Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 5

പിതാവിന് അജ്മലിനോട് ധാരാളം സംസാരിക്കണമെന്നുണ്ട്. പക്ഷേ, ഇന്നവൻ്റെ മുഖത്തേക്ക് നോക്കാൻ പോലും സാധിക്കുന്നില്ല. അവൻ്റെ അധ്യാപകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അദ്ദേഹം വീട്ടിലെത്തി അജ്മലുമായി സംസാരിച്ചു. പിതാവ് അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, അവൻ്റെ ഹൃദയത്തെ ലഹരിയുടെ പുകക്കറ ഗ്രസിച്ചിരുന്നു. ആ ഉപദേശങ്ങൾ മാതാപിതാക്കളോടും അധ്യാപകനോടും അവനിൽ പുച്ഛമുണ്ടാക്കുകയാണുണ്ടായത്.
"എന്നെ ആർക്കും വേണ്ട ,ഞാൻ എങ്ങോട്ടോ നാടുവിടുകയാണ്. എൻ്റെ ആഗ്രഹങ്ങൾക്കും അഭിപ്രായങ്ങൾക്കും സ്ഥാനമില്ലാത്ത ഈ നരകത്തിൽ ഇനി ഞാനില്ല" - അജ്മൽ ക്ഷുഭിതനായി പറഞ്ഞു.

ഒരാഴ്ചക്കകം 75000 രൂപ സ്റ്റേഷനിൽ കെട്ടണം. അവൻ എങ്ങോട്ടെന്നില്ലാതെ പുറത്തേക്കിറങ്ങി. അടുത്തുള്ള ചായ മക്കാനിയിൽ കയറി. കൈയിൽ കിട്ടിയ പത്രമൊന്ന് ഓടിച്ചു നോക്കി. വല്ല പണിയും തരപ്പെട്ടാലോ?!. ഒരു പരസ്യത്തിലാണ് അവൻ്റെ കണ്ണുകൾ പതിഞ്ഞത്. "സിനിമയിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്." നമ്പറിൽ വിളിച്ചു നോക്കി. നാല് ദിവസത്തിനകം കൊച്ചിയിലെത്തണം. സെലക്ഷൻ അവിടെയാണ്. ടിക്കറ്റില്ലാതെ കള്ളവണ്ടി കയറി എറണാകുളത്ത് എത്തി. മുൻകൂട്ടി പറഞ്ഞ പ്രകാരം അവിടെ എത്തിയ കാറിൽ അജ്മൽ യാത്രയായി. പിതാവ് കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി.

ഒരു ഫ്ലാറ്റിലേക്കാണ് മൂന്നംഗ സംഘം അവനെ കൊണ്ടുപോയത്. നല്ല ശരീര ക്ഷമതയും ആകാരഭംഗിയുമുള്ള അജ്മൽ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പ്രത്യേകം റൂമിൽ അവനെ താമസിപ്പിച്ചു. തൊട്ടടുത്ത റൂമുകളിൽ രണ്ട് നടിമാർ താമസിക്കുന്നുണ്ടായിരുന്നു. അവരുമായി സൗഹൃദം പങ്കിട്ടു. ഒന്നിച്ച് ഭക്ഷണം കഴിച്ചു. പുതിയ സൗഹൃദത്തിൽ അവൻ ആനന്ദം കൊണ്ടു. ആദ്യമായി വലിയൊരു ഗാങ്ങിൻ്റെ ഭാഗമാകുന്നതിലുള്ള ആശങ്കയും വെപ്രാളവുമെല്ലാം അമർത്തിപ്പിടിച്ചു. അഭിനയത്തിൻ്റെ പുതിയ ലോകത്തേക്ക് പ്രവേശിച്ചു. റൂമുകളിൽ സ്ഥാപിച്ച സ്വകാര്യ ക്യാമറകൾ അവൻ്റെ ചലനങ്ങളെ ഒപ്പിയെടുത്തു. 

അടുത്ത ദിവസം അവനെ പ്രൊഡ്യൂസർ വിളിച്ചു കൊണ്ടുപോയി. നടികളുമായി പങ്കുവച്ച സ്വകാര്യ നിമിഷങ്ങൾ അവനെ കാണിച്ചു. അതിലവൻ ശരിക്കും പെട്ടു പോയി. തുടർന്ന് എടുക്കാനുദ്ദേശിക്കുന്ന പടത്തിൽ പൂർണ സഹകരണം തേടി. അഡ്വാൻസ് തുകയായി 25000 രൂപ കൈയിൽ വെച്ചു കൊടുത്തു. അടുത്ത ഒരാഴ്ചക്കാലം അതേ ഫ്ലാറ്റുകൾ മാറി മാറി നടിമാർക്കൊപ്പം അജ്മൽ കഴിഞ്ഞു. ആവശ്യത്തിന് മദ്യവും ഗുളികകളും അവന് റൂമിലെത്തി. പിന്നെ ഷൂട്ടിങ്ങ് പുരോഗമിച്ചു. പല രംഗങ്ങളും ചിത്രീകരിച്ചത് തന്നെ അവനറിഞ്ഞില്ല. തികഞ്ഞ അബോധാവസ്ഥയിലായിരുന്നു പലപ്പോഴും അവൻ. 

ഒരാഴ്ച കഴിഞ്ഞ് നിശ്ചയിച്ച തുകയിൽ നിന്ന് വാടകയും ട്രാൻസ്പോർട്ടേഷൻ ചെലവും കഴിച്ച് ബാക്കി തുക അവന് നൽകി. റെയിൽവേ സ്റ്റേഷനിൽ കൊണ്ടുചെന്ന് വണ്ടി കയറ്റി വിട്ടു. അടുത്ത ദിവസം നാട്ടിലെത്തിയ അവൻ പൊലിസ് സ്റ്റേഷനിൽ പണമടച്ചു. മൂന്നു നാല് തവണ പൊലിസ് അവനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വീട്ടുകാർ കാര്യമായ നഷ്ടങ്ങൾ ഇല്ലാത്തതിനാൽ കേസുമായി മുന്നോട്ട് പോകാൻ താൽപര്യപ്പെട്ടതുമില്ല.എങ്ങനെയെങ്കിലും പ്ലസ്ടു പാസാകണം. നല്ല ജോലി കിട്ടണം. മകൻ തിന്മയിൽ നിന്ന് പിന്തിരിയണം. പിതാവ് അതിയായി ആഗ്രഹിച്ചു.

പക്ഷേ, അവന് സ്കൂളിൽ പോകാൻ താൽപര്യമില്ല. പുസ്തകം എന്നോ ഉപേക്ഷിച്ചു. വായിക്കാനിരുന്നാൽ ഏകാഗ്രതയില്ല. അധ്യാപകൻ്റെ സഹായത്തോടെ ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചെന്നു. വൈകുന്നേരങ്ങളിൽ വിറയലാണ്. ശരീരം ദാഹിക്കുന്നു ,ചുണ്ടുകൾ വിറയുന്നു.' കൈയിൽ പണമില്ലാതായപ്പോൾ കവലകളിലെ ഉപേക്ഷിക്കപ്പെട്ട പാക്കറ്റുകൾ തപ്പിയെടുത്ത് പറ്റിപ്പിടിച്ച അംശങ്ങൾ വടിച്ചെടുത്ത് അകത്താക്കുകയാണ് അജ്മൽ. ഉപേക്ഷിക്കാനാകാത്ത വിധം അടിപ്പെട്ടവൻ്റെ കഷ്ടാനുഭവങ്ങൾ..

ഡീ അഡിക്ഷൻ സെൻററിലെ പരിചരണവും പരിശീലനവും അവനിൽ മാറ്റങ്ങൾ കൊണ്ടുവന്നു. സ്കൂളിൽ കുറച്ച് കാലം പോയിട്ടില്ലെങ്കിലും എന്തെങ്കിലും ചെറിയ തൊഴിൽ നൈപുണികൾ കൈവശപ്പെടുത്തട്ടെ എന്ന കൗൺസലറുടെ വാക്കുകൾ പിതാവ് ഏറ്റെടുത്തു. പക്ഷേ...

(തുടരും)
Previous Post Next Post
3/TECH/col-right