Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:ഡോ. മുഹമ്മദ് ഇസ്മാഈൽ എം

ഭാഗം ഒന്ന്

ശരൺ (സങ്കൽപ്പ പേര്) ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ചെറുപ്പത്തിലേ അവൻ്റെ അഛൻ അമ്മയെ വിവാഹമോചനം ചെയ്തു. അടുത്ത വീടുകളിൽ തൊഴിൽ ചെയ്തും തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുത്തുമാണ് അമ്മ കുടുംബം പുലർത്തുന്നത്. അമ്മയുടെ അഛൻ വിട്ടു നൽകിയ മൂന്ന് സെൻ്റിൽ ഷീറ്റ് കൊണ്ട് മറച്ച ഷീറ്റ് മേഞ്ഞ കൊച്ചു കുടിലിലാണ് താമസം.

ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നന്നെ പ്രയാസപ്പെടുന്ന അമ്മയ്ക്ക് മകൻ്റെ പഠനത്തിൽ ശ്രദ്ധിക്കാനോ വിദ്യാലയത്തിൽ പോകാനോ ശരണിൻ്റെ കൂട്ടുകെട്ടുകളെക്കുറിച്ച് ചിന്തിക്കാനോ നേരമുണ്ടായില്ല.
ശരൺ രാവിലെ വൈകി ഉണരുന്നു. അമ്മ ഏറെ വാശി പിടിച്ചും നിർബന്ധിച്ചുമാണ് അവനെ സ്കൂളിൽ വിടാറുള്ളത്. കുളിക്കാനോ പ്രാതൽ കഴിക്കാനോ അലസതയാണ്. ഓൺലൈൻ പഠനകാലത്ത് നാട്ടിലെ ക്ലബ് വക അവനൊരു ആൻഡ്രോയിഡ് മൊബൈൽ ഫോൺ ലഭിച്ചിരുന്നു. എഴുന്നേറ്റയുടൻ ഫോണിൽ തുടങ്ങുന്ന പ്രഭാതം പകലന്തിയോളം അവനെ അതിന് അഡിക്റ്റാക്കിയിരിക്കുന്നു. 

ക്ലാസുകൾ ഓഫ് ലൈനിലേക്ക് മാറി. പുസ്തകം വാങ്ങാൻ പണമില്ല. അമ്മയ്ക്ക് ചെലവിന് തന്നെ തികയണ്ടേ?!. ചോർന്നൊലിക്കുന്ന വീട് തന്നെ മേൽപ്പുര മാറ്റി മേയാനാകാതെ പ്രയാസപ്പെടുകയാണ്. അസുഖം വന്നാൽ പരമാവധി ആരെയും അറിയിക്കാതെയും നാടൻ ചികിത്സകൾ ചെയ്തുമാണ് അഡ്ജസ്റ്റ് ചെയ്യുന്നത്. ഇതൊന്നും അറിയാതെ, ശ്രദ്ധിക്കാതെ, ശരൺ വളരുകയാണ്.

അതിനിടെ, ഒരു ദിവസം പ്രാതൽ തയ്യാറാക്കിയ അമ്മ വിളമ്പിയത് ഇഡലിയും സാമ്പാറുമാണ്. സാമ്പാറിന് രുചിയില്ലെന്ന് പറഞ്ഞ് ശരൺ അമ്മയോട് ക്ഷോഭിച്ചു. അലക്കി ചുരുട്ടിയിട്ട വസ്ത്രമെടുത്ത് അണിഞ്ഞ് യൂണിഫോം അലസമായി ധരിച്ച് പ്രാതൽ കഴിക്കുന്നതിനിടെ അമ്മയോട് തട്ടിക്കയറി ഉച്ചത്തിൽ ചീത്ത പറയുകയാണ് ശരൺ. പതിനാലാം വയസിലെ അവൻ്റെ വികാരപ്രകടനവും അടുത്ത കാലത്ത് അവനിലുണ്ടായ സ്വഭാവമാറ്റങ്ങളും നിരീക്ഷിക്കാൻ അമ്മക്കു സാധിച്ചില്ല. വളരെ മോശം പ്രയോഗങ്ങൾ...മുലപ്പാൽ ചുരത്തിയ മാതൃഹൃദയത്തെ അപമാനിക്കുന്ന അധിക്ഷേപങ്ങൾ... 
അടങ്ങെടാ... ഒന്നടങ്ങ്. അമ്മയുടെ രോദനം ആ ചെവികളിലെത്തിയില്ല. രോഷം മൂത്ത് ഇഡലി പ്ലേറ്റ് എടുത്ത് അമ്മയ്ക്കു നേരെ വലിച്ചെറിഞ്ഞു. അമ്മയുടെ മുഖത്ത് പാത്രം കൊണ്ട് മുറിവേറ്റു. അമ്മ തറയിൽ അടിച്ചു വീണു. ശരൺ പുറത്തേക്കോടി.

ആർപ്പുവിളി കേട്ടെത്തിയ അയൽക്കാരിൽ ചിലർ അമ്മയെ പരിചരിച്ചു. വെള്ളം കൊടുത്തു. സമാധാനിപ്പിച്ചു. ഏതാനും പേർ ശരണിനെ പിന്തുടർന്നു.
ആളുകൾ പിറകെ കൂടിയപ്പോൾ ശരൺ റോഡിലേക്ക് കുതിച്ചു പാഞ്ഞു. നിരത്തിലൂടെ വേഗത്തിൽ വന്ന കാറിടിച്ച് ശരൺ നിലത്ത് വീണു. വാഹനത്തിൻ്റെ സഡൺ ബ്രേക്ക് നിമിത്തമാണ് വലിയ അപകടത്തിൽ നിന്നവൻ രക്ഷപ്പെട്ടത്. വീണിടത്ത് നിന്നെഴുന്നേറ്റ ശരൺ കൈയിൽ കിട്ടിയ കല്ല് കൊണ്ട് കാറിൻ്റെ മുൻഭാഗത്തെ ഗ്ലാസ് എറിഞ്ഞുടച്ചു. വാഹനത്തിലുണ്ടായിരുന്നവരും ഓടിക്കൂടിയ നാട്ടുകാരും അവൻ്റെ ഇരു കൈകളും പിറകിൽ കെട്ടി ജീപ്പിൽ കയറ്റി കുതിരവട്ടത്തേക്ക് കൊണ്ടുപോയി.

അമ്മ ഹൃദയം അപ്പോഴും ശരണിൻ്റെ വിശേഷങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. വിവരങ്ങളറിഞ്ഞ അമ്മ അവൻ്റെ അടുത്തെത്താൻ കൊതിച്ചു. പ്രാഥമിക ചികിത്സ കഴിഞ്ഞ് പാവപ്പെട്ട അമ്മ അവനെത്തേടി പോയി. അവിടത്തെ ക്ലിനിക്കിലായിരുന്നു ശരൺ. കൗൺസിലിങ്ങിനെത്തുടർന്ന് നാട് ഞെട്ടിയ ആ വാർത്ത പുറത്തു വന്നു. കഴിഞ്ഞ രണ്ട് വർഷമായി ശരൺ നിരവധി മയക്കുമരുന്ന് റാക്കറ്റുകളിലെ കണ്ണിയാണത്രെ. ആദ്യമൊക്കെ ചെറിയ രീതിയിലുള്ള ലഹരി വസ്തുക്കളുടെ കൈമാറ്റമായിരുന്നു. സുഹൃത്തുക്കളെ കണ്ണി ചേർത്താൽ വലിയ ഓഫറുകൾ അവന് കിട്ടിയിട്ടുണ്ട്. ഫോൺ, ബൈക്ക്, മറ്റ് സൗകര്യങ്ങളെല്ലാം... അവന് സന്തോഷമായി. തൻ്റെ ഇരകളെത്തിരക്കി സ്വപ്ന ലോകത്തേക്കവൻ സഞ്ചരിച്ചു തുടങ്ങി

 (തുടരും)
Previous Post Next Post
3/TECH/col-right