Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 7

വിദ്യാലയത്തിൽ ജാഗ്രതാ സമിതിയുടെ യോഗം അടിയന്തിരമായി വിളിച്ചു ചേർത്തു. പ്രിൻസിപ്പാൾ തൻ്റെ പ്രസംഗത്തിൽ അധ്യാപകൻ പങ്കുവെച്ച വിവരങ്ങൾ അവതരിപ്പിച്ചു. അജ്മലിനെ തിരിച്ചു കൊണ്ടുവന്ന അധ്യാപകനെ അഭിനന്ദിച്ചു.പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. പി ടി എ പ്രതിനിധി എഴുന്നേറ്റ് നിന്നു സദാചാരപ്രസംഗം ചെയ്തു. ആവേശം കത്തിക്കയറി. നാട്ടിലെ കവല പ്രസംഗകനായ രാഷ്ട്രീയക്കാരൻ വാസു അധ്യാപകരെ കുറ്റപ്പെടുത്തി ഇങ്ങനെ പറഞ്ഞു.
" നമ്മുടെ സ്കൂളിൻ്റെ അകത്ത് ധാരാളം കുട്ടികൾ MDMA യുടെ ഇരകളാണ്. അവർക്ക് യഥേഷ്ടം മയക്കുമരുന്ന് ഉൽപന്നങ്ങൾ കിട്ടുന്നുണ്ട്; നിരവധി പെൺകുട്ടികളെ എനിക്കറിയാം. ഇവിടത്തെ സാറുമാർക്ക് അവയൊന്നും നോക്കാൻ നേരമില്ല. അധ്യാപകരും ഉപയോഗിക്കുന്നുണ്ടോ എന്നാണെൻ്റെ സംശയം "
യോഗത്തിൽ പങ്കെടുത്തവർ മുഖത്തോടു മുഖം നോക്കി.

ആശ്ചര്യത്തോടെയും നടുക്കത്തോടെയുമുള്ള മുഖഭാവങ്ങൾ.
വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗം അലസിപ്പിരിയാൻ വാസുവിൻ്റെ പ്രസംഗം നിമിത്തമായി."ഇദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ ഇനി ഞങ്ങൾ ഇല്ല": അധ്യാപകർ നിലപാട് വ്യക്തമാക്കി.
കവല പ്രസംഗകർ പൊതുവെ തെളിവുകളുടെ പിൻബലത്തിലല്ലല്ലോ പ്രസംഗിക്കാറുള്ളത്. ശ്രദ്ധിക്കപ്പെടാൻ വേണ്ടി എന്തെങ്കിലും പറയുക. ഭവിഷ്യത്തുകളൊന്നും ചിന്തിക്കാറില്ല. പിന്നെ പറഞ്ഞു പോയതിനെ ന്യായികരിക്കുക. നന്മകൾ തൻ്റെ അക്കൗണ്ടിലേക്ക് ചേർക്കുക. എല്ലാ നാട്ടിലുമുണ്ടാകും എട്ടുകാലി മമ്മൂഞ്ഞു മാർ.

ഈ പ്രസംഗത്തോടെ അജ്മലിൻ്റെ മോചനത്തിന് മുന്നിൽ നിന്ന അധ്യാപകനെ അഭിനന്ദിക്കാനോ ഭാവിതീരുമാനങ്ങൾ നിശ്ചയിക്കാനോ സാധിക്കാതെ പിരിഞ്ഞു.ഒരാഴ്ച കഴിഞ്ഞു. മൂന്ന് ദിവസം തുടർച്ചയായി പ്ലസ് ടു ക്ലാസിലെ ആരതി ആബ്സൻ്റ്. വീട്ടിൽ വിളിച്ചിട്ട് കിട്ടുന്നില്ല. ടീച്ചർ ഡിസിപ്ലിൻ കമ്മിറ്റിയെ വിവരമറിയിച്ചു. വിലാസം ശേഖരിച്ചു.

അടുത്ത സുഹൃത്തുക്കൾ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. 
അച്ഛൻ്റെ പേര്? പ്രിൻസിപ്പാൾ ടീച്ചറോട് ചോദിച്ചു.
- വാസു
- ഹല്ല... മ്മളെ വാസുവേട്ടനാണോ?
- അതെ
സ്റ്റാഫ് മീറ്റിങ്ങ് ചേർന്നു. നാലംഗ ടീം വീട് സന്ദർശിക്കണം. പ്രിൻസിപ്പാൾ പറഞ്ഞു.
"ഞാനില്ല" - ഞാനില്ലേ
എല്ലാവരും മനസ്സിൽ പറഞ്ഞു. പ്രിൻസിപ്പൾ നിർദേശിച്ച ആരും തയാറായില്ല. അധ്യാപകരെ അടച്ചാക്ഷേപിച്ച, മീറ്റിങ്ങിൽ തങ്ങൾക്കെതിരെ പ്രസംഗിച്ച, തങ്ങളുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്ത വാസു...അവരുടെ മനസാക്ഷി ആരതിയെ തേടി പോകാൻ അനുവദിച്ചില്ല. 

അല്ലെങ്കിലും അധ്യാപകർക്ക് അറിവ് പകരുന്നതിനേക്കാൾ ജോലികൾ സ്കൂളിലും റേഷൻകടയിൽ അരി വിതരണം, ക്ലബ് പ്രവർത്തനത്തിനും മേളകൾക്കും മറ്റും കുട്ടികളെ പുറത്ത് കൊണ്ടു പോകൽ, കുട്ടികൾക്കൊപ്പം ബസിൽ പോകൽ, കാഷ് പിരിച്ചെടുക്കൽ, മരാമത്ത് പണികൾ, തുടങ്ങിയവയാണല്ലോ. ഓഫീസ് വർക്കുകൾ വേറെയും.പ്രിൻസിപ്പലിൻ്റെ ഫോൺ കാൾ വാസുവിനെ അസ്വസ്ഥനാക്കി.
- ആരതി എവിടെ? എന്താ വരാത്തത്?
- അവൾ രാവിലെ പോന്നതാണല്ലോ?
- ഇവിടെ വന്നിട്ട് മൂന്ന് ദിവസമായി!
- എന്താ മാഷേ പറയുന്നത്?
- നിങ്ങൾ സ്കുളിലേക്ക് വാ?
- ശരി സർ
അന്ന് വാസുവേട്ടൻ ശരിക്കും വിയർത്തു. തോർത്തെടുത്ത് ചുഴറ്റി തലങ്ങും വിലങ്ങും നടന്നു.

"എടീ, നിന്നെ വേണം പറയാൻ, വേഗം ചെല്ല് സ്കൂളിലേക്ക്.. കഴിഞ്ഞ മൂന്ന് ദിവസമായി നിൻ്റെ മോൾ അവിടെയെത്തിയില്ലത്രെ. നിന്നെപ്പോലെ അവളും നിലയില്ലാതെ തുള്ളിത്തുടങ്ങി ലേ?"
ഭാര്യ ശാരദ വിവരമറിഞ്ഞ് ഞെട്ടി. കുറച്ച് ദിവസമായി ആരതിക്ക് എന്തോ ഒരു പന്തികേടുണ്ട്. എന്താ മോൾക്ക് സംഭവിച്ചത്!?. .. ദൈവമേ.. 
ഇരുവരും സ്കൂളിലെത്തി. വാസു ഇന്നേ വരെ ആരുടെ മൃന്നിലും തല താഴ്ത്തിയിട്ടില്ല. നാട്ടുകാർക്കിടയിലെ മാന്യൻ.. രാഷ്ട്രീയത്തിൽ കേമൻ...
ഇന്നയാളുടെ തല കുനിഞ്ഞിരിക്കുന്നു.

തൻ്റെ പ്രസംഗം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞില്ല. അധിക്ഷേപിച്ച അധ്യാപകർക്കു മുന്നിൽ പോം വഴിതേടി അയാൾ കേണു.
"സർ, സഹായിക്കണം" എന്താ ചെയ്യുക.? അധ്യാപകരുടെ ഉള്ളം പരിഹാസച്ചിരികൊണ്ട് മൂടി. ആരും ഗൗനിച്ചില്ല.
നേരത്തെ അജ്മലിൻ്റെ സഹായത്തിനെത്തിയ ജയചന്ദ്രൻ സർ വിഷയം ഏറ്റെടുത്തു. "നക്ഷത്രങ്ങളുടെ രാജകുമാരൻ വീണ്ടും രംഗത്തിറങ്ങി "
നന്ദി വാക്കോ പ്രശംസയോ പണമോ മോഹിക്കാത്ത അധ്യാപകൻ
പറഞ്ഞു." അടുത്ത ദിവസം വരെ കാത്തിരിക്കുക, പോകുന്ന വഴി കണ്ടെത്തുക, ഇപ്പോൾ നിങ്ങൾ വീട്ടിൽ പോകു, നമുക്ക് പരിഹാരമുണ്ടാക്കാം "
- ശരി സർ
അപമാനഭാരവും പേറി തൻ്റെ കാലദോഷത്തെ പഴിച്ച് നടന്നകലുകയാണ് വാസുവും ശാരദയും.

വാസു എല്ലാ കാര്യങ്ങളും അധ്യാപകനു വിട്ടു. അവർക്കല്ലാതെ പരിഹരിക്കാനാകില്ലെന്ന് ഗ്രഹിച്ചു. വിശ്വസിച്ചു.അന്ന് വൈകിട്ട് ആരതി തിരിച്ചെത്തിയപ്പോൾ അമ്മയ്ക്ക് കാത്തിരിക്കാനോ സ്വയം നിയന്ത്രിക്കാനോ കഴിഞ്ഞില്ല!
- നീ മൂന്ന് ദിവസം എവിടെയായിരുന്നു?
- ഞാൻ, ഞാൻ,...
- എൻ്റെ ഫ്രണ്ടിൻ്റെ വീട്ടിൽ
- ഏത് ഫ്രണ്ട്. സ്കൂൾ മുടക്കി അവിടെ പോകാൻ മാത്രം?
- "ഈ അമ്മയ്ക്ക് എന്തിൻ്റെ കേടാ,... എപ്പോഴും ഇത് തന്നെ. ഇനി അഛനോടും പറഞ്ഞേക്ക്." അവൾ മുഖം പൊത്തിക്കരയാൻ തുടങ്ങി.
പിന്നെ അമ്മയൊന്നും പറഞ്ഞില്ല.
" അമ്മേ, ഞാനൊരു കാര്യം പറഞ്ഞേക്കാം;വെറുതെ സീനാക്കണ്ട.
- ഇല്ല മോളേ... നീ പോയി കുളിച്ച് വാ, നിനക്ക് അമ്മയില്ലേ, നീ ചായ കുടിക്ക്.
-അമ്മേ ഫോൺ താ?
ഹോ, നിറയെ സുഹൃത്തുക്കളുടെ മെസേജ് ആണല്ലോ?.അഛനും അമ്മയും ഇന്ന് സ്കൂളിൽ പോയി ലേ?
ഇതെപ്പോ?
- ഉം, പോയിരുന്നു.
- എന്തിന്? എന്തിന്?- പറയൂ
-എല്ലാം അഛൻ വന്നിട്ട് പറയും. 
ആരതിക്ക് പേടിയായി. അഛനോടെന്താ പറയുക?. എന്നെ അടിക്കുമോ? ചീത്ത പറയുമോ?
അന്നവൾ പിണങ്ങി. ഭക്ഷണപാനീയങ്ങളെല്ലാം ഉപേക്ഷിച്ചു.
അഛൻ വന്നു.
ഒന്നും പറഞ്ഞില്ല.
അന്ന് ആരതിക്ക് ഉറങ്ങാൻ കഴിഞില്ല

(തുടരും)

❤നടന്ന സംഭവങ്ങളുടെ വിവരണമാണെങ്കിലും കഥാപാത്രങ്ങളുടെ പേരുകൾ തികച്ചും സാങ്കൽപികമാണ്..
Previous Post Next Post
3/TECH/col-right