ഭാഗം 24
ദേവികയുടെ പ്രതിസന്ധി തീർക്കാൻ മുന്നിട്ടിറങിയ ജയചന്ദ്രൻ മാസ്റ്ററുടെ ടീം പരിഹാരം ആവശ്യമായ വിഷയങ്ങളിൽ മുൻഗണനാലിസ്റ്റ് തയ്യാറാക്കി. ദേവികയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഒപ്പം മകനുമുണ്ടായിരുന്നു. അക്കാലയളവിൽ അഛനമ്മമാരെ പരിചരിക്കാൻ നാട്ടിലെ പെയിൻ ആൻ്റ് പാലിയേറ്റിവ് സെൻ്ററിൻ്റെ സഹായം തേടി. അവർ പരിചരണമേറ്റെടുത്തു.
ഒന്നിടവിട്ട ദിവസങ്ങലിലായി മൂന്ന് തവണയാണ് കൗൺസിലിങ് നടത്തിയത്. അവൾ സമ്മർദങ്ങളിൽ നിന്ന് മോചിതയായിത്തുടങ്ങി. ചേർത്തു പിടിക്കാൻ ആളുണ്ടായപ്പോൾ അവളുടെ ഉള്ളം തെളിഞ്ഞു. ആനന്ദം നിറഞ്ഞു. ചുണ്ടുകളിൽ മന്ദസ്മിതം വിടർന്നു. അവൾ എഴാം ഓർത്തെടുത്തു പറഞ്ഞു. ഓർക്കാനിഷ്ടപ്പെടാത്ത കറുത്ത ദിനങ്ങൾ... ബാല്യകൗമാരത്തിലെ സന്തോഷങ്ങളെ യൗവനം കൊത്തിവലിച്ച് നശിപ്പിച്ചു കളഞ്ഞ ദിവസങ്ങൾ... നിത്യഹരിത സ്വപ്നങ്ങളെ തകർത്തെറിഞ്ഞ ഭൂതകാലങ്ങൾ...മക്കളുടെ ഭാസുരമായ ഭാവി സ്വപ്നം കാണുന്ന അഛന് നഷ്ടമായ സമ്പാദ്യങ്ങൾ... എല്ലാം പറഞ്ഞു തീർത്തപ്പോൾ ആശ്വാസമായി. ഒരിക്കലും തിരിച്ചു കിട്ടാത്ത യൗവനകാലത്തെക്കുറിച്ച നിരാശയോടെ നെറ്റി ചുളിഞ്ഞിരിക്കുന്നു. മുഖം കരിവാളിച്ചിരിക്കുന്നു. കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു. മുടികളിൽ വെള്ളി വരകൾ വന്നു തുടങ്ങിയിരിക്കുന്നു.
സാരമില്ല... എല്ലാം ശരിയാകും... കൗൺസലിങ് വിദഗ്ദ്ധൻ്റെ സാന്ത്വനം ഫലംകണ്ടു തുടങ്ങി. ആ വാക്കുകൾ കാതുകളിൽ അലയൊലികൾ തീർത്തു. അവൾ പതുക്കെ ജീവിതത്തിലേക്ക് കയറി വന്നു. വെള്ളത്തിൽ മുങ്ങുന്നവൻ പുൽക്കൊടിയിൽ ജീവൻ രക്ഷിച്ച പോലെ... മറിഞ്ഞ ബോട്ട് യാത്രികൻ നീന്തി കരപറ്റിയ പോലെ... അവൾ ആറ് മാസങ്ങൾ കൊണ്ട് നഷ്ടമായ പ്രസന്നത വീണ്ടെടുത്തിരിക്കുന്നു. ഇപ്പോൾ ഭക്ഷണം സമയത്ത് കഴിക്കാനും ഡോക്ടർമാരുടെ നിർദേശം പാലിച്ച് പ്രവർത്തിക്കാനും തുടങ്ങിയിട്ടുണ്ട്. സർവ്വേശ്വരനിൽ പ്രതീക്ഷകൾ സമർപിച്ച്, മറ്റുള്ളവരുടെ ഭാവിയോർത്ത് സ്വയം ജീവിതത്തിൻ്റെ പച്ചത്തുരുത്തിലേക്ക് നടന്നു കയറിയവൾ... കുലീനത്വവും അഛനമ്മമാർ പകർന്ന സംസ്കാരവും ധാർമിക ശിഷണവും അവളെ കരകയറ്റുകയാണ്.
മകൻ്റെ പഠന കാര്യങ്ങൾ ശ്രദ്ധിക്കാൻ അങ്കണവാടി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ടീം വ്യാപൃതരായി. നല്ല പോഷകമുള്ള ആഹാരവും പഠനോപകരണങ്ങളും അവർ നൽകി. കളി വിനോദങ്ങൾക്കായി അവന് അവസരങ്ങളായി. അഛൻ സാബുവിൻ്റെ അഭാവം അറിയിക്കാത്ത ജീവിതം അവന് നൽകി. ബാല്യം തരളിതമായി. അഛനമ്മമാർ ഇപ്പോൾ കണ്ണുകൾ തുടച്ച് പ്രാർത്ഥിക്കുകയാണ്. തൻ്റെ മകൾക്ക് സാന്ത്വനം നൽകിയ നാട്ടിലെ അധ്യാപകർക്ക്... ചേർത്തു പിടിച്ചവർക്ക്... അവർ നന്ദിയോടെ ഓർത്തു കൊണ്ടിരുന്നു.
ഇരുപത്തി അഞ്ച് ലക്ഷം രൂപ കടബാധ്യത ബാക്കിയുണ്ട്. വീടും ഉണ്ടാക്കണം. അവർ ഗ്രാമഗ്രമാന്തരങ്ങളിൽ, വ്യാപാര സ്ഥാപനങ്ങളിൽ, വിദ്യാലയങ്ങളിൽ എല്ലാം കലക്ഷനെടുത്തു. വലിയൊരു തുക തന്നെ സ്വരൂപിച്ചു. എല്ലാ കടബാധ്യതകളും കൊടുത്തു തീർത്തു. പുതിയ വീടിൻ്റെ നിർമാണം സണ്ണി ജോസ് ദാനം നൽകിയ മൂന്ന് സെൻ്റ് സ്ഥലത്ത് ആരംഭിച്ചു. ഒരു വർഷമെടുത്തു നിർമാണം പൂർത്തികരിക്കാൻ. ജയിലിൽ ക്കഴിയുന്ന ഭർത്താവ് സാബുവിൻ്റെ ചെറുപ്പകാല സുഹൃത്തുക്കളാണ് എന്ന് വൈകിയാണ് ദേവിക അറിഞ്ഞത്.
തങ്ങളുടെ ബാല്യകാലത്തെ മയക്ക് മരുന്ന് ഇടപാടുകൾ സാബുവിനെ ജയിലിലാക്കി. ഇതല്ലാത്ത എത്രപേർ അകപ്പെട്ടു കാണുമെന്ന് നിശ്ചയമില്ല. എത്ര പേർ ശരണിൻ്റെ ശിശ്യരായിക്കാണും. മരണത്തിന് ജീവിതം വിട്ട് കൊടുക്കേണ്ടി വന്നവർ... അവർ നാട്ടിൽ സർവേ നടത്തി. തൊഴിൽ നൈപുണി പരിശിലനകേന്ദ്രങ്ങൾ ആരംഭിച്ചു. മികച്ച ജോലികളിൽ എത്തിപ്പെടാൻ പരിശീലന കേന്ദ്രങ്ങളായി. കുട്ടികൾക്ക് വേണ്ടി ക്ലബ് പ്രവർത്തനങ്ങൾ, കായിക വിനോദങ്ങൾ എന്നിവ സജീവമാക്കി. വിദ്യാലയങ്ങളിൽ ബോധവൽക്കരണം തുടങ്ങി. ലഹരിക്ക് അടിപ്പെട്ടവരെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റി.
മാറ്റങ്ങളുടെ കാറ്റ് വീശി. ഒരു നാട് മുഴുവൻ മാറുകയാണ്. പുരോഗതിയുടെ പടവുകളിലേക്ക്... എല്ലാ മേഖലകളിലും പരിവർത്തനങ്ങൾ വന്നു തുടങ്ങി. ഓരോ വർഷവും യുവാക്കൾ സർവീസിലെത്തി. വിദ്യാലയങ്ങൾ പഠന - കായിക പ്രവർത്തനങ്ങളുടെ വിളവെടുത്തു. ചുരുക്കത്തിൽ, കൂട്ടായ്മകളിൽ രൂപപ്പെട്ട പരിവർത്തനങ്ങൾ കുടുംബങ്ങളുടെയും നാടിൻ്റെയും കണ്ണീർ തുടച്ചു.
.......ശുഭം......
പരമ്പര താൽക്കാലികമായി ഇവിടെ അവസാനിക്കുകയാണ്. ലഹരി വരുത്തിയ ദാരുണമായ ജീവിത പ്രതിസന്ധികളെ, നേരിട്ടുള്ള അനുഭവസാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിച്ചത് മാന്യ വായനക്കാർ ഗ്രഹിച്ച് കാണുമെന്ന് കരുതുന്നു.
എല്ലാ വായനക്കാർക്കും ഷെയർ ചെയ്തവർക്കും ഹൃദയം നിറഞ്ഞ നന്ദി... ഇനി പുസ്തകത്തിൽ വായിക്കാം.... ❤
Tags:
KERALA