കോഴിക്കോട്:സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമായതോടെ സ്വയം ചികിത്സിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. പനി ലക്ഷണമുള്ളവർ ഡോക്ടറെ കാണാതെ മെഡിക്കൽ ഷോപ്പുകളിലെത്തി മരുന്ന് വാങ്ങിക്കഴിക്കുന്നത് വലിയ അപകടത്തിലേക്ക് നയിക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വൈറൽ പനി വ്യാപകമായതോടെയാണ് സ്വയംചികിത്സ വർധിച്ചത്.
മെഡിക്കൽ ഷോപ്പുകളിലെ മരുന്ന് വിൽപനയിൽ മൂന്നാഴ്ചക്കിടെ 40 ശതമാനത്തോളം വർധനയുണ്ടായതായാണ് കണക്ക്. പാരസെറ്റമോൾ, സിട്രസിൻ, അമോക്സിലിൻ, സൈനാറെസ്റ്റ്, വൈകോറിൻ, ആംബ്രോക്സോൾ സിറപ്പ്, നേസൽ ഡ്രോപ് തുടങ്ങിയ മരുന്നുകളുടെ വിൽപനയാണ് ഉയർന്നത്. കോവിഡിന്റെ ഒന്നാംഘട്ട സമയത്ത് ചെറിയ ലക്ഷണങ്ങളുള്ളവരും പരിശോധനക്കു വിധേയമായി ഡോക്ടറുടെ നിർദേശമനുസരിച്ചാണ് മരുന്ന് കഴിച്ചിരുന്നത്.
ഡോക്ടറുടെ അടുത്തുപോയാൽ കോവിഡ് പരിശോധനക്ക് വിധേയമാകേണ്ടിവരുമോ എന്ന ആശങ്കയാണ് പലരെയും സ്വയം ചികിത്സക്ക് പ്രേരിപ്പിക്കുന്നത്. ഡോക്ടറുടെ നിരീക്ഷണത്തിലല്ലാതെ മരുന്ന് കഴിക്കുന്നത് പലപ്പോഴും രോഗാവസ്ഥ സങ്കീർണമാക്കാറുണ്ടെന്ന് വിദഗ്ധർ പറയുന്നു. വൈറൽ പനി, കോവിഡ്, അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ എന്നിവയാണ് കൂടുതലായി ഇപ്പോൾ കാണപ്പെടുന്നത്. ഇത് ശരിയായി ചികിത്സിച്ചില്ലെങ്കിൽ ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയ അവസ്ഥയിലേക്ക് പോകുന്നതായി കാണാം. ഇത് ചികിത്സിച്ചു ഭേദപ്പെടുത്താൻ പിന്നീട് വലിയ ബുദ്ധിമുട്ടായി മാറുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്വയം ചികിത്സ മാത്രമല്ല, ഡോക്ടറെ കണ്ടതിനുശേഷം മരുന്നുകൾ ശരിയായി കഴിക്കാത്തതും ചില മരുന്നുകൾ മാത്രം കഴിക്കുന്നതും അവസ്ഥ സങ്കീർണമാക്കാറുണ്ട്.
Tags:
HEALTH