ആവശ്യക്കാരുടെ എണ്ണം വർധിക്കുമ്പോൾ ടിക്കറ്റ് നിരക്കുകളും വർധിപ്പിച്ച് പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന പതിവ് ഇത്തവണയും വിമാനക്കമ്പനികൾ തെറ്റിച്ചിട്ടില്ല. അവധി സീസൺ മുതലെടുത്ത് വിമാനക്കമ്പനികൾ അവയുടെ ടിക്കറ്റ് നിരക്കുകൾ അധികരിപ്പിച്ചിരിക്കുകയാണ് നിലവിൽ. ഇതോടെ സാധാരണക്കാരായ പ്രവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. സാധാരണ നിരക്കിനേക്കാൾ ഇരട്ടിയോ അതിലധികമോ ആയാണ് ടിക്കറ്റ് നിരക്കുകൾ ഈ മാസം ഉയർന്നിരിക്കുന്നത്.
യു.എ.ഇയിൽ നിന്ന് നാട്ടിലേക്കും നാട്ടിൽനിന്ന് തിരിച്ച് യു.എ.ഇയിലേക്കുമുള്ള ടിക്കറ്റ് നിരകക്കിൽ ഇരട്ടിയിലധികം വർധനവാണ് കാണിക്കുന്നത്. അടുത്ത മാസത്തോടെ ഈ നിരക്കുകൾ ഇനിയും വർധിച്ചേക്കാമെന്നാണ് മേഖലയിൽനിന്ന് ലഭിക്കുന്ന സൂചന. യു.എ.ഇയിലെ സ്‌കൂളുകളിൽ അവധിക്കാലം ആരംഭിച്ചതും വിശുദ്ധ റമദാനുമെല്ലാം വിമാന നിരക്കുകളെ സാരമായി ബാധിച്ചിട്ടുണ്ട്. മധ്യവേനൽ അവധി കഴിയുന്നതുവരെ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെ നിൽക്കുകയും ചെയ്യും.
യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് വിമാന സർവീസുകൾ ഇല്ലാത്തതും നിരക്ക് ഉയരാനുള്ള പ്രധാന കാരണമാണ്. യുഎഇ-കേരളം സെക്ടറിൽ എയർ ഇന്ത്യ വിമാനങ്ങൾ പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ആക്കുന്നതോടെ സീറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന വലിയ കുറവും വിലവർധനയ്ക്ക് കാരണമാകുന്നുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളിൽ യു.എ.ഇയിൽനിന്ന് കൊച്ചിയിലേക്ക് ശരാശരി 300 മുതൽ 320 ദിർഹം വരെയായിരുന്നു ടിക്കറ്റ് നിരക്കുകൾ. എന്നാൽ നിലവിൽ ഈ റൂട്ടിലെ ടിക്കറ്റുകൾക്ക് ഏകദേശം 650 ദിർഹത്തിനു മുകളിൽ പണം ചിലവഴിക്കേണ്ടി വരും.അതേ സമയം ദുബൈയിൽനിന്ന് കരിപ്പൂരിലേക്ക് ഏകദേശം 700 ദിർഹമിനും മുകളിലാണ് നിരക്കുകൾ കാണിക്കുന്നത്.
കുടുംബ സമേതം യാത്ര തിരിക്കുന്നവർക്ക് ഭീമമായ തുകയാണ് ഇതിനായി ചിലവഴിക്കേണ്ടി വരുന്നത്. നാട്ടിൽ നിന്ന് തിരിച്ച് യു.എ.ഇയിലേക്കെത്തണമെങ്കിൽ ഇതിലും വലിയ തുകകളാണ് ചിലവഴിക്കേണ്ടി വരുന്നത്.കൊച്ചിയിൽ നിന്ന് ദുബൈയിലേക്കു വരാൻ കഴിഞ്ഞ മാസം ശരാശരി 10,000 രൂപയ്ക്ക് ലഭിച്ചിരുന്ന ടിക്കറ്റുകൾ, ഈ മാസം വൺവേക്ക് ശരാശരി 30,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്.
അതേ സമയം അബൂദബി, റാസൽഖൈമ, ഷാർജ എയർപോർട്ടുകളിലൂടെയാണെങ്കിൽ ദുബൈയെക്കാളും നേരിയ വെത്യാസമാണ് ടിക്കറ്റുകളിൽ കാണിക്കുന്നത്.ഈ പ്രത്യേക സാഹചര്യത്തിൽ ഏകദേശം 15 മുതൽ 20 മണിക്കൂർ വരെ ദൈ്യർഘ്യമെടുത്ത് യു.എ.ഇയിലെത്തുന്ന കണക്ഷൻ ഫ്‌ളൈറ്റുകളെ ആശ്രയിക്കുകയാണ് പല പ്രവാസികളും.
എല്ലാ സീസണുകളിലും പല ജനപ്രതിനിധികളും വിമാനക്കമ്പനികളുടെ ഈ കൊള്ളയ്ക്ക് അറുതിവരുത്തുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണയും ഇതിനൊരു ശ്വാശത പരിഹാരം ഉണ്ടാവില്ലെന്ന് നമ്മൾ തിരിച്ചറിയാൻ ഇനിയുമെത്ര കാത്തിരിക്കണം.
Tags:
KERALA