കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് അഞ്ചാം പനി അഥവാ മീസില്‍സ്. മോര്‍ബിലി വൈറസ് ജീനുകളില്‍ പെടുന്ന റൂബിയോള വൈറസ് ആണ് ഇത് ഉണ്ടാക്കുന്നത്.കുഞ്ഞുങ്ങളില്‍ അംഗവൈകല്യം മുതല്‍ മരണം വരേക്ക് കാരണമായേക്കാവുന്ന രോഗമാണ് മീസില്‍സ്.
ശാരീരിക സമ്ബര്‍ക്കം, ചുമ, തുമ്മല്‍ എന്നിവ രോഗ പകര്‍ച്ചയ്ക്ക് കാരണമാകുന്നു. തുമ്മലിലൂടെയും ചുമയിലൂടെയും പുറത്തുവരുന്ന രോഗാണുക്കളുടെ കണികകള്‍ രോഗ പകര്‍ച്ചാശേഷിയോടുകൂടി രണ്ട് മണിക്കൂര്‍ നേരം ചുറ്റുപാടും നിലനില്‍ക്കും.ഇങ്ങനെയുള്ള വൈറസുകള്‍ ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ അവ തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളില്‍ പെരുകുകയും ശരീരം മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്നു .രോഗാണു ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
ശരീരം മുഴുവന്‍ വ്യാപിക്കുന്ന തിണര്‍പ്പുകളാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണം. പനി തുടങ്ങി 2,3 ദിവസത്തിനുള്ളില്‍ വായ്ക്കകത്ത് മോണയുടെ ഉള്‍ഭാഗത്ത് ചുമന്ന പ്രതലത്തില്‍ ചാരനിറത്തില്‍ മണല്‍ തരികള്‍ പോലെ ഉള്ള കുരുക്കള്‍ കാണപ്പെടാം.
ഈ ഒരു ലക്ഷണം അഞ്ചാം പനിയില്‍ മാത്രമേ കാണപ്പെടാറുള്ളൂ. ഇതിനെ കോപ്ലിക് സ്പോട്ട് എന്നാണ് പറയുന്നത്.തിണര്‍പ്പുകള്‍ ചെവിയുടെ പുറം ഭാഗത്താണ് ആദ്യ ദിവസങ്ങളില്‍ കാണപ്പെടുന്നത് പിന്നീട് തലയിലും മുഖത്തും കൈപ്പത്തിക്കുള്ളിലും ശേഷം ശരീരം മുഴുവന്‍ വ്യാപിക്കുന്നു. ഈ സമയത്ത് കുട്ടികള്‍ കൂടുതല്‍ അസ്വസ്ഥത കാണിക്കാം. ചുവപ്പുനിറത്തിലും ചൊറിയോട് കൂടിയും ആണ് ഈ തിണര്‍പ്പുകള്‍ കാണപ്പെടുന്നത്.
മറ്റു പ്രാഥമിക ലക്ഷണങ്ങള്‍.
പനി, ചുമ, കണ്ണുകളില്‍ ചുവപ്പുനിറം, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം, പേശി വേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, വായ്ക്കകത്ത് ചാരനിറം ചേര്‍ന്ന കുരുക്കള്‍, ഛര്‍ദ്ദി, വയറിളക്കം എന്നിവയെല്ലാമാണ് പ്രാഥമിക ലക്ഷണങ്ങളായി വരുന്നത്.
ഏഴു മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗം പൂര്‍ണമായും ഭേദമാകും. മറ്റ് രോഗലക്ഷണങ്ങളും ഇക്കാലയളവിനുള്ളില്‍ അപ്രത്യക്ഷമാവും. എന്നാല്‍ ചുമ രണ്ടോ മൂന്നോ ദിവസത്തേക്ക് നീണ്ടുനില്‍ക്കാം.
അഞ്ചാംപനി ഭീഷണിയാകുന്നത്.
അഞ്ചാംപനി ധാരാളം കുട്ടികളുടെ മരണത്തിന് കാരണമാകാറുണ്ട്. ഇതിന് കാരണം ഈ രോഗം കൊണ്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ ആണ്. രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍, പോഷകക്കുറവുള്ള കുട്ടികള്‍,അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍, എന്നിവരിലാണ് സങ്കീര്‍ണ്ണതകള്‍ കണ്ടുവരുന്നത്. കത്ത് മീസില്‍സ് ബാധ മൂലം മരണത്തിന് കീഴ്പ്പെടുന്ന കുട്ടികളില്‍ ഭൂരിഭാഗവും ന്യൂമോണിയയാണ് മരണകാരണമായി വരാറ്.
മീസില്‍സ് വൈറസ് ശ്വാസകോശത്തെയാണ് സാരമായി ബാധിക്കുന്നത്. ഇങ്ങനെ വൈറസ് ബാധ ഏറ്റ ശ്വാസകോശത്തില്‍ മറ്റ് ബാക്ടീരിയകള്‍ കാരണം ന്യൂമോണിയ ഉണ്ടാകാം. ഇതിന് സെക്കന്‍ഡറി ബാക്ടീരിയല്‍ ന്യൂമോണിയ എന്നാണ് പറയുന്നത്. ഇതുകൂടാതെ ഉണ്ടാകുന്ന മറ്റൊരു പ്രയാസമാണ് തലച്ചോറിന് ഉണ്ടാകുന്ന നീര്‍ക്കെട്ട് അഥവാ എന്‍സഫലൈറ്റിസ്. രോഗലക്ഷണങ്ങള്‍ കുറഞ്ഞതിന് ശേഷം വീണ്ടും തലവേദന, പനി എന്നിവ കാണപ്പെടുന്നതാണ് രോഗം തലച്ചോറിനെ ബാധിക്കുന്നതിന്‍റെ ലക്ഷണങ്ങള്‍.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1) രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക.
2)മറ്റ് സങ്കീര്‍ണതകള്‍ ഇല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ ഒരാഴ്ച കൊണ്ട് കുറയുന്നതാണ്.
3) കുട്ടികളില്‍ രോഗം പെട്ടെന്ന് തന്നെ സങ്കീര്‍ണതകളിലേക്ക് പോകാന്‍ സാധ്യതയുണ്ട്.
4) രോഗിയുമായുള്ള സമ്ബര്‍ക്കം കഴിവതും മറ്റുള്ളവര്‍ ഒഴിവാക്കുക.
5) തുമ്മുമ്ബോഴും ചുമക്കുമ്ബോഴും തൂവാലയോ തുണിയോ ഉപയോഗിച്ച് മൂക്കും വായും മറച്ചുപിടിക്കുക.
6) വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക.
7) ധാരാളമായി വെള്ളം കുടിക്കുക.
8) നന്നായി വിശ്രമിക്കുക.
Tags:
HEALTH