Trending

ലോറി ബൈക്കിലിടിച്ച് ലോറിക്കടിയിൽപ്പെട്ടു ഇയ്യാട് വീര്യമ്പ്രം സ്വദേശിക്ക് ദാരുണാന്ത്യം.

പാലക്കാട്: ലോറി തട്ടി മറിഞ്ഞ ബൈക്കിന് പിന്നിൽ സഞ്ചരിച്ചിരുന്ന മരുന്നുവിതരണക്കമ്പനി റീജണൽ മാനേജരായ യുവാവ് അതേ ലോറിയുടെ പിൻചക്രം കയറി തത്‌ക്ഷണം മരിച്ചു.

കോഴിക്കോട് ഉണ്ണികുളം ഇയ്യാട് വീര്യമ്പ്രം വാഴയിൽ വീട്ടിൽ പരേതനായ പ്രഭാകരന്റെ മകൻ വി. അഭിജിത്താണ്‌ (35) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന നെന്മാറ സ്വദേശി അരുൺജിത്ത് വലതുകൈക്ക് നിസ്സാരപരിക്കോടെ രക്ഷപ്പെട്ടു. അഭിജിത്ത് ജോലിചെയ്യുന്ന സ്ഥാപനത്തിലെ മെഡിക്കൽ റെപ്രസെന്റേറ്റീവാണ് അരുൺജിത്ത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കുന്നത്തൂർമേട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനടുത്തുള്ള കനാൽ റോഡിന് സമീപമാണ് സംഭവം.കൽമണ്ഡപത്തുനിന്ന്‌ ടൗണിൽ ഡോക്ടർമാരെ സന്ദർശിക്കാൻ ബൈക്കിൽ വരികയായിരുന്നു ഇരുവരും.

ശീതളപാനീയം കയറ്റി പിന്നാലെയെത്തിയ ലോറി കുന്നത്തൂർമേട്ടിലെ ചെറിയ വളവിൽ വെച്ച് ബൈക്കിനെ മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ ലോറിയുടെ വശത്ത് ഹാൻഡിൽ തട്ടിയ ബൈക്ക് നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു.

ബൈക്ക്‌ ഓടിച്ചിരുന്ന അരുൺജിത്തും പിന്നിലിരുന്ന അഭിജിത്തും റോഡിലേക്കു വീണു. അഭിജിത്ത് ലോറിക്കടിയിലേക്കാണ് വീണത്. ലോറിയുടെ പിൻചക്രം അഭിജിത്തിന്റെ നെഞ്ചിൽ കയറിയിറങ്ങി. സംഭവത്തിൽ ലോറി ഡ്രൈവർ തിരുനെൽവേലി സ്വദേശി അഗസ്റ്റിനെതിരേ (45) ടൗൺ സൗത്ത് പോലീസ് കേസെടുത്തു.

അഭിജിത്തിന്റെ അമ്മ: അനിത. സഹോദരൻ: അഭിനന്ദ് (ചെമ്മണ്ണൂർ ജൂവലേഴ്സ്, എറണാകുളം)
Previous Post Next Post
3/TECH/col-right