Trending

ദുബായിയിൽ കെട്ടിടത്തിന് തീപിടിച്ച് മലയാളികളുൾപ്പെടെ 16 പേർ മരിച്ചു

ദുബായ്: ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികളടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരുൾപ്പെടെയുളളവരാണ് മരിച്ചത്.
മരിച്ചവരിൽ രണ്ട് തമിഴ്നാട് സ്വദേശികളുൾപ്പെടെ നാല് ഇന്ത്യക്കാരും പത്ത് പാകിസ്താൻ സ്വദേശികളും രണ്ട് ആഫ്രിക്കൻ സ്വദേശികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ദുബായ് റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ആണ് അപ​കടം. ദേര ഫിർജ് മുറാറിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാ പ്രവർത്തനം നടത്തിയ സെക്യൂരിറ്റി ​ഗാർഡും മരിച്ചതായാണ് വിവരം. ഷോർട് സെർക്യൂട്ട് ആണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം.
പുക ശ്വസിച്ച് ആണ് മലയാളികളായ റിജേഷും ഭാര്യ ജെഷിയും മരിച്ചതെന്നാണ് വിവരം. ഇവർ താമസിച്ചുവന്നിരുന്ന മുറിയുടെ തൊട്ട് അടുത്തുളള മുറിയിലാണ് തീപിടിത്തമുണ്ടായത്. അവിടെ നിന്ന് പുക പടരുകയായിരുന്നു.

ദേരയിൽ ട്രാവൽസ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു റിജേഷ്, ജെഷി ഖിസൈസ് ക്രസന്റ് സ്കൂൾ അധ്യാപികയായിരുന്നു. മൃതദേഹങ്ങൾ ദുബായ് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Previous Post Next Post
3/TECH/col-right