കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒന്നരപ്പതിറ്റാണ്ട് മുന്‍പ് വിഭാവനചെയ്ത പേരാമ്പ്ര ബൈപാസ് യാഥാർത്ഥ്യമായിരിക്കുകയാണ്. കോഴിക്കോട് നഗരത്തിലേക്ക് നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിൽ നിന്ന് വരുന്നവർക്കും കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്നവർക്കും വലിയ ആശ്വാസമായി ബൈപാസ് റോഡ് മാറും.
ഏപ്രില്‍ 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്യുകയാണ്. ഒരു നിയമസഭാ മണ്ഡലത്തിന്റെ വികസനം എന്നതിലുപരി കോഴിക്കോട് ജില്ലയുടെ പ്രധാന ഭാഗങ്ങളിലാകെ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന പദ്ധതി എന്ന നിലയിൽ ബഹു. മുഖ്യമന്ത്രി തന്നെ ബൈപാസ് ഉദ്ഘാടനം ചെയ്യണമെന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേറ്റ സമയത്ത് പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണനും മുന്‍ എംഎല്‍എമാരായ ശ്രീ. കെ കുഞ്ഞഹമ്മദും ശ്രീ. എ കെ പത്മനാഭന്‍ മാസ്റ്ററും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദും ബൈപാസ് പ്രവൃത്തിയെ സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
പേരാമ്പ്ര ബൈപാസ് പ്രവൃത്തി വേഗത്തില്‍ ആരംഭിക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമുള്ള ശ്രമങ്ങളാണ് തുടര്‍ന്ന് നടത്തിയത്. 2021 ഓഗസ്ത് മാസം അവസാനമാകുമ്പോഴേക്കും ബൈപാസിന്‍റെ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിക്കാന്‍ സാധിച്ചു. 2021 നവംബറില്‍ പേരാമ്പ്രയിലെത്തി ബൈപാസ് പ്രവൃത്തി നേരിട്ട് വിലയിരുത്തി.
ഒട്ടേറെ തടസ്സങ്ങള്‍ നേരിട്ടാണ് പ്രവൃത്തി ആരംഭിക്കുന്ന ഘട്ടത്തിലേക്ക് എത്തിയത്. കൃത്യമായ ഇടവേളകളില്‍ മന്ത്രി ഓഫീസ് തന്നെ പ്രവൃത്തി അവലോകനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൂടി ഉൾപ്പെട്ട ഒരു ടീമിനൊപ്പം ഞങ്ങൾ ഇടയ്ക്കിടെ പ്രവൃത്തി പരിശോധനാ യോഗം നടത്തി. ഒന്നരവര്‍ഷത്തിനുള്ളില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്.
കിഫ്ബി പദ്ധതിയില്‍ 58.29 കോടി രൂപ ഉപയോഗിച്ച് 2.79 കിലോ മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി ആധുനിക നിലവാരത്തിലാണ് പേരാമ്പ്ര ബൈപാസ് നിർമ്മാണം പൂർത്തീകരിച്ചത്.
പ്രവൃത്തി പൂർത്തീകരിക്കുന്നതിൽ സഹകരിച്ച എല്ലാവർക്കും നന്ദി.
#PWD
#keralaroads
#perambra
Tags:
KOZHIKODE