Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 17

ദേവിക തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം പുലരുന്നു. ഗർഭസ്ഥശിശുവിൻ്റെ വളർച്ച കുടുംതോറും ശരീരഭാരവും കൂടുകയാണ്. അമ്മയ്ക്കൊപ്പം ആശുപത്രിയിൽ പോകും. അഛൻ്റെ കൈയിലും ആവശ്യത്തിന് പണമില്ല. ഡോക്ടർ കുറിച്ചു കൊടുക്കുന്ന മരുന്നുകൾ വാങ്ങിക്കാനാനാകാതെ അഛൻ കുഴങ്ങുകയാണ്. ജപവും മന്ത്രങ്ങളുമെല്ലാം നിരന്തരം തുടരുകയാണ്. ഇപ്പോൾ മാനസിക നില താളം തെറ്റിയിരിക്കുകയാണ്. കടുത്ത മാനസികസമ്മർദ്ദം അസഹനീയമാണ്.
വെല്ലുവിളികൾ നിറഞ്ഞ ജീവിതം തന്നെ. ഉദരത്തിലുള്ള കുഞ്ഞ് ആറ് മാസം പിന്നിട്ടിരിക്കുന്നു. പലപ്പോഴും ദേവിക ജീവനൊടുക്കാൻ ചിന്തിച്ചതാണ്. പക്ഷേ, മാതാപിതാക്കളെയും കുഞ്ഞിനെയും ഓർക്കുമ്പോൾ.... അല്ലെങ്കിലും മാതൃത്വം ഉരുകിത്തീരുന്നത് തന്നെ കുഞ്ഞിനും മറ്റുള്ളവർക്കും വേണ്ടിയാണല്ലോ...!.

ഇപ്പോൾ മിടിപ്പും ഇളക്കവും നന്നായി കേൾക്കാം. പക്ഷേ, പങ്കു വെക്കാൻ സാബുവില്ലല്ലോ?.എന്തെല്ലാം സ്വപ്നങ്ങളായിരുന്നു...മകനായിരിക്കുമെന്ന് സാബു... മകളെന്ന് ദേവിക. ഇരുവരും ബെറ്റ് വയ്ക്കാറുണ്ട്. സാബു മൂന്ന് നാല് ആൺപേരുകളും ദേവിക ഏതാനും പെൺപേരുകളും കണ്ടു വെച്ചിരുന്നു. ആ തർക്കങ്ങൾക്കിടയിലാണ് ചെലവ് സംബന്ധിച്ച കുലുമാലുകൾ ഉടലെടുത്തത്. ചേട്ടാ ...നമുക്കൊരു വീട് വേണ്ടേ, മകളായാൽ വേഗം മാറിത്താമസിക്കണം. പ്രായമായ വൃദ്ധമാതാപിതാക്കളുടെ അടുത്ത് നിന്ന് മാറ്റാനുള്ള ധൃതി അവളെ അങ്ങനെയൊക്കെ പറയിപ്പിച്ചു. അവളുടെ ഗദ്ഗദങ്ങൾ കണ്ണീർ കണങ്ങളാൽ തലയിണ നനച്ചു... ആൾക്കൂട്ടത്തിൻ ഉശിരുള്ള സാബു ദേവികയുടെ അടുത്ത് ചൂളിപ്പോകുന്ന പാവമാണ്. അവൻ അവളുടെ വാക്കുകൾ കേട്ടു. അങ്ങനെയാണ് ആ യാത്രയുണ്ടായത്. പണം കടം വാങ്ങിയാണെങ്കിലും സാബു അവളെ ഇല്ലായ്മകൾ അറിയിച്ചില്ല. പാർക്കുകളിൽ ചെന്ന് നിവർന്നു കിടന്നു. ദേവികയുടെ ഉദരത്തിൽ തടവിയും ചെവി ചേർത്ത് വെച്ചും ഒരുപാട് സ്വപ്നങ്ങളുടെ ശബ്ദങ്ങൾ അവർ കേട്ടതാണ്. ഇതൊക്കെ ഓർക്കുമ്പോൾ ഹൃദയവേദന ഇരട്ടിയായി ഉയരുന്നു.

കടൽക്ഷോഭത്തിലെ ഇരമ്പലുകൾ പോലെ... കാറ്റും ഇടിയും മിന്നുമുള്ള പേമാരിയുടെ കിടിലം...
കുട്ടിക്ക് വളർച്ചക്കുറവുണ്ടെന്നും ദേവികയ്ക്ക് വിളർച്ചയുണ്ടെന്നും ഡോക്ടർ പറഞ്ഞു. ആവശ്യത്തിന് കാൽസ്യവും പ്രോട്ടീനും എല്ലാം ശരീരത്തിന് ആവശ്യമായ സമയം. ഒന്നും കഴിക്കാൻ സാധിക്കുന്നില്ല. യാതൊരു പിന്തുണയുമില്ലാത്ത കറുത്ത ദിനങ്ങൾ.... അത് ഇപ്പോൾ ഉദരത്തിലെ കുഞ്ഞിനെയും ബാധിച്ചിരിക്കുന്നു. വെയിറ്റ് കുറവാണ്. ഇങ്ങനെ പോയാൽ സർജറി വേണ്ടിവരും. ഡോക്ടർ ഷീട്ടിൽ കുറിക്കുന്നതിനിടെ പറഞ്ഞു കൊണ്ട് തല ഉയർത്തി മുഖത്തേക്കൊന്നു നോക്കി. എല്ലാം സഹിക്കാൻ വിധിക്കപ്പെട്ട് ഇടനെഞ്ച് പൊട്ടി ഏഴാം മാസവും കഴിഞ്ഞു. അടുത്ത പരിശോധനാ സമയം അഡ്മിറ്റ് വേണ്ടി വരുമെന്നും അതിന് തയാറായി എത്തണമെന്നും ഡോക്ടർ പറഞ്ഞു.

നിമിഷങ്ങളും മണിക്കൂറുകളും ക്ലോക്കിൽ നോക്കി നോക്കി ദിവസങൾ തള്ളി നീക്കി. പറഞ്ഞ തീയതിക്കു മുമ്പേ ശരീരമാസകലം വേദന, എല്ലുകൾ പൊട്ടുന്ന പോലെ.. അയൽക്കാരുടെ വാഹനത്തിൽ ആശുപത്രിയിലേക്ക്. എട്ട് മാസമേ ആയുള്ളൂ.. ഇനിയും തീയതി പൂർത്തിയാകാൻ ഒരു മാസം കൂടിയുണ്ട്. സാബുവുമായുള്ള പഴയ കാല ബന്ധങ്ങൾ പങ്കുവെച്ചാണ് ആ യാത്രയവൻ ലക്ഷ്യത്തിലെത്തിച്ചത്. ശരീരവേദനയെക്കാൾ മനസ് വേദനിക്കുകയും തളരുകയും ചെയ്ത നിമിഷങ്ങൾ...
നേരെ ചെന്നത് ലേബർ റൂമിലേക്കാണ്. ഒരു മണിക്കൂർ നിരീക്ഷണം. അത് കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു. 
"ദേവിക " - നഴ്സ് ഉറക്കെ വിളിച്ചു.
അമ്മ പറഞ്ഞു: അതെ,
ഉടൻ സർജറി വേണം: ഡോക്‌ടർ പറഞ്ഞു.
എന്തു പറയണമെന്നറിയാതെ അമ്മ അസ്വസ്ഥയായി; ബാക്കിയാക്കുന്നത് ജീവിതമോ മരണമോ എന്തുമാകട്ടെ. വയറൊന്ന് തടവാനും പുറത്തൊന്ന് തടവാനും ഒരാൾ... പറയാനുള്ളതെല്ലാം കേൾക്കാനൊരാൾ... അത്രയേ വേണ്ടിയിരുന്നുള്ളൂ...അടുത്തില്ലാതെ പോയല്ലോ... ജീവിതത്തിൽ അമ്മയാകാൻ പോകുന്ന ദിവസം... ജയിലകത്ത് അഴികളെണ്ണി പിറക്കാൻ പോകുന്ന കുഞ്ഞിൻ്റെ അഛൻ...
ദേവികയുടെ അഛൻ സർജറിക്കുള്ള സമ്മതപത്രത്തിൽ ഒപ്പ് വെച്ചു....
ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് നഴ്സ് ഡോർ തുറന്ന് പുറത്തേക്ക് തലയിട്ടു. ബന്ധുക്കളുടെ പ്രസവം പ്രതീക്ഷിക്കുന്ന കൂട്ടിരിപ്പുകാരും സൂതി കർമണികളും വാതിലിനടുത്തേക്ക് കാത് തുറന്നു.
- ദേവിക....
- അതെ
- പ്രസവിച്ചു. ആൺ കുഞ്ഞ്
എല്ലാവരും അഛനമ്മമാരെ കൗതുകത്തോടെ നോക്കി. ദൈന്യതയുടെ കണ്ണിമകൾ ഒന്ന് മിന്നി മറിഞ്ഞു.
സർജറിക്ക് പണം കണ്ടെത്താനുള്ള ആധിയാൽ അഛൻ്റെ ഉള്ളം കത്തിക്കയറുകയായിരുന്നു. അമ്മ പര സഹായത്തിനായി പലരെയും സമീപിച്ചുകൊണ്ടിരുന്നു.
- ദേവികയ്ക്ക് ധാരാളം പറയാനുണ്ട്.. തൻ്റെ ആധികൾ... വേദനകൾ... വേവലാതികൾ... പക്ഷേ...
ഏതൊരു ഭാര്യയും കൊതിക്കുന്ന സാമിപ്യം അന്യമായതിലെ അനാഥത്വം അനുഭവിക്കുകയാണവൾ...
കുട്ടിക്ക് ഭാരം കുറവാണ്. ഇൻക്യുബേറ്ററിൽ 3 ദിനം തുടരണം. ദേവികയും നിരീക്ഷണത്തിലായി.
ഇതൊന്നുമറിയാതെ, തൻ്റെ പാതിക്ക് കൂട്ടിരിപ്പില്ലാതെ, അവർ തൻ്റെ വിവരങ്ങൾ അറിഞ്ഞില്ലെന്ന വിശ്വാസത്തോടെ സാബു ജയിൽവാസം തുടരുകയാണ്...

(തുടരും)
Previous Post Next Post
3/TECH/col-right