Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ: ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 10

സാബു അതേ വിദ്യാലയത്തിലെ പത്താംതരം വിദ്യാർത്ഥിയാണ്. പിതാവ് വിദേശത്ത് ജോലി ചെയ്യുന്നു. മകന് എല്ലാ വിഷയങ്ങളിലും A+ ലഭിക്കണമെന്ന് ചെറുതായ നാൾ മുതൽ പിതാവ് സ്വപ്നം കണ്ടു. തനിക്ക് സാധിക്കാത്തത് മക്കൾക്ക് സാധിക്കണമെന്ന ആഗ്രഹം. പലപ്പോഴും അവന് ആവശ്യത്തിലധികം പണം അയച്ചുകൊടുത്തു ആ വാത്സല്യനിധിയായ പിതാവ്. പക്ഷേ, അത് ആ അർത്ഥത്തിൽ ഉൾക്കൊള്ളാൻ അവൻ അശകതനായിരുന്നു.

ഒരു ഡിസംബർ മാസം. ആറുമാസത്തേക്ക് പ്രവാസം ലീവെടുത്ത് പിതാവ് നാട്ടിലേക്കു പോന്നു. മകൻ സാബുവിൻ്റെ പഠനത്തിന് പിന്തുണ നൽകാൻ. അവന് അടുത്ത മെയ് മാസത്തിൽ റിസൽട്ട് വന്നാൽ കൊടുക്കാൻ പ്രത്യേക സമ്മാനങ്ങൾ മുൻകൂട്ടി കൊണ്ടുവന്നു. സർപ്രൈസായി അവ സൂക്ഷിച്ച പിതാവ് രണ്ട് ദിവസത്തെ വിശ്രമം കഴിഞ്ഞ് സ്കൂളിലേക്കു പുറപ്പെട്ടു. രാവിലെ സാബു എത്തേണ്ട സമയം കഴിഞ്ഞ് പിതാവ് സ്കൂളിലെത്തി. ഒരു ഡസൻ അധ്യാപകരോടെങ്കിലും സ്വയം പരിചയപ്പെടുത്തി. ക്ലാസ് ടീച്ചറെ കാണുവോളം കാത്തിരുന്നു.
സ്വന്തം മക്കളെ സ്കൂളുകളിലൊക്കെ വിട്ട് ഉച്ചഭക്ഷണം പാത്രത്തിലാക്കി ഭർത്താവിനെ യാത്രയാക്കി പരിക്ഷീണതയായി സ്കൂളിലെത്തുകയാണ് സാബുവിൻ്റെ ക്ലാസ് ടീച്ചർ....

ഓടിക്കിതച്ചു അധ്യാപിക ഏറെ അസ്വസ്ഥയായി സ്കൂളിലെത്തിയതും കണ്ടത് സാബുവിൻ്റെ അഛനെയാണ്. ഇപ്പോൾ വരാമെന്ന് പറഞ്ഞ് കൈയിൽ കിട്ടിയ റജിസ്റ്റർ എടുത്ത് ക്ലാസിലേക്ക് ഓടിക്കയറി. 
" പറയൂ ഹാജർ, വൺ, ടു, ത്രീ... .. "
കുട്ടികൾ പറയുന്നതിനനുസരിച്ച് കോളങ്ങളിൽ മാർക്ക് ചെയ്തു കൊണ്ടിരുന്നു.
ധൃതി സമ്മാനിച്ചത് രണ്ട് അമളികളാണ്. കണ്ണട മറന്നു വെച്ചാണ് അന്ന് സ്കുളിലെത്തിയത്.
മാർക്ക് ചെയ്തതാകട്ടെ സാവിത്രി ടീച്ചറുടെ എട്ടാം ക്ലാസിലെ റജിസ്റ്ററിലും. നമ്പർ വിളിച്ചുകൊണ്ടിരിക്കെ 'ഇലവൻ' ആബ്സെൻറ്. അപ്പോഴാണ് പേര് തിരഞ്ഞെടുത്ത് ഉറക്കെ വായിച്ചപ്പോൾ കുട്ടികൾ പൊട്ടിച്ചിരിച്ചത്. ആ ക്ലാസിൽ അങ്ങനെ ഒരു കുട്ടി ഉണ്ടായിരുന്നില്ല.
ടീച്ചറുടെ കിളി പോയ നിമിഷങ്ങൾ...
അപ്പോഴാണ് എല്ലാ അമളികളും ടീച്ചർക്ക് തന്നെ തിരിച്ചറിഞ്ഞത്. കുട്ടികളെ ഒച്ചവെച്ച് അടക്കിയിരുത്തി.

ഒന്നും സംഭവിക്കാത്ത മട്ടിൽ ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് ഓടി. പിന്നെ അന്ന് ശരിയായ റജിസ്റ്റർ ഉപയോഗിക്കാൻ ടീച്ചർക്ക് സമയം കിട്ടിയതുമില്ല.അന്ന് ക്ലാസിൽ വരാത്ത സാബുവിൻ്റെ അഛനാണ് കാത്തിരിക്കുന്നത്. അയാൾ പറഞ്ഞു. "ടീച്ചർ- ഞാൻ സാബുവിൻ്റെ അച്ചൻ. ഞാൻ രണ്ടു ദിവസം മുമ്പ് ദുബായിൽ നിന്ന് എത്തിയതാണ് "
ഓഹോ... ശരി, ഞാനവനെ വിളിച്ചു കൊണ്ടു വരാം: ടീച്ചർ പറഞ്ഞു.
തിരിച്ചു ക്ലാസിൽ ചെന്ന ടീച്ചർ അപ്പോഴാണ് സാബു ഹാജരല്ലാത്തവിവരം അറിയുന്നത്.
ഓഫീസിലെത്തി ശരിയായ റജിസ്റ്ററിൽ ഹാജർ നോക്കി. കഴിഞ്ഞ 20 ദിവസങ്ങൾ തീരെ സ്കൂളിലേക്ക് അവൻ വന്നിട്ടില്ല. പഴയ മാസങ്ങളിൽ പല ദിവസങ്ങളിലും അവൻ ആബ്സെൻറ്. അച്ഛൻ വിവരമറിഞ്ഞ് ആശ്ചര്യപ്പെട്ടു.

അവൻ്റെ ഉമ്മയെ വിളിച്ചു. നിത്യേന രാവിലെ സ്കൂളിലേക്ക് പുറപ്പെടാറുള്ള വിവരം ഉമ്മ പങ്ക് വെച്ചു. പക്ഷേ, മിക്ക ദിവസങ്ങളിലും സ്കൂളിലെത്തിയില്ല. ഫുൾ A+ മോഹിക്കുന്ന പാവം പിതാവിൻ്റെ ഒരു മാനസികാവസ്ഥ!
അഛൻ ടീച്ചറുമായി ഒരു മണിക്കൂർ സംസാരിച്ച് തിരിച്ചുപോയി. അന്നത്തെ ടീച്ചറുടെ ആദ്യ പിരീഡിലെ 45 കുട്ടികളുടെ കാര്യം സ്വാഹ....
വൈകുന്നേരം സാബു വീട്ടിലെത്തി. പിതാവിനോട്‌ സ്കൂളിൽ നിന്നാണെന്ന് തട്ടി വിട്ടു. ഒന്നും മിണ്ടാതെ അദ്ദേഹം സംയമനം പാലിച്ചു. അടുത്ത ദിവസം ഇരുവരും ഒരുമിച്ചാണ് സ്കൂളിലെത്തിയത്. സീനിയർ അധ്യാപകൻ പിതാവുമായി ദീർഘനേരം സംസാരിച്ചു. തൻ്റെ ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ, പണമയച്ചത്, എല്ലാം എല്ലാം സംസാരിച്ചു. പിന്നെ സാബുവിനെ മാത്രമായി വിളിച്ചു സംസാരിച്ചു. ടീച്ചർ അവൻ്റെ പ്രോഗ്രസ് കാർഡ് പിതാവിനെ കാണിച്ചിരുന്നു. സാബുവും ആകാർഡ് അന്നാണ് കണ്ടത്.

ശരണിൻ്റെ പുതിയ ഇരയാണ് സാബു വെന്ന് അവർ തിരിച്ചറിഞ്ഞു. ക്ലാസ് കട്ട് ചെയ്ത് പിതാവ് വിദേശത്തുള്ള സുഹൃത്തുക്കളുടെ വീടിൻ്റെ ടെറസിനു മുകളിലിരുന്ന് കോയമ്പത്തൂരിലെ ഇടനിലക്കാരോട് മയക്കുമരുന്ന് ഉൽപന്നങ്ങൾക്ക് ഓർഡർ നൽകുകയാണ് സാബു. എങ്ങനെയാണ് സാബു ഇതിൻ്റെ ഏജൻ്റായി മാറിയത്?.പിതാവിനെക്കാൾ വലിയ പണക്കാരനായത്? ...എല്ലാം ആ അധ്യാപകനു മുന്നിൽ അവൻ തുറന്നു പറഞ്ഞു....

 (തുടരും)
Previous Post Next Post
3/TECH/col-right