Trending

സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ സർട്ടിഫിക്കറ്റുകൾ കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്യേണ്ടതില്ല:പ്രവാസികൾക്ക് ആശ്വാസം

റിയാദ് : സൗദി അറേബ്യയിലേക്ക് പ്രൊഫഷണൽ വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ സൗദി കോൺസുലേറ്റ് സുതാര്യമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിയാൽ സൗദി എംബസിയോ കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് മുംബൈ സൗദി കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് അംഗീകൃത ഏജൻസികൾക്ക് സർക്കുലർ ലഭിച്ചത്.

ഇതുവരെ പ്രൊഫഷണൽ വിസയിൽ വരുന്നവർക്ക് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ കൂടുതൽ സമയമെടുത്തിരുന്നു. പലപ്പോഴും നാലോ അഞ്ചോ മാസം വരെയാണ് അറ്റസ്‌റ്റേഷന് കാലതാമസമെടുത്തിരുന്നത്. ഇത് കാരണം ഉദ്യോഗാർഥികൾക്ക് നിശ്ചിത ജോലി ലഭിക്കാതാവുന്നതും വിസ സ്റ്റാമ്പ് ചെയ്യാൻ സാധിക്കാതിരിക്കുന്നതും പതിവ് സംഭവമായി. ഇതു സംബന്ധിച്ച് വ്യാപക പരാതിയും ഉയർന്നിരുന്നു.

 എച്ച്.ആർ.ഡി അറ്റസ്‌റ്റേഷൻ പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം. ശേഷമാണ് സൗദി കോൺസുലേറ്റിന്റെ അറ്റസ്‌റ്റേഷൻ. നിശ്ചിത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അതത് യൂണിവേഴ്‌സിറ്റികളിലേക്ക് കോൺസുലേറ്റ് വെരിഫിക്കേഷന് അയക്കും. ഇതാണ് കാലതാമസത്തിന് കാരണമായിരുന്നത്.

ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ നിന്നുള്ള അറ്റസ്‌റ്റേഷനാണ് പോസ്റ്റൽ അറസ്‌റ്റേഷൻ. എച്ച്.ആർ.ഡി അറ്റസ്റ്റ് ചെയ്ത ശേഷം ന്യൂദൽഹിയിലെ വിദേശകാര്യമന്ത്രാലയത്തിലേക്ക് അയക്കും. അവിടെ നിന്ന് അറ്റസ്‌റ്റേഷൻ പൂർത്തിയാകുന്നതോടെ നടപടികൾ പൂർത്തിയായി വിസ സ്റ്റാമ്പ് ചെയ്യാൻ കൊടുക്കാം. പുതിയ സർക്കുലർ പ്രകാരം കോൺസുലേറ്റിന്റെ അറ്റസ്‌റ്റേഷന് ഇനി മുതൽ കാത്തിരിക്കേണ്ടിവരില്ല.

 എച്ച്.ആർ.ഡിയും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറ്റസ്റ്റ് ചെയ്തു കിട്ടാൻ പതിനഞ്ചോ ഇരുപതോ ദിവസം മാത്രമേ ആവശ്യമുള്ളൂ. ഉടൻ തന്നെ വിസയുമടിക്കാം.നിലവിൽ ഇന്ത്യയിൽ നിന്ന് യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ സർട്ടിഫിക്കറ്റുകളിൽ പോസ്റ്റൽ അറ്റസ്‌റ്റേഷൻ മാത്രമേ ആവശ്യമുള്ളൂ. ഗൾഫ് രാജ്യങ്ങളിൽ ഒമാനും നേരത്തെ തന്നെ ഈ സംവിധാനമാണ് സ്വീകരിച്ചിരിക്കുന്നത്. അവർക്കൊന്നും അതത് രാജ്യങ്ങളുടെ അറ്റസ്‌റ്റേഷൻ ആവശ്യമില്ല. ഇപ്പോൾ സൗദി അറേബ്യയും ഈ പാത സ്വീകരിച്ചിരിക്കുന്നതെന്ന് വലിയ ആശ്വാസമാണെന്ന് ന്യൂദൽഹി കംഫർട്ട് ട്രാവൽസ് എംഡി ഹലീം പറഞ്ഞു.

നിലവിൽ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് ഏറെ കടമ്പകൾ കഴിഞ്ഞായിരുന്നു വിസ സ്റ്റാമ്പിംഗ് നടന്നിരുന്നത്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, വിസ പരിശോധന, വിസ ലഭിച്ച കമ്പനിയുടെ ചേംബർ അറ്റസ്റ്റ് ചെയ്ത ഓഫർ ലെറ്റർ, വിസയും സർട്ടിഫിക്കറ്റും ഒരേ മേഖലയാണോയെന്ന പരിശോധന എന്നീ ഘട്ടങ്ങൾ കഴിഞ്ഞായിരുന്നു സൗദി കോൺസുലേറ്റിന്റെ അറ്റസ്‌റ്റേഷൻ നടന്നിരുന്നത്. പ്രൈവറ്റ് കോളേജുകളിലെ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തുകിട്ടുമായിരുന്നില്ല. റഗുലർ മാത്രമേ കോൺസുലേറ്റ് സ്വീകരിക്കാറുള്ളൂ. അത്തരം പ്രശ്‌നങ്ങൾക്കേല്ലാം ഇതുവഴി പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Previous Post Next Post
3/TECH/col-right