പോസ്റ്ററുകളും , ബാലറ്റും ബാലറ്റ് പെട്ടികളും എന്തിന് എക്സിറ്റ് പോളും മടവൂർ എയുപി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായിരുന്നു. മത്സരാർത്ഥികളും അണികളും രംഗത്തിറങ്ങിയതോടെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ പൊടിപൊടിച്ചു. വെറും ആവേശത്തിനപ്പുറം വിദ്യാർത്ഥികളിൽ തെരഞ്ഞടുപ്പ് അവബോധം വളർത്തുന്നതിനുള്ള സ്കൂളിന്റെ ശ്രമം മികച്ച രീതിയിൽ നടപ്പായി. തെരഞ്ഞെടുപ്പിന്റെ ഒരു മാസം മുൻപേ ഒരുക്കങ്ങൾ ആരംഭിച്ചു.
സ്കൂൾ ലീഡർ , ഡെപ്യൂട്ടി ലീഡർ , ആർട്സ് ക്ലബ് സെക്രട്ടറി, സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി തുടങ്ങിയ സ്ഥാനത്തേക്കായി അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ നിന്നും 12 സ്ഥാനാർത്ഥികൾ മത്സര രംഗത്തിറങ്ങി. പുസ്തകം, സൈക്കിൾ , ആന, ഫുട്ബോൾ , ടി വി , കാർ ,ഷട്ടിൽ ബാറ്റ് , കസേര, ചെണ്ട, മൊബൈൽ ഫോൺ , ക്രിക്കറ്റ് ബാറ്റും ബോളും , ഷൂസ് എന്നീ ചിഹ്നങ്ങളായിരുന്നു സ്ഥാനാർത്ഥികൾക്ക് നൽകിയത് . സ്കൂൾ രജിസ്റ്റ്റിൽ പേരുള്ള മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥിക ൾക്കാണ് സമ്മതിദാന അവകാശം ഉണ്ടായിരുന്നത്.
വിജ്ഞാപനം, പത്രിക സമർപ്പണം, സൂക്ഷമ പരിശോധന, പത്രിക പിൻവലിക്കൽ , വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ ഘട്ടങ്ങളായാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. പ്രചരണ പരിപാടികളും , സ്ഥാനാർത്ഥികളും വിദ്യാർത്ഥികളും തമ്മിലുള്ള സംവാദ പരിപാടിയും മുഖാമുഖം വിദ്യാർത്ഥികളിൽ മത്സരാ വേശം ഉണർത്തി. വിദ്യാർത്ഥികൾ തന്നെയായിരുന്നു പ്രിസൈഡിംഗ് ഓഫിസർ , പോളിംഗ് ഓഫീസർ, ബൂത്ത് ഏജന്റ്, സെക്യൂരിറ്റി ഓഫിസർ തുടങ്ങിയ ചുമതലകൾ നിർവഹിച്ചത്. തിരിച്ചറിയൽ കാർഡുമായാണ് വിദ്യാർത്ഥികൾ വോട്ട് ചെയ്യാനെത്തിയത്. രാവിലെ 10:30 ന് ആരംഭിച്ച വോട്ട് ഉച്ചയ്ക്ക് 2:30 ന് അവസാനിച്ചു. തുടർന്ന് ഫലപ്രഖ്യാപനവും നടന്നു.
Tags:
EDUCATION