തിരുവനന്തപുരം: മിൽമ റിച്ച് പാലിന്റെ കൂട്ടിയ വില പിൻവലിച്ചു. അതേസമയം, സ്മാർട്ട് പാലിന് വർധിപ്പിച്ച വില തന്നെ ഈടാക്കും. കൊഴുപ്പ് കൂടിയ പാലായ മിൽമ റിച്ച് (പച്ച കവർ) അരലിറ്ററിന് 29 രൂപയിൽനിന്ന് 30 രൂപയായാണ് വർധിപ്പിച്ചിരുന്നത്. സ്മാർട്ട് പാലിന് (മഞ്ഞ കവർ) 24 രൂപയിൽനിന്ന് 25 രൂപയായും വർധിച്ചിരുന്നു. ഈ വിലയിൽ മാറ്റമുണ്ടാകില്ല.
അതേസമയം, നീല കവറിലുള്ള പാലിന് വില കൂട്ടിയിരുന്നില്ല. റീ പൊസിഷനിങ്ങിന്റെ ഭാഗമായി വില ഏകീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വില വർധിപ്പിച്ചതെന്നാണ് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കിയിരുന്നത്.
പാൽവില വർധിപ്പിച്ചതിൽ മിൽമക്ക് വീഴ്ച പറ്റിയെന്നും വില വർധിപ്പിച്ച കാര്യം സർക്കാരിനെ അറിയിക്കണമായിരുന്നെന്നും മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചിരുന്നു. മിൽമയോഗം ചേർന്നാണ് തീരുമാനമെടുത്തത്. സർക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. വില വർധിപ്പിച്ച കാര്യം സർക്കാരിനെ അറിയിക്കണമായിരുന്നു. തീരുമാനമെടുക്കാനുള്ള അധികാരം മിൽമയക്കുണ്ട്. മിൽമയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. റിച്ച് പാലിന് കൂട്ടിയ വില അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
Tags:
KERALA