Trending

കക്കയം ഡാം തുറന്നു, ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളില്‍; ജാഗ്രതാ നിര്‍ദേശം.

കോഴിക്കോട് കക്കയം ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളില്‍ എത്തിയതിനെ തുടർന്നാണ് ഒരു ഷട്ടർ തുറന്നത്. സെക്കന്‍ഡില്‍ എട്ട് ക്യുബിക് മീറ്റര്‍ നിരക്കിലാണ് വെള്ളം പുറത്തേക്ക് വിടുന്നത്. കുറ്റിയാടി പുഴയിൽ 5 സെൻ്റീമീറ്റർ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. പുഴക്ക് ഇരു കരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം.


മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാൽ സംസ്ഥാനത്ത് കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നത് തുടരുകയാണ്. കക്കയം ഡാമും ഇടമലയാര്‍ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നത്തോടെ സംസ്ഥാനത്ത് ആകെ തുറന്ന അണക്കെട്ടുകളുടെ എണ്ണം 33 ആയി. നിരവധി അണക്കെട്ടുകൾ ഉള്ള പെരിയാറിൽ തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തുകയാണ്. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ നിന്ന് കൂടുതൽ ജലം ഇന്ന് പുറത്തേയ്ക്ക് ഒഴുക്കി. പാലക്കാട്, തൃശൂർ, വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ പുഴയോരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.

ഇടമലയാര്‍ ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് 350 ക്യുമെക്സ് വരെയാക്കി വര്‍ധിപ്പിക്കുന്നതിനാണ് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഇത്തരത്തില്‍ വെള്ളം ഒഴുക്കിവിടുന്നതിന് കെഎസ്ഇബിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇടമലയാര്‍ ഡാം തുറന്ന ശേഷവും പെരിയാറിലെ നീരൊഴുക്കില്‍ സാരമായ മാറ്റം ദൃശ്യമായിട്ടില്ല. ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിന്‍റെ ഫലമായി ജലനിരപ്പിലുള്ള വ്യത്യാസം വൈകിട്ടോടുകൂടി മാത്രമേ പ്രതിഫലിക്കുകയുള്ളൂ എന്നാണ് വിലയിരുത്തല്‍. ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള കൂടുതല്‍ വെള്ളവും വൈകിട്ടോടെ ജില്ലയില്‍ ഒഴുകിയെത്തും. ഉച്ചയ്ക്ക് 12 മുതല്‍ 1600 ക്യൂമെക്സിനും 1700 ക്യൂമെക്സിനുമിടയില്‍ വെള്ളമാണ് ഭൂതത്താന്‍കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്നത്. പെരിയാറിന്‍റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം.

Previous Post Next Post
3/TECH/col-right