Trending

കടലും,നഗരവും ആസ്വദിച്ച് വയനാട്ടിലെ ഭിന്നശേഷി വിദ്യാർഥികൾ.

കൊടുവള്ളി: നഗരത്തിൻ്റേയും കടലിൻ്റെയും പറഞ്ഞ് കേട്ട കൗതുക കാഴ്ച്ചകൾ സ്വപനമായി കണ്ട വയനാട് പൊഴുതന ലൗ ഷോറിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് നഗരവും കടലും കാണാൻ അവസരം ഒരുക്കി അരങ്ങ് കലാ സാംസ്കാരിക വേദി പ്രവർത്തകർ.

വയനാട് പൊഴുതനയിൽ പ്രവർത്തിക്കുന്ന ലൗ ഷോർ വിദ്യാലയത്തിലെ 35 ഭിന്നശേഷി വിദ്യാർഥികൾക്കാണ് കടലും നഗരവും കൗതുക കാഴ്ച്ചകളും കാണാൻ വിനോദയാത്ര ഒരുക്കിയത്.

വൈത്തിരി ,പൊഴുതന, തരിയോട്, വെങ്ങാപ്പള്ളി പഞ്ചായത്തുകളിലെ തോട്ടം മേഖലകളിൽ ജോലി ചെയ്ത് വരുന്ന തീർത്തും നിർധനകുടംബത്തിലുള്ള കുട്ടികളാണ് ലൗ ഷോറിൽ പഠിക്കുന്നത്. ജീവിതത്തിലിന്ന് വരേയും സ്വന്തം വീടും സ്കൂളുമല്ലാതെ ഇവർക്ക് പുറം നാട്ടിലെ കാഴ്ച്ചകൾ കാണാൻ കഴിഞ്ഞിട്ടില്ല. ആറ് വയസ്സ് മുതൽ 48 വയസ്സ് വരെയുള്ള പരസഹായത്തോടെ മാത്രം ജീവിതം തള്ളിനീക്കുന്ന ലൗ ഷോറിലെ വിദ്യാർഥികളായഭിന്നശേഷിക്കാരാണ് യാത്രയിൽ പങ്കെടുത്തത്.രാവിലെ ഏഴിന് യാത്ര പുറപ്പെട്ട സംഘം പ്ലാനറ്റേറിയവും കാപ്പാട് ബീച്ചും ,കോഴിക്കോട് ബീച്ചും മതിയോളം കണ്ടാസ്വദിച്ച് വൈകീട്ടോടെ യാത്ര തിരിച്ചു.

വിദ്യാർഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കളും അധ്യാപകരും അരങ്ങ് കലാ സാംസ്കാരിക വേദി പ്രവർത്തകരും അനുഗമിച്ചു.അവശകലാകാരൻമാരെയും ഭിന്നശേഷി വിദ്യാർഥികളേയും കാൻസർ ബാധിതരേയും സഹായിക്കുന്നതിന് അരങ്ങിൻ്റെ നേതൃത്വത്തിൻ നടന്ന് വരുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായാണ് വിനോദയാത്ര സംഘടിപ്പിച്ചത്.

ലൗ ഷോറിലെ 35 ഭിന്നശേഷി വിദ്യാർഥികൾ, രക്ഷിതാക്കൾ, പരിചാരകർ, അധ്യാപകർ എന്നിവർക്ക് വസ്ത്രങ്ങൾ, ഭക്ഷണ കിറ്റുകൾ, ധനസഹായം എന്നിവ വിതരണം ചെയ്യുകയും,അരങ്ങ് പ്രവർത്തകർ സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഒരു വർഷത്തെ ചിലവും ഏറ്റെടുത്തിട്ടുണ്ട്.

അരങ്ങ് രക്ഷാധികാരി മുൻ എം.എൽ.എ കാരാട്ട് റസാഖ്,മൈജി ചെയർമാൻ എ.കെ.ഷാജി,അരങ്ങ് കലാസാംസ്കാരിക വേദി ചെയർമാൻ കെ.കെ.അലി കിഴക്കോത്ത്,കൺവീനർ അഷ്റഫ് വാവാട് ,ട്രഷറർ ടി.പി. അബ്ദുൽ മജീദ്,എ.കെ.അഷ്റഫ്,സൈൻ മുഹമ്മദ് ഫാരിസ്,ഹസ്സൻ കച്ചേരിമുക്ക്, പി.വി.എസ്. ബഷീർ,കലാം വാടിക്കൽ,പ്രിൻസിപ്പാൾ സ്മിത ഷാജു, ലൗ ഷോർ ട്രസ്റ്റ് ചെയർമാൻ മുനീർ, സൈൻ റഷീദ് തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right