Trending

അധിക ജോലിയും കാഷ്വല്‍ ലീവുകളുടെ എണ്ണം കുറയ്ക്കലും; നാലാം ശനി അവധി എതിര്‍പ്പുമായി സംഘടനകള്‍.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കുന്നതിനോട് സര്‍വീസ് സംഘടനകള്‍ക്ക് വിയോജിപ്പ്. നാലാം ശനിയാഴ്ച അവധിയാക്കുമ്പോള്‍ എല്ലാ ദിവസവും പതിനഞ്ച് മിനിറ്റ് അധികം ജോലി ചെയ്യണമെന്നും കാഷ്യല്‍ ലീവുകളില്‍ അഞ്ചെണ്ണം വെട്ടിക്കുറക്കുമെന്നും സര്‍ക്കാര്‍ വ്യവസ്ഥ മുന്നോട്ട് വച്ചു. ഇതോടെ സംഘടനകള്‍ എതിർപ്പ് അറിയിക്കുകയും ചർച്ച തീരുമാനമാകാതെ പിരിയുകയുമായിരുന്നു. ആശ്രിതനിയമനത്തില്‍ നിലവിലുള്ള രീതി തുടരണമെന്നും ചര്‍ച്ചയില്‍ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സര്‍വീസ് സംഘടനകളുമായുള്ള ചര്‍ച്ച ചീഫ് സെക്രട്ടറി വി.പി. ജോയി വിളിച്ചുചേര്‍ത്തത്. നാലാം ശനിയാഴ്ച അവധിയാക്കണമെന്ന നിര്‍ദേശത്തിലും ആശ്രിതനിയമനം അഞ്ചുശതമാനമായി പരിമിതപ്പെടുത്തുന്നതിലുമാണ് ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ അഭിപ്രായം ആരാഞ്ഞത്.

നാലാം ശനിയാഴ്ച അവധിയാക്കുന്നതിനെ സര്‍വീസ് സംഘടനകള്‍ എതിര്‍ത്തു. നാലാം ശനിയാഴ്ച അവധിയാക്കിയാല്‍ കാഷ്വല്‍ ലീവുകളുടെ എണ്ണം കുറയ്ക്കുമെന്ന നിബന്ധനയാണ് സംഘടനകളുടെ എതിര്‍പ്പിനു പിന്നില്‍. നിലവില്‍ ഒരുവര്‍ഷം 20 കാഷ്വല്‍ ലീവുകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളത്.

നാലാം ശനിയാഴ്ച അവധി നല്‍കുന്നതോടെ ഈ കാഷ്വല്‍ ലീവുകളുടെ എണ്ണം 15 ആയി കുറയ്ക്കുമെന്നായിരുന്നു സര്‍ക്കാര്‍ വെച്ച ഉപാധി. ഓരോ മാസവും നാലാമത്തെ ശനിയാഴ്ച അവധി നല്‍കുന്നതോടെ ഈയിനത്തിൽ ഒരുവര്‍ഷം 12 അവധിദിനങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിക്കും. ഇതിന് പകരമായി നിലവിൽ ലഭിക്കുന്ന കാഷ്വല്‍ ലീവിന്റെ എണ്ണം 15 ആയി കുറയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍വാദം. എന്നാല്‍ സംഘടനകള്‍ ഇതിനെ എതിര്‍ത്തു.

കൂടാതെ നിലവിലെ പ്രവൃത്തിസമയത്തില്‍ രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടണമെന്ന നിര്‍ദേശവും ചീഫ് സെക്രട്ടറി യോഗത്തില്‍ മുന്നോട്ടുവെച്ചു. ഇതിനോടുള്ള എതിര്‍പ്പ് കൂടി പ്രകടിപ്പിച്ചാണ്‌
നാലാംശനിയാഴ്ച അവധി നിര്‍ദേശത്തെ സംഘടനകള്‍ എതിര്‍ത്തത്. ജോയന്റ് കൗണ്‍സില്‍ പോലുള്ള സംഘടനകള്‍ മറ്റു ചില ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചിട്ടുണ്ട്. മത-സാമുദായിക സംഘടനകളുടെ പേരില്‍ ഇപ്പോള്‍ നല്‍കുന്ന അവധികള്‍ പിന്‍വലിക്കണമെന്ന ആവശ്യമാണ് ജോയന്റ് കൗണ്‍സില്‍ ഉന്നയിച്ചത്.

ആശ്രിതനിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള രീതി മാറ്റുന്നതിനെതിരെയുള്ള എതിര്‍പ്പും യോഗത്തിലുയര്‍ന്നു. ആശ്രിത നിയമനത്തിന് നിലവിലെ രീതി തുടരണം. ഒരുവര്‍ഷത്തിനകം അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് പത്തുലക്ഷം രൂപ ആശ്വാസധനം നല്‍കി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സംഘടനകള്‍ ഒട്ടാകെ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് തീരുമാനം ആകാതെ യോഗം പിരിയുകയായിരുന്നു.
Previous Post Next Post
3/TECH/col-right