Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 11

സാബു പത്താം തരത്തിലേക്ക് വിജയിച്ച സമയത്താണ് അഛൻ ഇത്തവണ വിദേശത്തേക്ക് പോയത്.കുറെക്കാലമായി ഒരു സ്മാർട്ട് ഫോൺ വാങ്ങിത്തരാൻ സാബു അഛനോട് പറയുന്നു. പത്താംതരത്തിൽ മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങിയാൽ സ്മാർട്ട് ഫോൺ വാങ്ങിത്തരാമെന്നാണ് അഛൻ്റെ വാഗ്ദാനം. 
സാബു ചിന്തിച്ചു: "എല്ലാ ചങ്ങാതിമാർക്കും ഫോണുണ്ട്. അവർ മെസേജുകൾ അയക്കുന്നു. വിളിക്കുന്നു. എനിക്ക് മാത്രം അഛനും അമ്മയും അത് നിഷേധിക്കുന്നു"
അങ്ങനെയിരിക്കുമ്പോഴാണ് ശരൺ ചില ഹാൻസ് കവറുകൾ അവന് നൽകിയത്. അഛൻ അയച്ചുകൊടുത്ത ധാരാളം പണം നഷ്ടമായിത്തുടങ്ങി. കൂടുതൽ പണം സമ്പാദിച്ച് നല്ല ഒരു ഫോൺ വാങ്ങണം. പിന്നെ ഒരു ബുള്ളറ്റ് ബൈക്ക് വേണം. അത്തരം ചിന്തകൾ കാടുകയറിയിരിക്കുന്നു. പഠനത്തിൽ അവന്ന് ശ്രദ്ധ തീരെ കിട്ടുന്നില്ല.

അപ്പോഴാണ് അയൽക്കാരായ രണ്ടു പേർ സാബുവിനെ സമീപിച്ചത്. നാട്ടിലെ കോഴിക്കച്ചവടക്കാരാണ് ഇരുവരും.
സാബൂ... ഞങ്ങൾ ഗൾഫിൽ ജോലി തേടിപ്പോകുന്നു. നിനക്ക് താൽപര്യമുണ്ടെങ്കിൽ ഞങ്ങളുടെ കോഴിക്കടയുടെ നടത്തിപ്പ് പൂർണമായും നിനക്ക് വിട്ടുതരാം. നിശ്ചിത തുക ഞങ്ങളുടെ വീട്ടിൽ നിത്യേന എത്തിക്കണം. ബാക്കി നിനക്കെടുക്കാം. ഇടപാടുകൾ പരിചയിക്കുന്നതിനായി അവധി ദിനങ്ങളിൽ അവൻ കോഴിക്കടയിലെത്തുന്നു. ജനങ്ങളുമായി നല്ല സമ്പർക്കം. നല്ല ചുറുചുറുക്ക്. വീടുകളിൽ ഡലിവറി. ചുരുങ്ങിയ കാലയളവിൽ എല്ലാവർക്കും ഇഷ്ടപാത്രമായി.

ഒരു മാസം കഴിഞ്ഞ് ഉടമസ്ഥർ സഊദിയിലേക്ക് പറന്നു. പിന്നെ കോഴിക്കട സാബുവിൻ്റെ സാംരാജ്യമായി. രണ്ട് ബംഗാളികളെ പണിക്കു നിർത്തി. നാട്ടിലെ ലഹരി മാഫിയക്കാർ വായ്പ നൽകിയ മൂന്ന് ലക്ഷം കൊണ്ട് കൂടുതൽ കോഴികളെ ഇറക്കി. കച്ചവടം പൊടിപൊടിച്ചു. വലിയ ലാഭത്തിലേക്കു നീങ്ങിത്തുടങ്ങി. കൂടാതെ പുതിയ സുഹൃത്തുക്കളായി. തമിഴന്മാർ, ബംഗാളികൾ, ബീഹാറികളും ആസാമികളും. സാബു തൻ്റെ ബിസിനസ് വിപുലീകരിക്കാനായി കോയമ്പത്തൂരിലെത്തി. കോഴിഫാമിലെ മണികണ്ഠൻ, പളനി സ്വാമി എന്നിവരിൽ നിന്ന് മയക്കുമരുന്ന് ഉൽപന്നങ്ങൾ വിലക്കു വാങ്ങി. അവർ തമിഴ് നാട്ടിലെ വലിയ മാഫിയകളിൽപെട്ടവരാണ്. അവരിലൂടെ സാബുവും ലഹരിയുടെ സ്ഥിരം ഉപഭോക്താവായിക്കഴിഞ്ഞിരിക്കുന്നു. ഇടനിലക്കാരനും...

ഇന്നവൻ 45000 രൂപ വിലയുള്ള മൊബൈൽ ഫോൺ സ്വന്തമാക്കി. അടുത്ത ലക്ഷ്യം ഒരു ബുള്ളറ്റ് ബൈക്ക് വാങ്ങുകയെന്നതാണ്. അതിനായുള്ള ഓട്ടപ്പാച്ചിലിനിടയിലാണ് അച്ഛൻ മകൻ്റെ പരീക്ഷ പരിഗണിച്ച് നാട്ടിലെത്തുന്നത്. സ്കുളിൽ ചെല്ലുന്നത്. ഇക്കാര്യങ്ങളെല്ലാം പിതാവ് സ്‌കൂളിൽ ചെന്നപ്പോഴാണ് അറിയുന്നത്. പിതാവിനെക്കുറിച്ച് മതിപ്പില്ലാത്തവൻ. ആരെയും കൂസാത്ത പ്രകൃതം. മുമ്പ് വളരെ മാന്യനും സൽസ്വഭാവിയുമായിരുന്നു. എത്ര പെട്ടെന്നാണ് സ്വാർത്ഥനായത്? കപടനായത്!? ധാർഷ്ട്യക്കാരനായത്?...
അഛൻ്റെ മുന്നിൽ വെച്ച് അവൻ അധ്യാപകനോട് പറഞ്ഞു:
ഒരുപാടു കാലം പിറകെ നടന്നിട്ടാണ് ഒരു മൊബൈൽ അവസാനം സ്വന്തമായി വാങ്ങിയത്. ഇനി ബൈക്കിൻ്റെ കാര്യത്തിൽ പിറകെ കൂടാനാകില്ല. അഛൻ ഇന്ന് വരെ വാക്ക് പാലിച്ചിട്ടില്ല. അങ്ങനെയാണ് ഞാൻ കോഴിക്കച്ചവടത്തിനിറങ്ങിയത്.

അച്ചൻ നിത്യേന 1000 രൂപ സമ്പാദിക്കുമ്പോൾ സാബു 3000 മുതൽ 4000 വരെ ദിനംപ്രതി സ്വന്തമാക്കുന്നുണ്ട്. ഇനി ബുള്ളറ്റ് വാങ്ങണം.. അതായിരുന്നു സ്വപ്നം. വലിയ ബിസിനസ് സാംരാജ്യമുള്ളവന് സ്കൂളിൽ വരാനെവിടെയാണ് സമയം!?
അങ്ങനെ കോഴിക്കച്ചവടം, ലഹരി മാഫിയ, ഫോൺ എന്നിത്യാതി ആവശ്യങ്ങൾക്ക് അവൻ പണം വാരിയെറിഞ്ഞു..... ഇതെല്ലാം അധ്യാപക നിൽനിന്ന് കേട്ടറിഞ്ഞ അഛൻ തല ചുറ്റി വീണു. ബി പി യുടെ അളവ് കൂടി. സാബു അച്ഛനെയും കൊണ്ട് ആശുപത്രിയിലേക്ക് പുറപ്പെട്ടു...

(തുടരും)
Previous Post Next Post
3/TECH/col-right