Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം:22

കടബാധ്യതകൾ എങ്ങനെ തീർക്കണമെന്നറിയാതെ വട്ടം കറങ്ങുകയാണ് ദേവികയും അഛനും. നഷ്ടങ്ങളുടെ പരമ്പര തന്നെ. ആകെ തളർന്നു. വീട് പോയി... സ്വർണം പോയി. .. ഇപ്പോൾ ഭർത്താവും കുടുംബവും നഷ്ടമായി... ഇനി ഒരിക്കലും അവനെ വിശ്വസിക്കാനാകില്ല.
അവൻ ജയിലിൽ കഴിയട്ടെ. അവൾ ഉറപ്പിച്ചു.തുടർന്ന് രണ്ടാഴ്ചയോളം അവൾക്ക് ജോലിക്ക് പോകാനായില്ല. അവസാനം വീട്ടുടമസ്ഥൻ സണ്ണി ജോസ് അവളെ തേടിയെത്തി. വീടു കണ്ട അദ്ദേഹത്തിന് പ്രയാസം തോന്നി. ഏറെ നേരം സാബുവിൻ്റെ കഥകൾ ദേവികയും അഛനും അയാളോട് പറഞ്ഞു.അദ്ദേഹം പിരിഞ്ഞു പോയി.

നാളെയെക്കുറിച്ച ഉൽകണ്ഠയിലാണ് എപ്പോഴുമവൾ. ഭയം പരിധി വിട്ട് ബാധിച്ചിരിക്കുന്നു. തനിക്ക് ശത്രുക്കളുണ്ടെന്നും ആരൊക്കെയോ തന്നെ വലയം ചെയ്യുന്നുവെന്നും ഉപദ്രവിക്കപ്പെടുമെന്നും കൊല്ലാൻ ശ്രമിക്കുന്നുവെന്നുമൊക്കെയുള്ള അവ്യകതമായ ഭയം (Mesolimbic Circuit) അവളെ ബാധിച്ചിരിക്കുന്നു. മനോവിഭ്രാന്തി മൂലം മസ്തിഷ്കത്തിലെ ഡോപ്പമിൻ്റെ അളവ് ക്രമാതീതമായി വർധിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. ഉപദേശങ്ങളോടൊക്കെ പുഛമാണവൾക്ക്. ഒറ്റക്ക് യാത്ര ചെയ്യാനും പുറത്ത് പോകാനും പേടിയാണവൾക്കിപ്പോൾ. പ്രത്യേകിച്ച് കാണുന്നവരുടെയൊക്കെ സഹതാപ നോട്ടവും ചോദ്യങ്ങളും മനസിനെ അലോസരപ്പെടുത്തുന്നു.ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ഭൂതകാല അനുഭവങ്ങളും അവളുടെ സ്വാസ്ഥ്യം കെടുത്തിയിരിക്കുന്നു. ചുരുക്കത്തിൽ നിരന്തരമായ ആഘാതങ്ങളുടെ ഫലമായി വിഷാദ രോഗത്തിന് അടിപ്പെട്ടു കഴിഞ്ഞു ആ കുലീന പെൺകുട്ടി. 

അഛനും അസുഖം ബാധിച്ചു. ആശു പത്രിയിൽ കൊണ്ടുപോകാൻ ആളും പണവുമില്ല. കടം വാങ്ങിയവർ അനുദിനം പണം ചോദിച്ച് പ്രശ്നങ്ങളുണ്ടാക്കുകയാണ്. ദേവികയാണെങ്കിൽ ന്യൂറോ പ്രശ്നങ്ങൾ കാരണം ഒന്നും സാധിക്കാത്ത അവസ്ഥയിലാണ്. സണ്ണി ജോസ് ഇനി അവർക്ക് നൽകാൻ ഒന്നുമില്ല. ഇടപാടുകൾ അദ്ദേഹം തീർത്തിരിക്കുന്നു.

സാബുവിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി എത്തിയ പൊലീസിനോട് സഹകരിക്കാൻ അവൾ തയാറായില്ല. പരമാവധി അയാൾക്കെതിരായി തെളിവുകൾ പരതുകയും പലതും വിളിച്ചു പറയുകയുമാണവൾ. ഒന്ന് എഴുന്നേറ്റിരിക്കാൻ കഴിയാത്ത വിധം അവൾ അവശയാണ്. മകനാണെങ്കിൽ ഏഴാം വയസിലും നാല് വയസിൻ്റെ വളർച്ചയേ ഉള്ളൂ. മകൻ്റെ പഠനം ഏറെ പ്രയാസത്തിലാണ്. ജീവിത പ്രാരബ്ധങ്ങൾ കൊണ്ട് ഞെരുങ്ങുന്ന ആ കുടുംബത്തിൻ്റെ ദയനീയ കാഴ്ചകൾ നാട്ടിലെങ്ങും പരന്നു.

തൊട്ടടുത്ത സ്കൂളിലെ ജയചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു സംഘം വിവരമറിഞ്ഞ് അവരെ സന്ദർശിക്കാനെത്തി. മുന്ന് അധ്യാപകരും രണ്ട് അധ്യാപികമാരുമടങ്ങുന്ന സംഘം പൂർണ വിവരങ്ങൾ ശേഖരിച്ചു. കൂടെ ഏതാനും സാമൂഹ്യ പ്രവർത്തകരുമുണ്ട്. കേട്ടതിനേക്കാൾ ഭീകരമാണ് അടുത്തറിഞ്ഞ കാര്യങ്ങൾ. കയറിക്കിടക്കാൻ സ്വന്തമായി വീടില്ല. ഭർത്താവും തങ്ങളുടെ ബാല്യകാല സഹപാഠിയുമായിരുന്ന സാബു ജയിലിലാണ്. വലിയ ക്രിമിനൽ കുറ്റങ്ങളിൽ തടവിലാണ്. പ്രായമായ രോഗികളായ മാതാപിതാക്കൾ. പട്ടിണി മാറിയ ദിനങ്ങളില്ല.

അഭിമാനബോധം കൊണ്ട് പരമാവധി ആളുകളെ പ്രാരബ്ധങ്ങൾ അറിയിക്കാതെ കഴിയുന്നവർ... ഭർത്താവിനെ മോചിപ്പിച്ച വകയിൽ കടത്തിൻ്റെ ഭാണ്ഡവുമായി ദിവസമെണ്ണിക്കഴിയുന്നവർ... വിളർച്ച ബാധിച്ച് ശോഷിച്ച ശരീരവുമായി കളി ചിരികളുടെ ലോകമില്ലാത്ത ഏഴു വയസുകാരൻ.... അവരറിയാതെ കഥ കേട്ടവരുടെ കണ്ണുകൾ നിറഞ്ഞു. കവിളിണകൾ തുടച്ച് അവർ അവശ്യവസ്തുക്കളുടെ നീണ്ട ലിസ്റ്റുമായി പുറത്തിറങ്ങി.... നെടുവീർപ്പുകൾ... തങ്ങളെ കെടുതികളിൽ നിന്ന് മോചിപ്പിച്ച ദൈവത്തിന് ഹൃദയത്തിൽ തട്ടി നന്ദി പ്രകാശിപ്പിച്ചു. എന്നിട്ട് ആ പഴയ കാലത്തെ ജീവിതാനുഭവങ്ങളെ ജയചന്ദ്രൻ എന്ന അധ്യാപകനു മുന്നിൽ പങ്കുവയ്ക്കുകയാണ് ആ സഹാധ്യാപകർ.... സാബുവിൻ്റെ ആ പഴയ കാല സുഹൃത്തുക്കൾ ഇപ്പോൾ പലവിധ മേഖലകളിലാണ് പ്രവർത്തനനിരതരായിട്ടുള്ളത്. ദേവിക ക്കായി സ്വന്തം ജീവിതത്തിൻ്റെ സകല ആവശ്യങ്ങളെയും മാറ്റി വെച്ച് വ്യത്യസ്തമായ പരിഹാരമാർഗങ്ങൾ തേടിയിറങ്ങിയ ദിനങ്ങൾ.... തിരിച്ചറിവിൻ്റെയും തിരുത്തലിൻ്റെയും വിശാലമായ ലോകത്ത് കരുതലിൻ്റെയും കാരുണ്യത്തിൻ്റെയും പ്രവാഹം ഒഴുകിയെത്തിയ നിമിഷങ്ങൾ.....

(തുടരും)
Previous Post Next Post
3/TECH/col-right