ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സബ്‌സിഡി നിരക്കില്‍ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നല്‍കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍.
ഈ വര്‍ഷത്തെ ഓണം സമ്പന്നമാക്കാൻ ഭക്ഷ്യവകുപ്പ് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ വിപണി ഇടപെടലുകളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഓഗസ്റ്റ് 10 മുതല്‍ ഓണ കിറ്റ് വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു. കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ് ഉള്‍പ്പെടെ 14 ഇനം സാധനങ്ങളടങ്ങിയതാണ് സൗജന്യ ഓണക്കിറ്റ്.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണം മേളകള്‍ 27ന് ആരംഭിക്കും. സെപ്തംബര്‍ ആറുവരെ നീളുന്ന വില്‍പ്പനകേന്ദ്രങ്ങളിലൂടെ ഗുണനിലവാരമുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാക്കും. ജില്ലാ ആസ്ഥാനങ്ങളിലും മേള 27ന് തുടങ്ങും. എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ മേളകളും സംഘടിപ്പിക്കും. എല്ലാ നിയോജകമണ്ഡലത്തിലും സംസ്ഥാനത്തെ 500 സൂപ്പര്‍ മാര്‍ക്കറ്റിലും സെപ്തംബര്‍ ഒന്നുമുതല്‍ ചന്തകള്‍ തുടങ്ങും.
പച്ചക്കറി ഉള്‍പ്പെടെ ഇവിടെനിന്ന് ലഭിക്കും. സപ്ലൈകോ 1000 മുതല്‍ 1200 രൂപവരെ വിലയുള്ള പ്രത്യേക ഓണക്കിറ്റുകള്‍ വില്‍ക്കും. ഓരോ സൂപ്പര്‍ മാര്‍ക്കറ്റിലും കുറഞ്ഞത് 250 കിറ്റ് വില്‍ക്കും. ഓരോ 100 കിറ്റിലും ഒരു സമ്മാനം നല്‍കും. സംസ്ഥാനതലത്തില്‍ മെഗാ നറുക്കെടുപ്പ് നടത്തി സമ്മാനം നല്‍കാനും തീരുമാനമുണ്ട്.
Tags:
KERALA