Trending

പുഞ്ചിരി ബാക്കി വെച്ച് ലുലു മോൾ യാത്രയായി.

പൂനൂർ: പൂനൂർ ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ കാരുണ്യതീരത്തിലെത്തുന്ന ആരെയും ഒരു പുഞ്ചിരികൊണ്ട് തന്നിലേക്കടുപ്പിക്കുമായിരുന്നു ലുലു മോൾ. നിഷ്കളങ്കമായ ആ ചിരിയാണ് ഇന്ന് മാഞ്ഞു പോയത്. രണ്ടായിരത്തി പത്തു മുതൽ കാരുണ്യത്തീരം കാമ്പസിലെ വിദ്യാർഥി യായ ലുലു ഏവരുടെയും പ്രിയപ്പെട്ടവളായിരുന്നു.

വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ സൈനബ കഥാപാത്രത്തിന്റെ വേഷത്തിൽ ലുലു മോൾ
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ സൈനബ കഥാപാത്രത്തിന്റെ വേഷത്തിൽ ലുലു മോൾ


സ്കൂളിൽ നടക്കുന്ന ഏതു പരിപാടിയിലും ഒരു റോൾ അവൾക്കുണ്ടാകും. അവസാനമായി നടന്ന വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണത്തിൽ ബഷീർ കഥാ പാത്രമായ സൈനബയായി നാണം കുണുങ്ങി ചിരിച്ചു കൊണ്ട് വേഷമിട്ടപ്പോൾ ഏറെ കയ്യടി വാങ്ങിയിരുന്നു. ഒപ്പന ഡാൻസ് എന്നീ പരിപാടിയിൽ മുന്നിൽ അവളുണ്ടാകുമായിരുന്നു.

ചളിക്കോട് മുണ്ടിച്ചിപ്പാറക്കൽ അബ്ദുൽ മജീദ് മാഷിന്റെയും കദീജ ടീച്ചറുടെയും മകളായ ലുലുവിന്റെ ചികിത്സക്ക് വേണ്ടി സർക്കാർ സർവീസിൽ നിന്നും രാജി വെച്ച് ഉമ്മ മൈസൂർ അടക്കമുള്ള ഇടങ്ങളിൽ കൊണ്ടുപോയിരുന്നു. വീട്ടിലും ഏറെ അടുപ്പം കാണിച്ച ലുലു കുടുംബത്തിന്റെയും വെളിച്ചമായിരുന്നു. രണ്ടു വർഷം മുമ്പ് സ്കൂളിൽ നടന്ന ആർട്സ് ഫെസ്റ്റിൽ ഡാൻസിലും
ഒപ്പനയിലുമെല്ലാം പങ്കെടുത്തുകൊണ്ട് കയ്യടി വാങ്ങിച്ചിരുന്നു. കോവിഡ് കാലത്തു ഓൺലൈൻ ക്‌ളാസിൽ പാഠ ഭാഗങ്ങൾ ഏറ്റവും നന്നായി ചെയ്തുകൊണ്ട് ആ രംഗത്തും തന്റെ മിടുക്ക് തെളിയിച്ചിരുന്നു.
കലാ കായിക പരിപാടികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
എല്ലാത്തിനും സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. സ്കൂളിൽ വരാനും ഏറെ ഇഷ്ടമായിരുന്നു
ശനി ,ഞായർ ദിവസം അവൾക്ക് ഇഷ്ടമില്ലായിരുന്നു
  നാളെ സ്കൂൾ ഇല്ല എന്ന് അധ്യാപകർ പറഞ്ഞാലെ അവൾ വിശ്വസിക്കൂ.

സ്കൂളിലേക്ക് തേച്ചു വെടിപ്പാക്കിയ  യൂണിഫോം ഇടാതെ വരില്ല. വീട്ടിൽ ഉമ്മയ്ക്ക് വയ്യാന്ന് പറഞ്ഞാലും  ഉമ്മയുമായി ബഹളം ഉണ്ടാക്കി രാത്രി യൂണിഫോം തേച്ച് വെച്ചാൽ മാത്രമേ സമാധാനം ഉണ്ടാവുകയുള്ളു. 
 സ്കൂളിലെ എല്ലാ ടൂറിനും പങ്കെടുക്കുമായിരുന്നു. എന്ത് അസുഖം ഉണ്ടായാലും  അതെല്ലാം മറികടന്ന് സ്കൂൾ ടൂറിന് എത്തുമായിരുന്നു.
ഒരു പുഞ്ചിരിയോടെ സ്നേഹ സാനിധ്യമായി മാറിയ ലുലു മോൾ ഇനിയില്ല എന്ന സത്യം ഉൾകൊള്ളാനാവാതെ വിതുമ്പുകയാണ് കാരുണ്യതീരത്തെ സഹപാഠികളും അധ്യാപികമാരും.
Previous Post Next Post
3/TECH/col-right