Trending

സൗദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ വിശുദ്ധ കഅ്ബ കഴുകി.

മക്ക : പരിശുദ്ധ കഅബ കഴുകുന്ന പതിവ് ചടങ്ങ് നടന്നു. ഹറം സൂക്ഷിപ്പുകാരനും സൗദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇത്തവണ കഅ്ബ കഴുകല്‍ ചടങ്ങിന് നേതൃത്വം നല്‍കി.രാജകുമാരനൊപ്പം കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരനും ചടങ്ങില്‍ സംബന്ധിച്ചു. ഹറമിലെത്തിയ കിരീടാവകാശിയെ ഇരു ഹറം വകുപ്പ് കാര്യാലയ മേധാവി ശൈയ്ഖ് അബ്ദുല്‍റഹ്‌മാന്‍ അല്‍ സുദൈസ് സ്വീകരിച്ചു.

വിശുദ്ധ കഅ്ബക്കരികെ എത്തിയ കിരീടാവകാശി വിശുദ്ധ കഅ്ബയ്ക്ക് ചുറ്റും പ്രദക്ഷിണം നടത്തുകയും(ത്വവാഫ്) രണ്ട് റക്അത്ത് സുന്നത്ത് നമസ്‌ക്കരിച്ച് ശേഷം കഅബയുടെ ഉള്ളില്‍ പ്രവേശിച്ച് കഴുകല്‍ ചടങ്ങിന് നേതൃത്വം നല്‍കി. തുടര്‍ന്ന് രണ്ട് റക്അത്ത് നിസ്‌കരിച്ച് പ്രാര്‍ത്ഥന നടത്തി.
 
പതിവുപോലെ പനിനീര്‍, ഊദ്, മറ്റ് സുഗന്ധദ്രവ്യങ്ങള്‍ എന്നിവ സംസം വെള്ളവുമായി കൂട്ടികലര്‍ത്തിയ മിശ്രിതം ഉപയോഗിച്ചാണ് കഅ്ബ കഴുകിയത്. റോസാപ്പൂവിന്റെയും കസ്തൂരിയുടെയും ലായനിയില്‍ മുക്കിയ വെളുത്ത തുണികൊണ്ട് അകത്തെ ഭിത്തികള്‍ വൃത്തിയാക്കി. റോസ് പെര്‍ഫ്യൂം കലര്‍ന്ന സംസം വെള്ളം തറയില്‍ തളിക്കുകയും കൈയും ഈന്തപ്പനയും ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്തു. മുഹമ്മദ് നബിയുടെ മാതൃക പിന്‍പറ്റിയാണ് വിശുദ്ധ കഅ്ബ കഴുകുന്നത്.
Previous Post Next Post
3/TECH/col-right