ബാലുശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ സ്കൂൾ പിടിഎ അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിഎ അംഗം സജിയെ ആണ് ഐപിസി 323, 341 വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. അതേ സമയം സംഭവം നടന്ന് മണിക്കൂറുകളായിട്ടും സ്കൂൾ അധികൃതർ ഗൗരവമായി ഇടപെട്ടില്ലെന്ന് വീട്ടുകാർക്ക് പരാതിപ്പെട്ടു. സജിക്കെതിരെ ചൈൽഡ് ലൈനിന് പരാതി നൽകിയെന്നും ഇയാൾ സ്കൂളിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം നൽകിയതായും അധ്യാപകർ അറിയിച്ചു.
ബാലുശ്ശേരി കോക്കല്ലൂർ ഗവ ഹയർസെക്കൻറി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിക്കാണ് കഴിഞ്ഞ തിങ്കളാഴ്ച ക്രൂര മർദ്ദനമേറ്റത്. സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി അംഗവും കാൻറ്റീൻ ജീവനക്കാരനുമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. തന്നെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മർദ്ദനമേറ്റ കുട്ടി മൊഴി നൽകിയിട്ടുണ്ട്. സ്കൂളിലെ കാന്റീനിൽ വെച്ചാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ സജിക്കെതിരെ ബാലുശ്ശേരി പൊലീസ് കേസ്സെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ സ്കൂൾ ഇൻറർവെൽ സമയത്താണ് സംഭവം. ക്യാന്റീനിൽ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പി ടി എ അംഗം സജി കുട്ടിയെ ആക്രമിച്ചത്. ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചായിരുന്നു മർദ്ദനം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകി.
Tags:
NANMINDA