വിധവകളായ വനിതകളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള വനിതാ ശിശു വികസന വകുപ്പിന്റെ ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി'പടവുകൾ' ലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന (എം.ബി.ബി.എസ്., എഞ്ചിനിയറിംഗ്, ബി.ഡി.എസ്, ബി. എച്ച്. എം.എസ്, ബി. എ. എം. എസ് എന്നിവയും, കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണൽ കോഴ്സുകളും) വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസും, ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ചിട്ടുള്ള ഹോസ്റ്റൽ ഫീസും, മെസ് ഫീസും നൽകുന്നു. സെമസ്റ്റർ ഫീസാണെങ്കിൽ വർഷം 2 തവണയും വാർഷിക ഫീസാണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കും.സർക്കാർ - സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവരും, സ്വാശ്രയ കോളേജുകളിൽ സർക്കാർ മെരിറ്റ് സീറ്റിൽ പഠിക്കുന്നവരും ആയിരിക്കണം.
സ്വാശ്രയ സ്ഥാപനങ്ങളിൽ സർക്കാർ മെരിറ്റ് സീറ്റുകളിൽ പ്രഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടിയവർക്ക് സഹായത്തിന് അർഹതയുണ്ട്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, സർക്കാരിന്റെ കീഴിലുള്ള സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള മറ്റ് പ്രൊഫഷണൽ കോളേജുകൾ എന്നിവയിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
കൂടുതൽ അപേക്ഷകളുള്ള പക്ഷം പ്രവേശന പരീക്ഷയുടെ മാർക്ക്, പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയുടെ മാർക്ക്, വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിക്കും. പഠിക്കുന്ന സ്ഥാപനത്തിലെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് (ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ) എന്നിവ സംബന്ധിച്ച വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും തുക അടച്ചിട്ടുണ്ടെന്നുള്ളതും (തുക സഹിതം) അപേക്ഷകയുടെ സത്യവാങ്മൂലം സമർപ്പിക്കണം.
സർക്കാർ തലത്തിൽ നിന്നും മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കുന്നവർ ഈ ധനസഹായത്തിന് അർഹരല്ല. അങ്കണവാടി വർക്കർ ഹെൽപ്പർ, ആശാവർക്കർമാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ ഒഴികെയുള്ള സർക്കാർ ജീവനക്കാർ ഈ ആനുകൂല്യത്തിന് അർഹരല്ല. ധനസഹായം അപേക്ഷകയുടെ മാതാവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യും. ഒരു കുടുംബത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും.
www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യൂസർ മാന്വലും ഈ വെബ് സൈറ്റിൽ ലഭ്യമാണ്.ധനസഹായത്തിനുള്ള അപേക്ഷകൾ ഓൺലൈൻ വെബ് സൈറ്റ് വഴി മാത്രമാണ് സ്വീകരിക്കുക. ജനുവരി 31 വരെ അപേക്ഷകൾ സ്വീകരിക്കും.
പ്രൊഫഷണൽ കോഴ്സുകൾക്ക് സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുക എന്ന ഉദ്ദേശത്തോടെ 2018-19 വർഷം മുതൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പടവുകൾ. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
Tags:
CAREER