കരിപ്പൂർ:ഹജ് കമ്മിറ്റി മുഖേന ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ് വിമാനയാത്ര മേയ് 21ന് ആരംഭിക്കും. കേരളത്തിൽ നിന്നുള്ള തീർഥാടകർ ജൂൺ ഏഴു മുതലുള്ള രണ്ടാം ഘട്ട യാത്രാ സംഘത്തിലാണ് ഉൾപ്പെടുക. ഹജ് കമ്മിറ്റി മുഖേന 1,38,761 തീർഥാടകരെ കൊണ്ടുപോകുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാന കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. കേരളത്തിൽനിന്നുള്ള 13,300 തീർഥാടകർ ഉൾപ്പെടെയാണിത്. കരിപ്പൂരിൽനിന്ന് 8300, കൊച്ചിയിൽനിന്ന് 2700, കണ്ണൂരിൽനിന്ന് 2300 വീതം തീർഥാടകരെയാണ് പരമാവധി പ്രതീക്ഷിക്കുന്നത്. നിലവിലുള്ള അപേക്ഷകരുടെ എണ്ണം കണക്കിലെടുത്താണ് ക്രമീകരണം.
മേയ് 21 മുതൽ ജൂൺ ആറു വരെയാണ് ആദ്യസംഘത്തിന്റെ യാത്ര. 11 വിമാനത്താവളങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. ഇവർ മദീനയിലെത്തി ജിദ്ദ വഴി മടങ്ങും. ജൂലൈ 3 മുതലാണ് ഇവരുടെ മടക്കയാത്ര. കോഴിക്കോട്, കൊച്ചി, കണ്ണൂർ ഉൾപ്പെടെ 11 വിമാനത്താവളങ്ങൾ രണ്ടാം ഘട്ടത്തിലാണ്. ഈ സംഘം ജിദ്ദയിലെത്തി മദീന വഴി മടങ്ങും. ജൂൺ 7 മുതൽ 22 വരെയാണ് സൗദിയിലേക്കുള്ള യാത്ര. മടക്കയാത്ര ജൂലൈ 13 മുതൽ. നേരത്തേ 25 വിമാനത്താവളങ്ങൾ ഹജ് യാത്രയ്ക്കായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ടെൻഡർ ക്ഷണിച്ചപ്പോൾ, മംഗളൂരു, ഗോവ, അഗർത്തല വിമാനത്താവളങ്ങൾ പട്ടികയിൽ ഇല്ല. അപേക്ഷകർ കുറഞ്ഞതാകാം കാരണമെന്നാണു കരുതുന്നത്.
ഈ വർഷത്തെ ഹജ് തീർഥാടനത്തിന് അപേക്ഷിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ, ഇന്നലെ വരെ കേരളത്തിൽനിന്ന് ലഭിച്ചത് 19,025 അപേക്ഷകൾ. 70 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തിൽ 1367 പേരും കൂടെ പുരുഷൻമാരായ ബന്ധുക്കളില്ലാത്ത (മെഹ്റം) 45 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ വിഭാഗത്തിൽ 2,675 പേരും ജനറൽ വിഭാഗത്തിൽ 14,983 പേരും അപേക്ഷ നൽകി. ഇവരിൽ 11,718 പേരും കോഴിക്കോട് വിമാനത്താവളമാണ് യാത്രയ്ക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. 3,928 പേർ കൊച്ചിയും 3,379 പേർ കണ്ണൂരും തിരഞ്ഞെടുത്തു. ക്വോട്ട പ്രഖ്യാപനവും തീർഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ഉടനുണ്ടാകും.
കേരളത്തിലെ ഹജ് വിമാനയാത്ര രണ്ടാം ഘട്ടത്തിലായത് റൺവേ റീ കാർപറ്റിങ് ജോലികൾ നടക്കുന്ന കോഴിക്കോട് വിമാനത്താവളത്തിന് ആശ്വാസമായി. റൺവേ ബലപ്പെടുത്തൽ ജോലി പുരോഗമിക്കുന്നുണ്ട്. ആദ്യ പാളി പൂർത്തിയായി. ഇനി 2 പാളികൾ കൂടിയുണ്ട്. അവ മേയ് അവസാനത്തോടെ തീർക്കാനുള്ള ശ്രമത്തിലാണ്.
ഹജ് വിമാന സർവീസുകളുടെ രണ്ടാംഘട്ടം ആരംഭിക്കുന്നത് ജൂൺ 7ന് ആണ്. നിലവിൽ കരിപ്പൂരിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിട്ടാണ് റീ കാർപറ്റിങ് ജോലികൾ നടക്കുന്നത്. ഈ നിയന്ത്രണം ജൂൺ മാസത്തിനു മുൻപേ അവസാനിപ്പിക്കാനാകുമെന്നാണു കണക്കുകൂട്ടൽ. മാത്രമല്ല, ഇത്തവണ ഏതു ശ്രേണിയിൽപെട്ട വിമാനങ്ങൾ സർവീസിന് ഉപയോഗിക്കണമെന്ന നിബന്ധന ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതും കരിപ്പൂരിലെ സർവീസ് ഏറ്റെടുക്കുന്നതിന് വിമാനക്കമ്പനികൾക്കു ഗുണം ചെയ്യും.
Tags:
KERALA