചന. അപകടത്തില്‍ തെറിച്ചു വീണവര്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ രക്ഷപ്പെട്ടത്. ഇതും നാടിനെ നടുക്കിയ ദുരന്ത വ്യാപ്തി കൂട്ടി. അപകടമുണ്ടായത് രാത്രി ഏഴിനും 7.40നും ഇടയിലാണ്. ഇടുങ്ങിയ വഴിയാണ് ഉണ്ടായിരുന്നത്. ഇതും ദുരന്ത സ്ഥലത്തേക്ക് എത്തിപ്പെടാന്‍ ആംബുലന്‍സിനും വെല്ലുവിളിയായി.
പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. വിനോദയാത്രാ ബോട്ട് അപകടത്തില്‍പ്പെട്ടത് രാത്രിയോടെ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.
കടലും കായലും സംഗമിക്കുന്ന സ്ഥലമാണ് അപകടം നടന്ന പ്രദേശം. ഇവിടെനിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ബോട്ട് അവസാന ട്രിപ്പിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്സ് അടക്കം എത്തുന്നതിന് മുമ്ബുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചെറിയ തോണികള്‍ ഉപയോഗിച്ചായിരുന്നു നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. ചെറിയ തോണികളില്‍ അപകടം നടന്ന സ്ഥലത്തേക്ക് എത്തി നാട്ടുകാര്‍ ഒന്നും രണ്ടുപേരെ രക്ഷപ്പെടുത്തുകയാണ് ആദ്യംചെയ്തത്. അപ്പോഴേക്കും പ്രദേശത്ത് ആള്‍ക്കൂട്ടമായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്നാണ് വിവരം.
പിന്നാലെ കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നുമുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളും ദുരന്തനിവാരണ സേനയും രംഗത്തെത്തി. ബോട്ട് ഉയര്‍ത്താനും കരയിലേക്ക് എത്തിക്കാനുള്ള ശ്രമവും പിന്നീടാണ് നടന്നത്. ഒരു വലിയ കുടുംബത്തില്‍പ്പെട്ട നിരവധിപേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്ന വിവരവും നാട്ടുകാര്‍ നല്‍കുന്നുണ്ട്.
താനൂർ ദുരന്തം ഔദ്യോഗിക ദുഃഖാചാരണം ; മരിച്ചവർക്ക് കേന്ദ്രം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
മലപ്പുറം:താനൂര്‍ ബോട്ടപകടത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ പരിപാടികള്‍ എല്ലാം മാറ്റിവെച്ചിട്ടുണ്ട്. ഇന്ന് നടത്താനിരുന്ന താലൂക്ക് തല അദാലത്തുകളും മാറ്റി വെച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു.
അതിനിടെ, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. സംഭവത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
Tags:
MALAPPURAM