കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച് ഷാഫിയെ കണ്ടെത്തിയത്. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്.
കർണാടകയിൽ എവിടെ വെച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന കാര്യം അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല. പത്ത് ദിവസത്തോളമായി ഷാഫിയെ കാണാതായിട്ട്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷാഫിയുടെ ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസിന് സംഭവത്തെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിരുന്നു.
സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്.
മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ ഹുസൈനാണ് വാടകക്ക് എടുത്ത് നൽകിയത്. മറ്റു മൂന്നു പേർ കാറിൽ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി.
Tags:
THAMARASSERY