കരിപ്പൂർ : 2023ലെ ഹജ്ജിനുള്ള അപേക്ഷ സമർപ്പണം ഡിസംബർ അവസാനത്തോടെ. ജനുവരി ഒന്നിന് മുമ്പ് അപേക്ഷ ക്ഷണിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇക്കുറി ഹജ്ജ് അപേക്ഷ വൈകിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും സാങ്കേതികവിദ്യയുടെ കാലത്ത് അപേക്ഷ സമർപ്പണത്തിനും അനുബന്ധ നടപടികൾക്കും കുറഞ്ഞ സമയം മതിയെന്നും അദ്ദേഹം പറഞ്ഞു.
അപേക്ഷ ഫോമിൽ അടുത്ത തവണ മുതൽ ചെറിയ മാറ്റങ്ങൾ വരുന്നുണ്ട്. ഇതാണ് നടപടിക്രമങ്ങൾ വൈകാൻ കാരണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കുന്നത്. വിഷയത്തിൽ ഇതുവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.